കോവിഡ് 19; പ്രവാസലോകത്തെ പ്രതിരോധങ്ങൾ എങ്ങനെയൊക്കെ?

Gulf-This-Week-Covid-12-03-20
SHARE

ലോകമെമ്പാടും കോവിഡ് 19 പടരുകയാണ്. കൃത്യമായ നടപടികളുമായാണ് ഗൾഫ് രാജ്യങ്ങൾ കോവിഡ് 19 നെ പ്രതിരോധിക്കുന്നത്. ആശങ്കയല്ല പ്രതിരോധമാണ് വേണ്ടതെന്ന ഓർമപ്പെടുത്തലോടെ ഗൾഫ് ദിസ് വീക്കിൻറെ പുതിയ എപ്പിസോഡിലേക്കു കടക്കുന്നു. 

പ്രവാസലോകത്ത് കോവിഡ് 19 നെ ഓർത്ത് ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ല. പക്ഷേ, ചില മുൻകരുതലുകൾ, പ്രതിരോധമാർഗങ്ങൾ തീർച്ചയായും സ്വീകരിക്കേണ്ടതുണ്ട്. ലോകാരോഗ്യസംഘടനയുടേയും ആരോഗ്യ മന്ത്രാലയത്തിൻറേയം നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുള്ള ഡോക്ടർമാരുടെ വിശദീകരണമാണ് ആദ്യം.

കോവിഡ് 19

പ്രവാസലോകത്തെ പ്രതിരോധം

1. വ്യക്തിശുചിത്വം അത്യാവശ്യം

2. തൊഴിലിടങ്ങളിലെ മുൻകരുതലുകൾ

3. തൊഴിലാളി ക്യാംപിലുള്ളവർക്ക് നിർദേശം

4. വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്

5. പൊതുസ്ഥലങ്ങളിലെ മുൻകരുതലുകൾ

6. കുഞ്ഞുങ്ങളും കൊറോണ വൈറസും

7. കുഞ്ഞുങ്ങൾക്കു ഉമ്മ കൊടുക്കാമോ?

8. തെറ്റായ പ്രചരണങ്ങൾ ഒഴിവാക്കാം

9. ആശങ്കയല്ല ജാഗ്രതയാണ് മുഖ്യം

വിശുദ്ധ നഗരങ്ങളായ മക്കയും മദീനയും മുതൽ ഷോപ്പിങ് മാളുകളിലും ജോലി സ്ഥലങ്ങളിലുമെല്ലാം പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. യാത്രാ വിലക്ക് അടക്കമുള്ള നിയന്ത്രണങ്ങളെല്ലാം പ്രതിരോധത്തിൻറെ ഭാഗമാണ്. അതു മനസിലാക്കി സർക്കാർ നിർദേശങ്ങളോട് സഹകരിക്കുക.

