കൂടുതൽപ്പേർ വായനയുടെ ലോകത്തേക്ക്; ഷാർജയിൽ യൂസ്ഡ് ബുക്സ് മേള

bookfest
SHARE

വായിച്ച പുസ്തകങ്ങൾ വിലക്കുറവിൽ മറ്റു വായനക്കാരിലെത്തിച്ച് ഷാർജയിൽ യൂസ്ഡ് ബുക്സ് മേള. ലോകത്തിൻറെ പുസ്തകതലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട ഷാർജയിൽ നടന്ന പുസ്തകമേളയുടെ വിശേഷങ്ങളാണ് ഇനി കാണുന്നത്.

ഈ പുസ്തകങ്ങളിൽ പുതുമണമുണ്ടാകില്ല. പക്ഷേ, വായന നൽകുന്ന അറിവും അനുഭൂതിയുമുണ്ടാകും. ഷെൽഫുകളിലിരുന്നു പൊടിപിടിക്കാൻ അനുവദിക്കാതെ കൂടുതൽ പേർ വായനയുടെ ലോകത്തേക്കു കടന്നുവരാൻ അവസരമൊരുക്കിയാണ് ഷാർജ സിറ്റി ഫോർ ഹ്യുമാനിറ്റേറിയൻ സർവീസിൻറെ നേതൃത്വത്തിൽ യൂസ്ഡ് ബുക്ക്സ് മേള സംഘടിപ്പിച്ചത്. വായിക്കാൻ താത്‌പര്യമുള്ളവരേയും കൂടിയവിലയ്ക്ക് പുസ്തകങ്ങൾ വാങ്ങാൻ സാമ്പത്തികശേഷിയില്ലാത്തവർക്കുമായാണ് ഉപയോഗിച്ച പുസ്തകങ്ങളുടെ വിൽപ്പന.

ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പ്രത്യേക നിർദേശത്തിലാണ് കുറഞ്ഞവിലയ്ക്കുള്ള പുസ്തകവിൽപ്പന. രണ്ടു മുതൽ 20 ദിർഹം വരെ വിലയാണ് ഈടാക്കുന്നത്. അറബിക്, ഇംഗ്ലീഷ്, മലയാളം തുടങ്ങിയ ഭാഷകളിലെ പുസ്തകങ്ങളാണ് വായനക്കാർക്കു മുന്നിലെത്തിയത്. അതിൽ, കഥകളും കവിതകളും ജീവിതാനുഭവങ്ങളും ശാസ്ത്രവും മതവുമെല്ലാമുണ്ട്.

ഒരു പുസ്തകം നേടുക, വഴിയിൽ വെളിച്ചമാവുക എന്ന പ്രമേയത്തിലാണ് ഉപയോഗിച്ച പുസ്തകങ്ങൾ വായനക്കാരിലെത്തിക്കുന്നത്. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും ശേഖരിച്ച പുസ്തകങ്ങളാണ് യുഎഇയുടെ സാംസ്കാരിക നഗരിയിൽ വായനക്കാർക്കായി ഒരുക്കിയത്. പുസ്തകങ്ങൾ വാങ്ങാൻ മാത്രമല്ല, കഥപറയാനിടം ഒരുക്കിയും വിദ്യാർഥികൾക്കു സാംസ്കാരിക പരിപാടികളവതരിപ്പിക്കാൻ അവസരമൊരുക്കിയും ചിത്രകാരൻമാരുടേയും കാർട്ടൂണിസ്റ്റുകളുടേയും സംഗമമൊരുക്കിയുമാണ് പുസ്തകമേള ആകർഷകമാക്കുന്നത്.

ഷാർജ ഖാലിദ് ലെയ്കിലെ പാം ഗാർഡനിലാണ് ഏഴാം വർഷവും ഉപയോഗിച്ച പുസ്തകങ്ങൾക്കായുള്ള മേള സംഘടിപ്പിച്ചത്. വീട്ടിലെ വായനശാലകളിലേക്കും സമ്മാനങ്ങൾ നൽകാനുമൊക്കെയായി മലയാളികളടക്കം ആയിരങ്ങളാണ് പുസ്തകങ്ങൾ സ്വന്തമാക്കാനെത്തിയത്.  പുസ്തകങ്ങൾ വിറ്റുകിട്ടുന്ന പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ഇത്തവണ പത്തുലക്ഷം പുസ്തകങ്ങളാണ് മേളയിലെത്തിയത്. കഴിഞ്ഞവർഷം ഇത്തരം വിൽപ്പനയിലുടെ നേടിയ 3,86,230 ലക്ഷം ദിർഹം ഷാർജ സിറ്റി ഫോർ ഹ്യുമാനിറ്റേറിയന് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനായി കൈമാറി.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...