കാൻസറിനെ തടയാൻ പിങ്ക് കാരവൻ; കാണാം യാത്രാ വിശേഷങ്ങൾ

pink
SHARE

സ്തനാർബുദ ബോധവൽക്കരണവുമായി യുഎഇയിലെ എല്ലാ എമിറേറ്റുകളും പിന്നിട്ടു പിങ്ക് കാരവൻ. ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യന്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യാത്രയുടെ വിശേഷങ്ങളാണ് ഇനി കാണുന്നത്.

കാൻസറിനെ തടയാനും ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാനുമായാണ് യുഎഇയിൽ പിങ്ക് കാരവൻ യാത്ര സംഘടിപ്പിച്ചത്.  ഷാർജയിൽ തുടങ്ങി ഏഴ് എമിറേറ്റുകളും പിന്നിട്ടു രാജ്യതലസ്ഥാനമായ അബുദാബിയിൽ അവസാനിച്ച യാത്ര. സ്ത്രീകളിലും പുരുഷന്മാരിലും സ്തനാർബുദമടക്കമുള്ള മാരകരോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ നേടാനും അനുബന്ധ സാംക്രമിക രോഗങ്ങളെ അകറ്റുകയുമാണ് പിങ്ക് കാരവൻ യാത്രയുടെ ലക്ഷ്യം.

ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൌൺസിൽ അംഗവുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഭാര്യയും ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യന്റ്സിന്റെ സ്ഥാപകയും രക്ഷാധികാരിയുമായ ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ മേൽനോട്ടത്തിലായിരുന്നു പിങ്ക് കാരവൻ സംഘടിപ്പിച്ചത്.

350 ഡോക്ടർമാർ, മെഡിക്കൽ ജീവനക്കാർ, 150 വൊളന്റിയർമാർ, അശ്വാരൂഢർ, ബൈക്ക് യാത്രികർ എന്നിവർ പിങ്ക് കാരവൻ സംഘത്തിൻറെ ഭാഗമായി. ഓരോ എമിറേറ്റിലും 150 കിലോമീറ്റർ വീതമായിരുന്നു യാത്ര. പര്യടനത്തോടനുബന്ധിച്ച് ആശുപത്രികൾ, താൽക്കാലിക ക്ലിനിക്കുകൾ, മൊബൈൽ ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ സൗജന്യ പരിശോധനാ സൌകര്യം ഏർപ്പെടുത്തി. 8,316 സ്ത്രീകൾക്കും 2,761 പുരുഷന്മാർക്കും സൗജന്യ പരിശോധന ലഭ്യമാക്കി. ഇതിൽ 2,152 പേർ മാമോഗ്രാം ആവശ്യമായവരാണെന്നും കണ്ടെത്തി.  

പ്രവാസികളും സ്വദേശികളും പിങ്ക് കാരവൻ യാത്രയുടെ ഭാഗമായുള്ള സൌജന്യപരിശോധനയ്ക്കായെത്തി. 98 ശതമാനം സ്തനാർബുദവും തുടക്കത്തിൽ ചികിത്സയിലൂടെ ഭേദമാക്കാമെന്ന് പിങ്ക് കാരവൻ യാത്രയിലെ ബോധവത്കരണത്തിലൂടെ ഓർമിപ്പിക്കുന്നു. ക്രമമായ ചികിത്സയും ചിട്ടയായ ജീവിതരീതികളും പാലിച്ചാൽ മാത്രമേ രോഗം മാറുകയുള്ളൂവെന്നും ഡോക്ടർമാർ ഓർമപ്പെടുത്തുന്നു.

ഷാർജയിൽ കാൻസർ ഗവേഷണ കേന്ദ്രം ഉടൻ തുറക്കുമെന്ന ഭരണാധികാരിയുടെ പ്രഖ്യാപനത്തെ പ്രവാസികളടക്കമുള്ളവർ പ്രതീക്ഷയോടെയാണ് കാണുന്നത്. തുടർച്ചയായ പത്താം വർഷമാണ് പിങ്ക് കാരവൻറെ പര്യടനം. 2019 ൽ നടത്തിയ സൗജന്യ സ്തനാർബുദ പരിശോധനയിൽ 15 പേർക്ക് രോഗം കണ്ടെത്തുകയും ചികിത്സ നൽകുകയും ചെയ്തിരുന്നു. ഒൻപത് വർഷത്തിനിടയിൽ പുരുഷൻമാർ അടക്കം 64,012 പേർക്കു സൌജന്യ സേവനവും അതിലുമേറെപ്പേർക്കു ബോധവൽക്കരണവും നൽകാനായി.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...