മക്കളുടെ സ്നേഹത്തണലിലേക്ക് പറന്നിറങ്ങി മാതാപിതാക്കൾ; സ്വപ്നസാഫല്യം

gulf
SHARE

മക്കളും ബന്ധുക്കളുമൊക്കെ ഗൾഫ് നാടുകളിൽ ജോലി ചെയ്യുമ്പോൾ അവർക്കൊപ്പം മനസുകൊണ്ടു പ്രവാസലോകത്തായിരിക്കുന്ന മാതാപിതാക്കൾ ഏറെയുണ്ട് കൊച്ചു കേരളത്തിൽ. മക്കൾക്കൊപ്പം പ്രവാസലോകത്തു താമസിക്കാൻ സാമ്പത്തികമടക്കം പലകാരണങ്ങളാൽ ബുദ്ധിമുട്ടുന്ന മാതാപിതാക്കളെ പ്രവാസലോകത്തെത്തിച്ചിരിക്കുകയാണ് അബുദാബി മലയാളി സമാജം. അങ്ങനെ ആറു പ്രവാസികളുടെ മാതാപിതാക്കൾ യുഎഇയിലെത്തിയ വിശേഷങ്ങളാണ് ആദ്യം കാണുന്നത്.

വർഷങ്ങളായി യുഎഇയിൽ ഹെൽപ്പറായി ജോലി ചെയ്യുന്ന കോട്ടയം കഞ്ഞിക്കുഴി സ്വദേശി ബിനു രാജപ്പന് മാതാപിതാക്കളെ ഈ പ്രവാസലോകത്തെ മനോഹരകാഴ്ചകൾ കാണിക്കണമെന്നത് ജീവിതാഗ്രഹമായിരുന്നു. സാമ്പത്തികം അതിനു തടസമായപ്പോഴാണ് അബുദാബി മലയാളി സമാജത്തിന്റെ സ്നേഹ സ്പർശം പദ്ധതി സ്വപ്നസാഫല്യത്തിനു വഴിതുറന്നത്. അച്ഛൻ രാജപ്പൻ പ്രവാസലോകത്തെത്തി മകനെ കണ്ടു. മെച്ചപ്പെട്ട ജീവിതമൊരുക്കാൻ സഹായിക്കുന്ന ഈ മണ്ണിലൂടെ മകനേയും ചേർത്തു പിടിച്ചു കാഴ്ചകൾ കണ്ടു. ഭക്ഷണം കഴിച്ചു. ഒന്നിച്ചു താമസിച്ചു.

സ്നേഹസ്പർശം പദ്ധതിയിലൂടെ മക്കളുടെ സ്നേഹത്തണലിലേക്ക് പറന്നിറങ്ങുകയായിരുന്നു മാതാപിതാക്കൾ. കുറഞ്ഞ വരുമാനക്കാരായ പ്രവാസികളുടെ മാതാപിതാക്കളെ സൗജന്യമായി യുഎഇയിലെത്തിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായി പതിനൊന്നുപേരാണ് കേരളത്തിൻറെ വിവിധയിടങ്ങളിൽ നിന്നും യുഎഇയിലെത്തിയത്. ഇവരുടെ യാത്രാ, താമസം, ഭക്ഷണച്ചെലവുകളെല്ലാം അബുദാബി മലയാളി സമാജമാണ് വഹിച്ചത്.

കേരളത്തിലെ പൊള്ളുന്ന ചൂടിൽ നിന്നും അബുദാബിയിലെ തണുപ്പിലേക്കെത്തിയ മാതാപിതാക്കളുടെ മനസ് മക്കളുടെ സാമിപ്യത്താൽ നിറഞ്ഞ കാഴ്ച വൈകാരികമായിരുന്നു. ആദ്യമായിട്ടായിരുന്നു പലരുടേയും വിമാനയാത്രയും ഗൾഫ് യാത്രയും. ജീവിതത്തിൽ ആദ്യമായി പാൻറ്സ് ധരിച്ച എൺപത്തിയൊന്നുകാരൻ പട്ടാമ്പി വിളത്തൂർ സ്വദേശി അബ്ദുല്ലക്കുട്ടിയും സംഘത്തിലുണ്ട്.