ലോകാരോഗ്യസംഘടന മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾ കൃത്യമായി പാലിച്ചാണ് സൌദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നീ ആറു ഗൾഫ് രാജ്യങ്ങളും കോവിഡ് 19 നെ പ്രതിരോധിക്കുന്നത്. പ്രതിരോധത്തിൻറെ ഭാഗമായി ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഖത്തറും കുവൈത്തും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് താൽക്കാലിക പ്രവേശന വിലക്കേർപ്പെടുത്തി. ഇന്ത്യ, ഈജിപ്ത്, ഫിലിപ്പൻസ്, സിറിയ, ലെബനൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് കുവൈത്തിലേക്ക് താൽക്കാലിക വിലക്ക്. എല്ലാത്തരം വീസകളിലുള്ളവർക്കും കുവൈത്തിലേക്കു പ്രവേശനവിലക്കുണ്ട്. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്കു മറ്റു രാജ്യങ്ങൾ വഴി കുവൈത്തിലേക്കു പ്രവേശിക്കാനാകില്ല. സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും വിലക്ക് മാറ്റുന്ന കാര്യം പുനപരിശോധിക്കുന്നതെന്നു ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അൽ സാലെ അറിയിച്ചു. ഈ മാസം ഒൻപതു മുതലാണ് ഇന്ത്യയടക്കം പതിനാലു രാജ്യങ്ങളിൽ നിന്നുള്ളവർക്കു ഖത്തറിലേക്ക് താൽക്കാലിക യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഓൺഅറൈവൽ, റെസിഡൻസ് പെർമിറ്റ്,  വർക്ക് പെർമിറ്റ്, സന്ദർകർ തുടങ്ങിയ വീസയിലുള്ളവർക്കെല്ലാം വിലക്കു ബാധകമാണ്. യുഎഇ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്നും സൌദിയിലേക്കു പ്രവേശനവിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്കു ഈ രാജ്യങ്ങൾ വഴിയുള്ള കണക്ഷൻ ഫ്ളൈറ്റുകളിൽ സൌദിയിലേക്കു പ്രവേശിക്കാനാകില്ല. ഇത്തരത്തിൽ യാത്രാവിലക്കുകളും നിയന്ത്രണങ്ങളും തുടരുന്ന സാഹചര്യത്തിൽ അവധിക്കു നാട്ടിലേക്കു പോയ പ്രവാസികളടക്കമുള്ളവർ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ഇന്ത്യക്കാർക്കു സൌദിയിലേക്കു പ്രവേശിക്കണമെങ്കിൽ കോവിഡ് 19 ഇല്ലെന്നു വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നിലവിൽ അതു നിർബന്ധമാക്കിയിട്ടില്ലെന്നാണ് വിമാനത്താവളങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. അതേസമയം, ഗൾഫ് രാജ്യങ്ങളിലേയും ഇന്ത്യയിലേയും വിമാനത്താവളത്തിലെത്തുന്നവർ ആരോഗ്യവകുപ്പിനും എമിഗ്രേഷൻ അധികൃതർക്കും കൈമാറുന്ന വിവരങ്ങൾ സത്യസന്ധമായിരിക്കണം. ഏതൊക്കെ രാജ്യങ്ങൾ സന്ദർശിച്ചുവെന്നും ആരോഗ്യസംബന്ധമായ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും കൃത്യമായി നൽകണം.

കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ ലോകത്തിലെ ഏറ്റവും വലിയ തീർഥാടനകേന്ദ്രങ്ങളായ സൌദിയിലെ മക്കയിലും മദീനയിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉംറ തീർഥാടനത്തിനു താൽക്കാലിക വിലക്കേർപ്പെടുത്തിയാണ് പ്രതിരോധം ശക്തമാക്കിയത്. എല്ലാ ദിവസവും രാത്രി നമസ്കാരത്തിനു ശേഷം ഇരു ഹറമുകളും അടച്ചിടുന്നുണ്ട്. ശാസ്ത്രീയമായ രീതിയിൽ അണുവിമുക്തമാക്കിയശേഷം പുലർച്ചെ നമസ്കാരത്തിനായാണ് പിന്നീട് തുറക്കുന്നത്. സംസം വെള്ളം ഹറം പള്ളിക്കകത്ത് നിന്നും ശേഖരിക്കുന്നതിനും താല്‍ക്കാലിക വിലക്കേർപ്പെടുത്തി. പള്ളിയില്‍ പ്രാര്‍ഥനക്ക് ശേഷം തങ്ങുന്നതും ഭജനമിരിക്കുന്നതും നിരോധിച്ചു.  മദീനയിലെ റൌദ ഷരീഫ് അടക്കം പഴയ സ്ജിദും, ബഖീ ഖബർസ്ഥാനും അടച്ചിടാൻ തീരുമാനിച്ചതായി ഹറം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

സൌദി, യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടു. എന്നാൽ, എസ്എസ്എൽസി, സി.ബി.എസ്.സി പരീക്ഷകൾ കൃത്യമായ സുരക്ഷയൊരുക്കി സംഘടിപ്പിക്കുന്നുണ്ട്. പഠനം മുടങ്ങാതിരിക്കാൻ യുഎഇയും ബഹ്റൈനുമുൾപ്പെടെയുള്ള രാജ്യങ്ങൾ ഓൺലൈൻ പഠനസംവിധാനം ഒരുക്കിയിട്ടുണ്ട്. അതേസമയം, എല്ലാ ഗൾഫ് രാജ്യങ്ങളിലും സർക്കാർ, സ്വകാര്യ പൊതുപരിപാടികൾ റദ്ദാക്കി. കുവൈത്തിൽ സിനിമ തീയറ്ററുകൾ, കല്യാണമണ്ഡപങ്ങൾ, ഹോട്ടലുകളിലെ ഹാളുകൾ തുടങ്ങിയവ അടച്ചിട്ടു. ബാങ്കുകളടക്കമുള്ള സ്ഥാപനങ്ങളിൽ കൂട്ടം ചേർന്നുള്ള യോഗങ്ങൾ റദ്ദാക്കി. ഗ്ളോബൽ വില്ലേജ് അടക്കമുള്ള സ്ഥലങ്ങളിൽ പൊതുപരിപാടികൾ റദ്ദാക്കി. ദുബായ് ബോട്ട് ഷോ, ആർട് ദുബായ്, അബുദാബി രാജ്യാന്തര പുസ്തകമേള തുടങ്ങിയ കലാകായിക പരിപാടികളിൽ ചിലത് റദ്ദാക്കുകയും  നീട്ടിവയ്ക്കുകയും ചെയ്തു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരമാണ് ഗൾഫ് രാജ്യങ്ങളിലെ മന്ത്രാലയങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ലത്.

