ചിത്രശലഭങ്ങളുടെ പിന്നാലെ ചിത്രങ്ങളും കവിതകളുമായി പ്രവാസിമലയാളികൾ

GTW-Butterfly-03
SHARE

ചിത്രശലഭങ്ങളുടെ പിന്നാലെ ചിത്രങ്ങളും കവിതകളുമൊക്കെയായി രണ്ടു പ്രവാസിമലയാളികൾ. കൊല്ലം സ്വദേശികളായ രാധികയും മനുവും ഒരുക്കിയ ശലഭക്കാഴ്ചയാണ് ഇനി കാണുന്നത്.

പ്രകൃതിയുടെ വിസ്മയങ്ങളായ ചിത്രശലഭങ്ങൾ രഹസ്യങ്ങളുടെ കലവറ കൂടിയാണെന്നു ഓർമപ്പെടുത്തുന്ന പ്രദർശനമാണ് കൊല്ലം സ്വദേശികളായ രാധിക റാണി, മനു രഘുരാജൻ എന്നിവർ ഒരുക്കുന്നത്. അഴകിൻറെ അറിവ് വിടർത്തുന്ന ശലഭച്ചിറകുകൾ കണ്ടു മനസിലാക്കാൻ അവസരം.

വിഷച്ചെടിയായ അരളി തിന്നുന്നവ, ചൊറിതന ഇലയിൽ മുട്ടയിടുന്നവ, കാച്ചിൽ ഇല ഇഷ്ടപ്പെടുന്നവ, കുരങ്ങിൻറെ രൂപസാദൃശ്യമുള്ളവ, ശത്രുക്കളെ പറ്റിക്കാൻ വേഷം മാറുന്നവ...അങ്ങനെ നൂറു നൂറു ശലഭ രഹസ്യങ്ങൾ ചിറകു വിടർത്തുകയാണ് ദുബായ് കാർട്ടൂൺ ആർട്ട് ഗ്യാലറിയിൽ.

വീട്ടുമുറ്റത്തു കാത്തിരുന്നു രാധിക പകർത്തിയ 15 ചിത്രങ്ങൾ, ചിത്രശലഭ പെയിൻറിങ്ങുകൾ, ശലഭകവിതകൾ അങ്ങനെ ശലഭമയമാണ് പ്രദർശനവേദി. പരിസ്ഥിതിയിലെ മാറ്റങ്ങൾ കാരണവും വീട്ടു മുറ്റം പോലും കോൺക്രീറ്റ് ഇട്ട് നശിപ്പിക്കുന്നതു കൊണ്ടും അന്യം നിന്നു പോകുന്ന ശലഭ ജീവിതങ്ങളെക്കുറിച്ചാണ് രാധിക ഒരോ ചിത്രങ്ങളിലൂടെയും വ്യക്തമാക്കുന്നത്.

ചിത്രങ്ങൾക്കൊപ്പം ഒരോ ശലഭങ്ങളേയും കുറിച്ചുള്ള കവിതകളും പ്രദർശനത്തിനൊപ്പമുണ്ട്. ശലഭങ്ങളും പ്രകൃതിയുടെ അവകാശികളാണെന്നും അവയ്ക്ക് ജീവിക്കാൻ സാഹചര്യമൊരുക്കേണ്ടതു നമ്മുടെ  ഉത്തരവാദിത്തമാണെന്നും ഓർമപ്പെടുത്തുന്നതാണ് വരികൾ.

യുഎഇയിലെ ഊഷരമെന്ന് തോന്നുന്ന ഇടങ്ങളിൽ വിരിയുന്ന വിസ്മയ ശലഭങ്ങളുടെയും നാട്ടിലെ വർണക്കൂട്ടുകൾ മുഴുവൻ വാരിയണിയുന്ന ശലഭങ്ങളുടെയും എട്ടുവീതം ചിത്രങ്ങളാണ് മനു രഘുരാജൻ ഒരുക്കിയിരിക്കുന്നത്. 

മരുഭൂമിയിലെ ശലഭങ്ങളുടെ ജീവിതരീതികൾ പഠിച്ചു മനസിലാക്കിയാണ് ക്യാമറയുമായി മനു രഘുരാജൻ അവയുടെ പിറകെ കൂടിയത്. പൂമ്പാറ്റകളെക്കുറിച്ചു കൂടുതൽ പഠിക്കാനും അവയെ സംരക്ഷിക്കുന്നതിനു ബോധവൽക്കരണം നൽകാനും ലക്ഷ്യമിട്ടു കൂടുതൽ പ്രദർശനങ്ങൾക്കൊരുങ്ങുകയാണ് ഇരുവരും.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...