67 മുതൽ 81 വയസ് വരെ പ്രായമുള്ളവരാണ് സംഘത്തിലുള്ളത്.  പ്രവാസലോകത്ത് സഹിഷ്ണുതയും സ്നേഹവുമാണ് കൈമുതലെന്ന ഓർമപ്പെടുത്തലോടെ പ്രായമായ മാതാപിതാക്കൾക്കു സമ്മാനങ്ങൾ നൽകാനായി നിരവധി പ്രവാസികളാണ് ഇവരെ കാണാനെത്തുന്നത്.

ദുബായ്  ബുർജ് ഖലീഫ,അലൈൻ ജബൽ ഹഫീത് മലനിരകൾ ,അബുദാബി ഷെയ്ഖ് സയീദ് ഗ്രാൻറ് മോസ്ക്, ദുബായ് സിറ്റി ടൂർ ,ഡെസേർട് സഫാരി തുടങ്ങി പച്ചപ്പും തണുപ്പുമുള്ള യു.എ.ഇയിലെ കാഴ്ച്ചകൾ നാട്ടിൽ നിന്നെത്തിയവർക്ക് വിസ്മയിപ്പിക്കുന്ന ജീവിതാനുഭവങ്ങളായി.  പ്രായം തടസ്സമല്ലെന്നും അവസരം കിട്ടിയാൽ വീണ്ടും ദുബായിലേക്ക്  വരണം എന്നും ഇവർ ആഗ്രഹിക്കുന്നു. 

വാർത്തകളിലും ചിത്രങ്ങളിലുമൊക്കെ മാത്രം കണ്ടു പരിചയമുള്ള മനോഹര കാഴ്ചകൾ മക്കൾക്കൊപ്പം നേരിട്ടുകാണാനായതിൻറെ വൈകാരികമായ സന്തോഷത്തിലായിരുന്നു മാതാപിതാക്കൾ. അതിനു അവസരമൊരുക്കിയതിൻറെ ചാരിതാർഥ്യത്തിലാണ് മലയാളി സമാജം അധികൃതർ.

കാഴ്ച കാണുന്നതിനൊപ്പം കേട്ടുമാത്രം പരിചയമുള്ള അറബ് ഭക്ഷണവിഭവങ്ങളാസ്വദിക്കാനും ഈ മാതാപിതാക്കൾക്ക് അ വസരമൊരുക്കി. അമ്മ വച്ചുവിളമ്പിയ ഭക്ഷണത്തിൻറെ സ്വാദ് ഓർമകളിലുള്ളതിനാലാകാം പ്രവാസലോകത്ത് മാതാപിതാക്കൾക്കൊപ്പം കണ്ണുനിറഞ്ഞായിരുന്നു പല മക്കളും ഭക്ഷണം കഴിച്ചത്. 

മാതാപിതാക്കൾക്ക് ചിരിയും ചിന്തയും പകർന്ന് നൽകി ആർ.ജെ. നിയാസ് സംഘത്തിനൊപ്പമുണ്ടായിരുന്നു. മലയാളി സമാജത്തിന്റെ വർഷികാഘോഷങ്ങളുടെ ഭാഗമായാണ്, ദീർഘകാലമായി ചെറിയ വരുമാനത്തിൽ ജോലി ചെയ്യുന്ന മലയാളികളായ പ്രവാസികൾക്ക് മാതാപിതാക്കളെ യു.എ.ഇയിലേക്ക് കൊണ്ടുവരാൻ അവസരമൊരുക്കിയത്.വരും വർഷങ്ങളിലും ഇത്തരം പ്രവർത്തങ്ങൾ തുടരുമെന്നും സമാജം അധികൃതർ ഉറപ്പുനൽകുന്നു.

