ബജറ്റിലെ കരുതൽ ആശ്വാസം; വിശ്വാസ്യതയിൽ ആശങ്കയെന്ന് പ്രവാസികൾ

budget
SHARE

ഗൾഫിൽ നിന്നും മടങ്ങുന്നവരുടെ പുനരധിവാസം അടക്കമുള്ള പദ്ധതികൾക്ക് പരിഗണന നൽകുന്ന കേരള ബജറ്റ് പ്രവാസിമലയാളികൾക്ക് ആശ്വാസമേകുന്നതാണ്. എന്നാൽ, അത് എങ്ങനെ നടപ്പിലാക്കുമെന്നതിൽ ആശങ്കയുണ്ട്. ബജറ്റ് പ്രഖ്യാപനത്തെക്കുറിച്ചുള്ള പ്രവാസിമലയാളികളുടെ വിലയിരുത്തലാണ് ആദ്യം.

പ്രവാസി ക്ഷേമത്തിനായി ബജറ്റിൽ 90 കോടി രൂപ നീക്കിവച്ച പ്രഖ്യാപനം പ്രവാസിമലയാളികൾക്ക് ആശ്വാസകരമാണ്. കഴിഞ്ഞ വർഷത്തെ മുപ്പതു കോടിയിൽ നിന്നും 90 കോടിയേക്കെത്തുമ്പോൾ അത് കൃത്യമായി ചിലവഴിക്കണമന്നാണ് പ്രവാസികളുടെ ആവശ്യം.

പ്രവാസിപുനരധിവാസത്തിനുള്ള സാന്ത്വനം പദ്ധതിക്ക് 27 കോടി വകയിരുത്തുകയും സഹായം കിട്ടാനുള്ള കുടുംബവരുമാന പരിധി 1.5 ലക്ഷം രൂപയാക്കുകയും ചെയ്തു. ഇതോടെ തൊഴിൽ നഷ്ടപ്പെട്ട കൂടുതൽ പ്രവാസികൾക്ക് പദ്ധതിയുടെ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഒപ്പം പ്രവാസിക്ഷേമനിധിക്ക് ഒൻപതു കോടി രൂപയും ധനമന്ത്രി ഡോ.തോമസ് ഐസക് പ്രഖ്യാപിച്ചു.

എയർപോർട്ട് ആംബുലൻസ്, പ്രവാസിച്ചിട്ടി, പ്രവാസ ഡിവിഡന്റ്, വിദേശജോലിക്ക് ജോബ് പോർട്ടൽ, വിദേശ മലയാളികൾക്ക് 24 മണിക്കൂർ ഹെൽപ് ലൈൻ, ലീഗൽ സെൽ, 10,000 നഴ്സുമാർക്ക് വിദേശ ജോലി ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള പ്രത്യേക പരിശീലനം  എന്നിങ്ങനെ പല പദ്ധതികൾക്കും വകയിരുത്തിയ തുകയുടെ കുറവ് പ്രവാസികളുടെ പ്രതീക്ഷയ്ക്കു മങ്ങലേൽപ്പിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൾഫിലെ സന്ദർശനത്തിനിടെ പ്രഖ്യാപിച്ച ജോബ് പോർട്ടൽ അടക്കമുള്ള പദ്ധതികൾ വീണ്ടും പ്രഖ്യാപനങ്ങളായി ആവർത്തിക്കപ്പെടുന്നതിൽ പ്രവാസികൾക്ക് ആശങ്കയുമുണ്ട്.

നാട്ടിലേക്കു മടങ്ങുന്ന പ്രവാസിക്കായുള്ള ബജറ്റിലെ കരുതൽ പ്രതീക്ഷ പകരുന്നതാണ്. പക്ഷേ, പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപനങ്ങളോടുള്ള വിശ്വാസ്യത ഇല്ലാതാക്കുന്ന ഇടപെടലുകൾ ആവർത്തിക്കുന്നത് ആശങ്കയുളവാക്കുന്നതാണ്. സംരംഭങ്ങൾക്കായി മുതൽ മുടക്കാൻ തയ്യാറാകുമ്പോൾ സർക്കാരിൻറെ ഭാഗത്തു നിന്നും അതിനനുസരിച്ചുള്ള പിന്തുണ പ്രത്യക്ഷമായിത്തന്നെയുണ്ടാകണമന്നാണ് പ്രവാസികളുടെ ആവശ്യം.

ലോകകേരളസഭയ്ക്കും ലോക സാംസ്കാരികമേളയ്ക്കുമായി 12 കോടി രൂപ നീക്കിവച്ചതും സ്വഗതാർഹമാണ്. പക്ഷേ, ലോകകേരള സഭ, വ്യവസായ പ്രമുഖരുടെ കൂടിച്ചേരലുകൾ മാത്രമായി മാറുന്നുണ്ടോയെന്ന ആശങ്ക സാധാരണ പ്രവാസികൾ പങ്കുവയ്ക്കുന്നുണ്ട്. ലോകകേരള സഭ എന്ന സംവിധാനം ഇടത്തരം, ചെറുകിയ വ്യവസായികൾക്കും സാധാരണക്കാർക്കും കൂടുതൽ പ്രാതിനിധ്യം നൽകുന്നതായി മാറണമെന്ന ആവശ്യവും പ്രവാസികൾ വ്യക്തമാക്കുന്നു.

പ്രവാസികളുടെ മാതാപിതാക്കളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള ഗാർഡൻ ഓഫ് ഹോപ്പ് പോലെയുള്ള ഒന്നു രണ്ടു പദ്ധതികൾ ഒഴിച്ചാൽ ബാക്കിയെല്ലാം കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ചില പദ്ധതികളുടെ തുടർച്ചയും വിപുലീകരണവുമാണെന്നും ആക്ഷേപമുണ്ട്. ഗൾഫ് രാജ്യങ്ങളിൽ മാത്രം 89 ലക്ഷത്തിലേറെ ഇന്ത്യക്കാരുണ്ടെന്നാണ് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പാർലമെൻറിൽ അറിയിച്ചത് അടുത്തിടെയാണ്. ഇതിൽ നാൽപ്പതു ശതമാനത്തിലേറെയും മലയാളികളാണ്. അതിനാൽ തന്നെ കേരളത്തിൻറെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസിമലയാളികളെ അർഹിക്കുന്ന ഗൌരവത്തോടെ പരിഗണിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...