മേഖലയിൽ കോവിഡ് 19ൻറെ പ്രഭവകേന്ദ്രമായി ഇറാൻ മാറിയതോടെ ബഹ്റൈൻ, കുവൈത്ത് അടക്കമുള്ള രാജ്യങ്ങൾ ഇറാനിൽ നിന്നും പൌരൻമാരെ പ്രത്യേക വിമാനത്തിൽ തിരികെയെത്തിച്ചു. ഇവരെ മാറ്റിപ്പാർപ്പിച്ചാണ് വൈറസ് വ്യാപനം തടയുന്നത്. ഇറാൻ സന്ദർശിച്ചു മടങ്ങിയവർക്കാണ് ഗൾഫ് മേഖലയിൽ കൂടുതലും കോവിഡ് 19 സ്ഥിരീകരിച്ചത്. അതിനാലാണ് സന്ദർശിച്ച രാജ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അതാത് വിമാനത്താവളങ്ങളിലും ബന്ധപ്പെട്ടെ ആരോഗ്യവകുപ്പ് അധികൃതരേയും അറിയിക്കണമെന്നു നിർബന്ധമായും നിർദേശിക്കുന്നത്. തെറ്റായ വിവരങ്ങൾ നൽകുന്നവർക്ക് ഗൾഫിൽ കനത്ത ശിക്ഷയുണ്ടായിരിക്കും. ഒപ്പം സമൂഹമാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കും പിടിവീഴും. ബഹ്റൈനിൽ നിർദേശം ലംഘിച്ചു നിരീക്ഷണത്തിൽ കഴിയാത്തവർക്ക് മൂന്നു വർഷം തടവും 10,000 ദിനാർ, അതായത് 24 ലക്ഷം രൂപ വരെ  പിഴയും ചുമത്തും. സ്വയം ആരോഗ്യസുരക്ഷ ഒരുക്കുന്നതിനൊപ്പം സമൂഹത്തിനുകൂടി സുരക്ഷയൊരുക്കേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്തമാണ്. അതിൽ പ്രവാസിയെന്നോ പൌരനെന്നോ വ്യത്യാസമില്ല. മുൻകരുതലുകൾ പാലിക്കുക, പ്രതിരോധ നിയന്ത്രണങ്ങളോട് സഹകരിക്കുക, ജാഗ്രത പാലിക്കുക. അങ്ങനെ ആശങ്ക അകറ്റി കൊറോണ വൈറസിനെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് പ്രവാസലോകം.

സ്തനാർബുദ ബോധവൽക്കരണവുമായി യുഎഇയിലെ എല്ലാ എമിറേറ്റുകളും പിന്നിട്ടു പിങ്ക് കാരവൻ. ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യന്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യാത്രയുടെ വിശേഷങ്ങളാണ് ഇനി കാണുന്നത്.

കാൻസറിനെ തടയാനും ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാനുമായാണ് യുഎഇയിൽ പിങ്ക് കാരവൻ യാത്ര സംഘടിപ്പിച്ചത്.  ഷാർജയിൽ തുടങ്ങി ഏഴ് എമിറേറ്റുകളും പിന്നിട്ടു രാജ്യതലസ്ഥാനമായ അബുദാബിയിൽ അവസാനിച്ച യാത്ര. സ്ത്രീകളിലും പുരുഷന്മാരിലും സ്തനാർബുദമടക്കമുള്ള മാരകരോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ നേടാനും അനുബന്ധ സാംക്രമിക രോഗങ്ങളെ അകറ്റുകയുമാണ് പിങ്ക് കാരവൻ യാത്രയുടെ ലക്ഷ്യം.

ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൌൺസിൽ അംഗവുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഭാര്യയും ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യന്റ്സിന്റെ സ്ഥാപകയും രക്ഷാധികാരിയുമായ ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ മേൽനോട്ടത്തിലായിരുന്നു പിങ്ക് കാരവൻ സംഘടിപ്പിച്ചത്.

350 ഡോക്ടർമാർ, മെഡിക്കൽ ജീവനക്കാർ, 150 വൊളന്റിയർമാർ, അശ്വാരൂഢർ, ബൈക്ക് യാത്രികർ എന്നിവർ പിങ്ക് കാരവൻ സംഘത്തിൻറെ ഭാഗമായി. ഓരോ എമിറേറ്റിലും 150 കിലോമീറ്റർ വീതമായിരുന്നു യാത്ര. പര്യടനത്തോടനുബന്ധിച്ച് ആശുപത്രികൾ, താൽക്കാലിക ക്ലിനിക്കുകൾ, മൊബൈൽ ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ സൗജന്യ പരിശോധനാ സൌകര്യം ഏർപ്പെടുത്തി. 8,316 സ്ത്രീകൾക്കും 2,761 പുരുഷന്മാർക്കും സൗജന്യ പരിശോധന ലഭ്യമാക്കി. ഇതിൽ 2,152 പേർ മാമോഗ്രാം ആവശ്യമായവരാണെന്നും കണ്ടെത്തി.  

പ്രവാസികളും സ്വദേശികളും പിങ്ക് കാരവൻ യാത്രയുടെ ഭാഗമായുള്ള സൌജന്യപരിശോധനയ്ക്കായെത്തി. 98 ശതമാനം സ്തനാർബുദവും തുടക്കത്തിൽ ചികിത്സയിലൂടെ ഭേദമാക്കാമെന്ന് പിങ്ക് കാരവൻ യാത്രയിലെ ബോധവത്കരണത്തിലൂടെ ഓർമിപ്പിക്കുന്നു. ക്രമമായ ചികിത്സയും ചിട്ടയായ ജീവിതരീതികളും പാലിച്ചാൽ മാത്രമേ രോഗം മാറുകയുള്ളൂവെന്നും ഡോക്ടർമാർ ഓർമപ്പെടുത്തുന്നു.

ഷാർജയിൽ കാൻസർ ഗവേഷണ കേന്ദ്രം ഉടൻ തുറക്കുമെന്ന ഭരണാധികാരിയുടെ പ്രഖ്യാപനത്തെ പ്രവാസികളടക്കമുള്ളവർ പ്രതീക്ഷയോടെയാണ് കാണുന്നത്. തുടർച്ചയായ പത്താം വർഷമാണ് പിങ്ക് കാരവൻറെ പര്യടനം. 2019 ൽ നടത്തിയ സൗജന്യ സ്തനാർബുദ പരിശോധനയിൽ 15 പേർക്ക് രോഗം കണ്ടെത്തുകയും ചികിത്സ നൽകുകയും ചെയ്തിരുന്നു. ഒൻപത് വർഷത്തിനിടയിൽ പുരുഷൻമാർ അടക്കം 64,012 പേർക്കു സൌജന്യ സേവനവും അതിലുമേറെപ്പേർക്കു ബോധവൽക്കരണവും നൽകാനായി.

മലയാളികളടക്കമുള്ളവരുടെ നിത്യജീവിതത്തിൻറെ ഭാഗമാണ്പാലും പാലുൽപ്പന്നങ്ങളും. പ്രവാസലോകത്തെ പാലുൽപ്പാദന കേന്ദ്രങ്ങൾ, ഫാമുകൾ ഏറ്റവും അത്യാധുനികമാണ്. സാങ്കേതികവിദ്യകളായും പ്രവർത്തനങ്ങളാലും അൽഭുതപ്പെടുത്തുന്ന, കൌതുകം പകരുന്ന ഒരു ഫാമിലേക്കാണ് ഇനി യാത്ര.