സെൽഫി ഹരമായവർക്ക് ഇവിടെ വരാം; ഇതാ ഒരു സെൽഫി സാമ്രാജ്യം

ദുബായിലെ സെൽഫി രാജ്യത്തേക്കാണ് ഇനി യാത്ര. സന്ദർശകരാണ് ഇവിടത്തെ രാജാവും രാജ്ഞിയും രാജകുമാരിയുമെല്ലാം. സെൽഫ് ഹരം പിടിച്ചവർക്കായി സെൽഫി കിങ്ഡത്തിലെ വിശേഷം കാണാം ഇനി.

സമൂഹമാധ്യമങ്ങൾ സെൽഫികളാൽ നിറയുന്ന കാലത്ത് സെൽഫി സാമ്രാജ്യമൊരുക്കിയിരിക്കുകയാണ് ദുബായ് നഗരത്തിൽ. സെൽഫി ഹരമായവർക്കും ഫോട്ടോഗ്രാഫി കമ്പമുള്ളവർക്കും കൊതിതീരുവോളം ചിത്രങ്ങളെടുക്കാനൊരിടം. അതാണ് മോട്ടോർ സിറ്റിയിലെ സെൽഫി കിങ്ഡം. ഐസ്ക്രീം മുതല്‍ മേഘകൂട്ടങ്ങള്‍ വരെ പശ്ചാത്തലമാക്കി ഈ സെല്‍ഫി സാമ്രാജ്യത്തില്‍ ഫോട്ടോയെടുക്കാം. 3000 ചതുരശ്ര അടിയിൽ  പതിനഞ്ചു മുറികളാണ് ഈ രാജ്യത്തുള്ളത്. രാജാവിൻറെ സിംഹാസനം പിന്നിട്ടാൽ പിങ്ക് മുറിയിലേക്കു പ്രവേശിക്കാം. അവിടെ നിന്നാണ് വ്യത്യസ്തവും സമൂഹമാധ്യമത്തിൽ ലൈക്കുകളേറെ കിട്ടാവുന്നതുമായ സെൽഫികളിലേക്കുള്ള പ്രവേശനം. 

ചെമ്പനീർപ്പൂവിതളുകൾ വീണു കിടക്കുന്ന പശ്ചാത്തലത്തിലും ഐസ്ക്രീം നുണഞ്ഞു കൊണ്ടും കിരീടം വച്ച് സിംഹാസനത്തിലിരുന്നും സെൽഫിയെടുക്കാം. സ്വർഗത്തിലിരുന്നും മേഘപാളികൾക്കിടയിൽ നിന്നും കിടന്നും ചരിഞ്ഞുമൊക്കെ സെൽഫിക്കു പോസ് ചെയ്യാം. ചിത്രകാരൻ വാൻഗോവിന്റെ ഫ്രാൻസിലെ മഞ്ഞ വീടിന്റെ പശ്ചാത്തലവും ഇവിടുണ്ട്.  ത്രിമാനം പോലെ തോന്നിക്കുന്ന ഇവിടെ നിന്നുമെടുക്കുന്ന ചിത്രങ്ങൾക്കു മിഴിവേറേ. 

ജോര്‍ഡാന്‍ സ്വദേശിയായ റാണിയ നഫയാണ് സെല്‍ഫികിങ്ഡത്തിന്റെ ഉപഞ്ജാതാവ്. ഈ രാജ്യത്തെത്തുന്നവരെല്ലാം സന്തോഷത്തോടെ മടങ്ങണമെന്നു നിർബന്ധമുള്ളതിനാൽ ചീഫ് ഹാപ്പിനസ് ഓഫീസറെന്ന സ്ഥാനമാണ് റാണിയ വഹിക്കുന്നത്. അഭിനയം വശമുള്ളവർക്കു വിമാനത്തിൽ നിന്നും വീഴുന്നതടക്കം ഞെട്ടിപ്പിക്കുന്ന സെൽഫികൾക്കും അവസരമൊരുക്കിയിട്ടുണ്ട്. 

