കോവി‍ഡ് 19; നിയന്ത്രണങ്ങൾ ശക്തമാക്കി മക്കയും മദീനയും; യാത്രാവിലക്ക്

covid19
SHARE

വിശുദ്ധ നഗരങ്ങളായ മക്കയും മദീനയും മുതൽ ഷോപ്പിങ് മാളുകളിലും ജോലി സ്ഥലങ്ങളിലുമെല്ലാം പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. യാത്രാ വിലക്ക് അടക്കമുള്ള നിയന്ത്രണങ്ങളെല്ലാം പ്രതിരോധത്തിൻറെ ഭാഗമാണ്. അതു മനസിലാക്കി സർക്കാർ നിർദേശങ്ങളോട് സഹകരിക്കുക.

ലോകാരോഗ്യസംഘടന മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾ കൃത്യമായി പാലിച്ചാണ് സൌദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നീ ആറു ഗൾഫ് രാജ്യങ്ങളും കോവിഡ് 19 നെ പ്രതിരോധിക്കുന്നത്. പ്രതിരോധത്തിൻറെ ഭാഗമായി ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഖത്തറും കുവൈത്തും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് താൽക്കാലിക പ്രവേശന വിലക്കേർപ്പെടുത്തി. ഇന്ത്യ, ഈജിപ്ത്, ഫിലിപ്പൻസ്, സിറിയ, ലെബനൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് കുവൈത്തിലേക്ക് താൽക്കാലിക വിലക്ക്. എല്ലാത്തരം വീസകളിലുള്ളവർക്കും കുവൈത്തിലേക്കു പ്രവേശനവിലക്കുണ്ട്. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്കു മറ്റു രാജ്യങ്ങൾ വഴി കുവൈത്തിലേക്കു പ്രവേശിക്കാനാകില്ല. സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും വിലക്ക് മാറ്റുന്ന കാര്യം പുനപരിശോധിക്കുന്നതെന്നു ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അൽ സാലെ അറിയിച്ചു. ഈ മാസം ഒൻപതു മുതലാണ് ഇന്ത്യയടക്കം പതിനാലു രാജ്യങ്ങളിൽ നിന്നുള്ളവർക്കു ഖത്തറിലേക്ക് താൽക്കാലിക യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഓൺഅറൈവൽ, റെസിഡൻസ് പെർമിറ്റ്,  വർക്ക് പെർമിറ്റ്, സന്ദർകർ തുടങ്ങിയ വീസയിലുള്ളവർക്കെല്ലാം വിലക്കു ബാധകമാണ്. യുഎഇ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്നും സൌദിയിലേക്കു പ്രവേശനവിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്കു ഈ രാജ്യങ്ങൾ വഴിയുള്ള കണക്ഷൻ ഫ്ളൈറ്റുകളിൽ സൌദിയിലേക്കു പ്രവേശിക്കാനാകില്ല. ഇത്തരത്തിൽ യാത്രാവിലക്കുകളും നിയന്ത്രണങ്ങളും തുടരുന്ന സാഹചര്യത്തിൽ അവധിക്കു നാട്ടിലേക്കു പോയ പ്രവാസികളടക്കമുള്ളവർ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ഇന്ത്യക്കാർക്കു സൌദിയിലേക്കു പ്രവേശിക്കണമെങ്കിൽ കോവിഡ് 19 ഇല്ലെന്നു വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നിലവിൽ അതു നിർബന്ധമാക്കിയിട്ടില്ലെന്നാണ് വിമാനത്താവളങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. അതേസമയം, ഗൾഫ് രാജ്യങ്ങളിലേയും ഇന്ത്യയിലേയും വിമാനത്താവളത്തിലെത്തുന്നവർ ആരോഗ്യവകുപ്പിനും എമിഗ്രേഷൻ അധികൃതർക്കും കൈമാറുന്ന വിവരങ്ങൾ സത്യസന്ധമായിരിക്കണം. ഏതൊക്കെ രാജ്യങ്ങൾ സന്ദർശിച്ചുവെന്നും ആരോഗ്യസംബന്ധമായ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും കൃത്യമായി നൽകണം.

കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ ലോകത്തിലെ ഏറ്റവും വലിയ തീർഥാടനകേന്ദ്രങ്ങളായ സൌദിയിലെ മക്കയിലും മദീനയിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉംറ തീർഥാടനത്തിനു താൽക്കാലിക വിലക്കേർപ്പെടുത്തിയാണ് പ്രതിരോധം ശക്തമാക്കിയത്. എല്ലാ ദിവസവും രാത്രി നമസ്കാരത്തിനു ശേഷം ഇരു ഹറമുകളും അടച്ചിടുന്നുണ്ട്. ശാസ്ത്രീയമായ രീതിയിൽ അണുവിമുക്തമാക്കിയശേഷം പുലർച്ചെ നമസ്കാരത്തിനായാണ് പിന്നീട് തുറക്കുന്നത്. സംസം വെള്ളം ഹറം പള്ളിക്കകത്ത് നിന്നും ശേഖരിക്കുന്നതിനും താല്‍ക്കാലിക വിലക്കേർപ്പെടുത്തി. പള്ളിയില്‍ പ്രാര്‍ഥനക്ക് ശേഷം തങ്ങുന്നതും ഭജനമിരിക്കുന്നതും നിരോധിച്ചു.  മദീനയിലെ റൌദ ഷരീഫ് അടക്കം പഴയ സ്ജിദും, ബഖീ ഖബർസ്ഥാനും അടച്ചിടാൻ തീരുമാനിച്ചതായി ഹറം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