പാൽ, തൈര്, ലബാൻ, ലസ്സി, ജ്യൂസ്.. ഈ ഉൽപ്പന്നങ്ങളിലേതെങ്കിലുമൊന്നു എല്ലാ പ്രവാസികളുടേയും നിത്യജീവിതത്തിൻറെ ഭാഗമാണ്. ഇവ ഉൽപ്പാദിപ്പിക്കുന്ന ഫാമുകൾ നാട്ടിലെ ഫാമുകളിൽ നിന്നും വ്യത്യസ്തമാണ്. നൂതന സാങ്കേതികവിദ്യകളുടെ പിൻബലത്തോടെയാണ് ഫാമുകളിലെ എല്ലാ പ്രവർത്തനങ്ങളും. കാര്യക്ഷമതയും ഉൽപ്പന്നങ്ങളുടെ ഗുണമേൻമയും പരിസര ശുചിത്വവും ഉറപ്പുവരുത്തിയാണ് ഫാമുകളുടെ പ്രവർത്തനം. ദുബായിൽ നിന്ന് 120 കി.മീ അകലെ അൽഐനിലെ നാഹേൽ റോഡരികിലെ മർമം ഫാമിലെ കാഴ്ചകളാണിത്.

20 ലക്ഷത്തോളം ചതുരശ്രമീറ്റർ വിസ്തീർണമുള്ള ഫാമിൽ ഹോൾസ്റ്റെയിൽ ഇനത്തിൽപ്പെട്ട 4200 പശുക്കളാണ് വളരുന്നത്. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത പുല്ലിനൊപ്പം ചോളം ഉൾപ്പടെ 16 ഇനം ധാന്യങ്ങളുമാണ് ഭക്ഷണം. ഊഷ്മാവ് ക്രമീകരിക്കാനും ചാണകം മാറ്റി വൃത്തിയാക്കാനുമെല്ലാം ആധുനിക സംവിധാനങ്ങൾ. വൃത്തിയാക്കാനുപയോഗിക്കുന്ന വെള്ളം പുനരുപയോഗിച്ചു തോട്ടം നനയ്ക്കാൻ പ്രയോജനപ്പെടുത്തുന്നുണ്ട്.

മർമം ഫാക്ടറിയിൽ ദിവസേന അഞ്ചുലക്ഷം ലീറ്റർ പാലും മൂല്യവർധിത ഉൽപ്പന്നങ്ങളും ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. റോട്ടറി മിൽക്കിങ് പാർലർ എന്ന സംവിധാനത്തിലൂടെയാണ് പശുക്കളിൽ നിന്നും പാൽ ശേഖരിക്കുന്നത്. റോട്ടറി മിൽക്കിങ് പാർലറിൽ നിന്ന് പാൽ വലിയ കുഴലുകൾ വഴി ചില്ലിങ് പ്ലേറ്റുകളിലൂടെ കടത്തിവിട്ട് ശീതീകരിച്ച് പ്ലാന്റുകളിൽ എത്തിക്കും. ഒരോ പ്രാവശ്യവും സംസ്കരണ യൂണിറ്റിലേക്ക് പാൽ കടത്തി വിട്ട ശേഷം പൈപ്പുകളും ടാങ്കുകളുമെല്ലാം ശാസ്ത്രീയമായി അണുവിമുക്തമാക്കും. പാലിൽ നിന്ന് കൊഴുപ്പ് പൂർണമായും വേർതിരിച്ച ശേഷം പിന്നീട് ഒരോ ഇനത്തിനും ആവശ്യാനുസരണം ചേർക്കുകയാണ് ചെയ്യുന്നത്.

.ഡെന്മാർക്കിൽ നിന്നെത്തിച്ച 250 പശുക്കളുമായി 1984ൽ ആണു മർമം ആരംഭിച്ചത്. വൻനിക്ഷേപം നടത്തി പത്തുവർഷത്തിനുള്ളിൽ വിപണിയിൽ 25 ശതമാനം വളർച്ച ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നകത്.

വിദ്യാർഥികൾക്ക് പശുപരിപാലനം അടുത്തറിയാനും പ്രകൃതിയെ തൊട്ടറിയാനുമുള്ള ഒരിടമായും മർമം ഫാം മാറാനൊരുങ്ങുകയാണ്. കുട്ടികൾക്കു കാർഷികമേഖലയോടു അടുപ്പം സൃഷ്ടിക്കാനുതകുന്ന പദ്ധതിയാണ് ആവിഷ്കരിക്കാനൊരുങ്ങുന്നത്. സാങ്കേതികവിദ്യകളുടെ സഹായത്തോടെ സമൂഹത്തിനു ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ ഉറപ്പുവരുത്തുകയെന്ന യുഎഇ സർക്കാരിൻറെ ലക്ഷ്യത്തോടു ചേർന്നു നിന്നാണ് മർമം ഫാമിൻറെ പ്രവർത്തനം

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...