സെല്‍ഫിയെടുക്കാൻ മാത്രമല്ല, ഓഫീസിലെ പതിവു അന്തരീക്ഷത്തിൽ നിന്നും മാറി സന്തോഷം പകരുന്ന സാഹചര്യത്തിലിരുന്നു ജോലി ചെയ്യാൻ താൽപര്യമുള്ളവർക്കും ഇവിടേക്കു സ്വാഗതം. അതിനായി പ്രത്യേക ഇരിപ്പിടവും ഇൻറർനെറ്റ് സംവിധാനവും സജ്ജമാക്കിത്തരും. 

ആദ്യമായാണ് യുഎഇയിൽ ഇത്തരമൊരിടം ഒരുക്കിയിരിക്കുന്നത്. ഒരുമാസം പിന്നിടുമ്പോൾ വിവാഹ ഫോട്ടോ ഷൂട്ടിനു വരെ വേദിയായിരിക്കുകയാണ് സെൽഫി കിങ്ഡം. മണിക്കൂറിനു അൻപത്തിയഞ്ചു ദിർഹമാണ് ഇവിടേക്കുള്ള പ്രവേശന നിരക്ക്. സമൂഹമാധ്യമങ്ങളിൽ സെൽഫി പോസ്റ്റ് ചെയ്തു വൈറലാക്കുകയെന്നതിനപ്പുറം സന്തോഷത്തോടെ സമയം പങ്കിടാൻ ഒരിടം എന്നതാണ് ഈ കൌതുകകരമായ സെൽഫി സാമ്രാജ്യം കൊണ്ടുദ്ദേശിക്കുന്നത്.

കണ്ണുചിമ്മുന്ന വേഗത്തിൽ മാറിമറിയുന്ന സാങ്കേതിക വിദ്യ; 'ഉമെക്സ 2020'

ഭാവി സാങ്കേതിക വിദ്യകളുടെ നേർക്കാഴ്ചയാണ് അബുദാബി വേദിയായ ഉമെക്സ് 2020 ഒരുക്കിയത്. ഡ്രൈവറില്ലാ വാഹനങ്ങൾ മുതൽ സൈനികസേവനത്തിനുപയോഗിക്കുന്ന സാങ്കേതികവിദ്യകൾ വരെ പരിചയപ്പെടുത്തുന്ന ഉമെക്സിലെ കാഴ്ചകളാണ് ഇനി കാണുന്നത്. കണ്ണുചിമ്മുന്ന വേഗത്തിൽ മാറിമറിയുന്ന സാങ്കേതിക വിദ്യകളുടെ ലോകത്തെ ഭാവിയെ പരിചയപ്പെടുത്തുകയാണ് ഉമെക്സ് 2020. കരയിലും കടലിലും ആകാശത്തും ആളില്ലാതെ പടനയിക്കുന്ന യുദ്ധോപകരണങ്ങളുടേയും സ്വയം നിയന്ത്രിത വാഹനങ്ങളുടെയും വലിയ നിര വിസ്മയിപ്പിക്കുന്നതാണ്. 

അതിസൂക്ഷ്മമായി ആകാശത്തുനിന്നും കാഴ്ചകൾ സമ്മാനിക്കുന്ന ക്യാമറാ ഡ്രോണുകൾ, റോക്കറ്റ് ലോഞ്ചറുകൾ, യന്ത്രത്തോക്കുകൾ ഘടിപ്പിച്ച കൂറ്റൻ വാഹനങ്ങൾ, വിമാനത്തിലെ ബ്ളാക് ബോക്സുകൾ തുടങ്ങി വാർത്തകളിലൂടെ മാത്രം പരിചയപ്പെട്ട സാങ്കേതികവിദ്യകൾ അടുത്തറിയാനും മനസിലാക്കാനും അവസരം.  തോക്കും ബോംബും വഹിക്കുന്ന ചെറു വാഹനങ്ങൾ മുതൽ ആളില്ലാ വിമാനങ്ങളും ബോട്ടുകളും നേരിട്ടുകാണാം.   