സൌദി, യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടു. എന്നാൽ, എസ്എസ്എൽസി, സി.ബി.എസ്.സി പരീക്ഷകൾ കൃത്യമായ സുരക്ഷയൊരുക്കി സംഘടിപ്പിക്കുന്നുണ്ട്. പഠനം മുടങ്ങാതിരിക്കാൻ യുഎഇയും ബഹ്റൈനുമുൾപ്പെടെയുള്ള രാജ്യങ്ങൾ ഓൺലൈൻ പഠനസംവിധാനം ഒരുക്കിയിട്ടുണ്ട്. അതേസമയം, എല്ലാ ഗൾഫ് രാജ്യങ്ങളിലും സർക്കാർ, സ്വകാര്യ പൊതുപരിപാടികൾ റദ്ദാക്കി. കുവൈത്തിൽ സിനിമ തീയറ്ററുകൾ, കല്യാണമണ്ഡപങ്ങൾ, ഹോട്ടലുകളിലെ ഹാളുകൾ തുടങ്ങിയവ അടച്ചിട്ടു. ബാങ്കുകളടക്കമുള്ള സ്ഥാപനങ്ങളിൽ കൂട്ടം ചേർന്നുള്ള യോഗങ്ങൾ റദ്ദാക്കി. ഗ്ളോബൽ വില്ലേജ് അടക്കമുള്ള സ്ഥലങ്ങളിൽ പൊതുപരിപാടികൾ റദ്ദാക്കി. ദുബായ് ബോട്ട് ഷോ, ആർട് ദുബായ്, അബുദാബി രാജ്യാന്തര പുസ്തകമേള തുടങ്ങിയ കലാകായിക പരിപാടികളിൽ ചിലത് റദ്ദാക്കുകയും  നീട്ടിവയ്ക്കുകയും ചെയ്തു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരമാണ് ഗൾഫ് രാജ്യങ്ങളിലെ മന്ത്രാലയങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ലത്.

മേഖലയിൽ കോവിഡ് 19ൻറെ പ്രഭവകേന്ദ്രമായി ഇറാൻ മാറിയതോടെ ബഹ്റൈൻ, കുവൈത്ത് അടക്കമുള്ള രാജ്യങ്ങൾ ഇറാനിൽ നിന്നും പൌരൻമാരെ പ്രത്യേക വിമാനത്തിൽ തിരികെയെത്തിച്ചു. ഇവരെ മാറ്റിപ്പാർപ്പിച്ചാണ് വൈറസ് വ്യാപനം തടയുന്നത്. ഇറാൻ സന്ദർശിച്ചു മടങ്ങിയവർക്കാണ് ഗൾഫ് മേഖലയിൽ കൂടുതലും കോവിഡ് 19 സ്ഥിരീകരിച്ചത്. അതിനാലാണ് സന്ദർശിച്ച രാജ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അതാത് വിമാനത്താവളങ്ങളിലും ബന്ധപ്പെട്ടെ ആരോഗ്യവകുപ്പ് അധികൃതരേയും അറിയിക്കണമെന്നു നിർബന്ധമായും നിർദേശിക്കുന്നത്. തെറ്റായ വിവരങ്ങൾ നൽകുന്നവർക്ക് ഗൾഫിൽ കനത്ത ശിക്ഷയുണ്ടായിരിക്കും. ഒപ്പം സമൂഹമാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കും പിടിവീഴും. ബഹ്റൈനിൽ നിർദേശം ലംഘിച്ചു നിരീക്ഷണത്തിൽ കഴിയാത്തവർക്ക് മൂന്നു വർഷം തടവും 10,000 ദിനാർ, അതായത് 24 ലക്ഷം രൂപ വരെ  പിഴയും ചുമത്തും. സ്വയം ആരോഗ്യസുരക്ഷ ഒരുക്കുന്നതിനൊപ്പം സമൂഹത്തിനുകൂടി സുരക്ഷയൊരുക്കേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്തമാണ്. അതിൽ പ്രവാസിയെന്നോ പൌരനെന്നോ വ്യത്യാസമില്ല. മുൻകരുതലുകൾ പാലിക്കുക, പ്രതിരോധ നിയന്ത്രണങ്ങളോട് സഹകരിക്കുക, ജാഗ്രത പാലിക്കുക. അങ്ങനെ ആശങ്ക അകറ്റി കൊറോണ വൈറസിനെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് പ്രവാസലോകം.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...