എത്ര ദൂരെനിന്നും ശത്രുക്കളുടെ ചലനങ്ങൾ വീക്ഷിക്കാൻ സഹായിക്കുന്ന ഏരിയൽ ക്യാമറകൾ, രാജ്യങ്ങളുടെ അതിർത്തികളിലേയും തന്ത്രപ്രധാന ഭാഗങ്ങളിലെയും സുപ്രധാന സൈനിക നീക്കങ്ങൾക്ക് ഉപയോഗിക്കുന്ന കുഞ്ഞൻ ഡ്രോണുകൾ മുതൽ ശത്രു സൈന്യത്തെയും രാജ്യത്തെയും പാടേ തകർക്കുന്ന അത്യാധുനിക പോർ വിമാനങ്ങൾ വരെ മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. റോഡിൽ ട്രാക്ക് മാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഓവർ സ്‌പീഡ്‌ കൺട്രോളിങ് തുടങ്ങി റോഡ് നിയമങ്ങൾ പാലിക്കാൻ ഓർമപ്പെടുത്തുന്ന ആശയങ്ങളും കണ്ടുപിടിത്തങ്ങളും മേളയുടെ ഭാഗമാണ്. 

പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്നതിനും  റോഡ് നിയമങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണത്തിനുമായി അബുദാബി പോലീസിന്റെ പുതിയ പോലീസ് വാഹനവും മേളയിൽ പരിചയപ്പെടുത്തി. 30 രാജ്യങ്ങളിൽ നിന്നുള്ള നൂറ്റിഅറുപത്തിമൂന്നോളം പ്രദർശകരാണ് അബുദാബി  നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ 25,500 ചതുരശ്ര മീറ്ററിൽ ഒരുക്കിയ പ്രദർശനത്തിൻറെ ഭാഗമായത്. 

അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ്  മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് ഉമെക്സ് പ്രദർശനം. അറുനൂറോളം സെമിനാറുകളും സമ്മേളനങ്ങളും പ്രദർശനത്തോടനുബന്ധിച്ചു സംഘടിപ്പിച്ചു. സാങ്കേതികവിദ്യകളുടെയും പദ്ധതികളുടേയും കൈമാറ്റങ്ങൾക്കായി ലക്ഷക്കണക്കിനു ദിർഹത്തിൻറെ ഇടപാടുകളും മേളയോടനുബന്ധിച്ചു നടന്നു.

വിസ്മയങ്ങളൊരുക്കി ഗ്ളോബൽ വില്ലേജിലെ സർക്കസ് കൂടാരം

ലോകം ആഗോളഗ്രാമമായി ചുരുങ്ങുന്ന ദുബായ് ഗ്ളോബൽ വില്ലേജിലെ ഇത്തവണത്തെ പ്രധാനപരിപാടികളിലൊന്നാണ് സർക്കസ്. എല്ലാ വിഭാഗം ജനങ്ങളേയും ഒരുപോലെ ആകർഷിക്കുന്ന സർക്കസ് വിശേഷങ്ങളും കാഴ്ചകളുമാണ് ഇനി കാണുന്നത്.

ലോകത്തിൻറെ എല്ലായിടങ്ങളിലും ആരാധകരുള്ള കലാപ്രകടനമാണ് സർക്കസ്. എല്ലാ രാജ്യക്കാരും സന്ദർശിക്കുന്ന ദുബായ് ഗ്ളോബൽ വില്ലേജിൽ എല്ലാവിഭാഗം ജനങ്ങളേയും ആകർഷിക്കുകയാണ് സർക്കസ് സർക്കസ്. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയും വിസ്മയിപ്പിച്ചും ചിരിപ്പിച്ചും സന്ദർശകരെ കയ്യിലെടുക്കുകയാണ് സർക്കസ് ടീം. 

ഇംഗ്ളണ്ട് സ്വദേശിയായ റിങ് മാസ്റ്റർ കെസ്റ്ററിൻറെ നേതൃത്വത്തിൽ പതിനാലംഗ സംഘമാണ് ഗ്ളോബൽ വില്ലേജിലെ സർക്കസ് കൂടാരത്തിൽ വിസ്മയങ്ങളൊരുക്കുന്നത്. യുക്രേനിയൻ ആക്രോബാറ്റിക്സാണ് ഈ സീസണിലെ പ്രധാന ആകർഷണം.റോപ്പിനു മുകളിലൂടെ സൈക്കിളോടിച്ചും നൃത്തം ചവുട്ടിയും പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയാണ് ആക്രോബാറ്റ് സർക്കസ് വിസ്മയിപ്പിക്കുന്നത്. 

ഉയരത്തിൽ വലിച്ചു നീട്ടിയ റോപ്പിലൂടെ കണ്ണുകെട്ടി നടക്കുകയും സൈക്കിൾ ചവുട്ടുകയും ചെയ്തു വരുന്ന യുക്രെയ്ൻ കലാകാരനു പ്രായഭേദമന്യേ എല്ലാവരുടേയും നിറഞ്ഞ കയ്യടി.

കാണികളിലേക്കു പന്തെറിഞ്ഞും കുട്ടികളുടെ അടുത്തെത്തി ചിരിപ്പിച്ചും ജോക്കർമാർ കളം നിറയുന്ന കാഴ്ച. ചാടിത്തിമിർത്തും  ചാട്ടം പിഴച്ചും ജോക്കർമാർ കാണികളായ കുരുന്നുകളെ കയ്യിലെടുത്തു.

മരണക്കിണറിനു സമാനമായ ചെറിയ ഗ്ളോബിനുള്ളിലൂടെ ചീറിപ്പായുന്ന ബൈക്കുമായി മറ്റോരു കലാകാരൻ. ജീവൻമരണപ്പോരാട്ടമെന്നു വിശേഷിപ്പിക്കാവുന്ന കലാപ്രകടനം.

ചടുലമായ നൃത്തച്ചുവടുകളിലൂടെയും അസാമാന്യമായ മെയ്വഴക്കത്തിലൂടെയും ഇവർ സർക്കസ് കൂടാരം സജീവമാക്കുകയാണ്.  വിവിധ രാജ്യാക്കാരായ കുട്ടികളും മുതിർന്നവരുമെല്ലാം ഒരേ മനസോടെ ആഘോഷത്തോടെയാണ് സർക്കസ് വീക്ഷിക്കുന്നത്.

നാലാം തവണയാണ് ഗ്ളോബൽ വില്ലേജിൽ സർക്കസ് കൂടാരമുയരുന്നത്. പക്ഷേ ഇത്തവണയാണ് അതിനു മാറ്റു കൂടുതലെന്നു റിങ് മാസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു.

റഷ്യ, യുക്രെയ്ൻ, ഇംഗ്ളണ്ട്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സംഘം ഒക്ടോബറിലാണ് ദുബായിലെത്തിയത്.  രണ്ടാഴ്ചത്തെ പരിശീലനത്തിനു ശേഷമാണ് ഇടവേളകളില്ലാതെ ആറു മാസം നീളുന്ന ഗ്ളോബൽ വില്ലേജിലെ സന്ദർശകരെ വിസ്മയിപ്പിക്കുന്നത്.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...