പ്രമേയ വൈവിധ്യവും,കലാകാരുടെ പങ്കാളിത്തവും; ശ്രദ്ധേയമായി ഫ്രിഞ്ച് ഫെസ്റ്റിവൽ

sharjah-international-fringe-festival
SHARE

ലോകമെമ്പാടും സഞ്ചരിക്കുന്ന ഫ്രിഞ്ച് ഫെസ്റ്റിവലിന്റെ മിഡിൽ ഈസ്റ്റിലെ തന്നെ ആദ്യ പതിപ്പിനു ഷാർജ വേദിയായി. യുഎഇയുടെ സാസ്കാരിക നഗരിയുടെ സായ്ഹാന്നങ്ങളെ മനോഹരമാക്കിയ ഫ്രിഞ്ച് ഫെസ്റ്റ്വെല്ലിലെ കാഴ്ചകളാണ് ഇനി കാണുന്നത്.

പ്രേക്ഷകരുടെ മനം കവരുന്ന തിയറ്റർ പ്രദർശനങ്ങളും ഉത്സവപ്രതീതി പകരുന്ന തെരുവ് സർക്കസുകളും കുട്ടികൾക്കും കുടുംബങ്ങൾക്കും ഉത്സവപ്രതീതി പകരുന്ന കാഴ്ച. നാടകം, സംഗീതം, മാജിക്, സർക്കസ്, പാവക്കൂത്ത്, നൃത്തം തുടങ്ങി അറുന്നൂറിലേറെ പരിപാടികൾ.  അൽ നൂർ ഐലൻ്, അൽ ഖസ്ബ, അൽ മജാസ് വാട്ടർ ഫ്രണ്ട്, ഫ്ലാഗ് ഐലൻഡ് എന്നിവിടങ്ങളിലായാണ് ഉത്സവത്തിൻറെ വേദികൾ.

രാജ്യാന്തരതലത്തിൽ പ്രശസ്തരായ കലാകാരുടെ പങ്കാളിത്തം കൊണ്ടും പ്രദർശനങ്ങളിലെ പ്രമേയ വൈവിധ്യം കൊണ്ടും ശ്രദ്ധേയമാണ് ഫ്രിഞ്ച് ഫെസ്റ്റിവൽ. സോപ്പ് കുമിളകളിലും പ്ളേറ്റുകളിലും കത്തിയിലുമെല്ലാം കലാവിരുന്നൊരുക്കുന്ന കാഴ്ചയാണ് ഷാർജയുടെ സായ്ഹാന്നങ്ങളെ മനോഹരമാക്കുന്നത്. 'മാക്‌സ്‌വെൽ ദി ബബിളിയോളജിസ്റ്റിൻറെ സോപ്പ് കുമിളകൾ കൊണ്ടുള്ള കലാവിരുന്നു കുട്ടികളേയും മുതിർന്നവരേയും ആകർഷിക്കുന്നതാണ്.

നൃത്തരൂപങ്ങളുടെ വൈവിധ്യങ്ങളും ഫ്രിഞ്ച് ഫെസ്റ്റിവലിനെ വ്യത്യസ്തമാക്കുന്നു. മെയ് വഴക്കത്തോടെ നർത്തകർ ഊഞ്ഞാലാടുന്ന കാഴ്ചകൾ വിസ്മയിപ്പിക്കുന്നു. ലണ്ടനിൽ നിന്നെത്തിയ കലകാരൻ പീറ്റർ വാക്കുകൾ കൊണ്ടും പ്ളേറ്റുകൾ കൊണ്ടും അമ്മാനമാടി കാഴ്ച്ചക്കാരിൽ കൌതുകം നിറയ്ക്കുന്നു.

മെന്റലിസവും മനഃശാസ്ത്രവും മായാജാലവും സമ്മേളിക്കുന്ന വിരുന്നുമായാണ് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ബ്രെണ്ടൻ പീലിന്റെ മൈൻഡ് ഗെയിംസ് കാണികളുടെ ശ്രദ്ധയാകർഷിക്കുന്നത്. തമാശയും സൗഹൃദവും സർക്കസും മെയ്‌വഴക്കവും സമ്മേളിക്കുന്ന മന്ദ്രഗോറ സർകസുമായി അർജന്റീനയിൽ നിന്നുള്ള ജുവാൻ ക്രൂസും മറിയാന സിൽവയും കയ്യടി നേടുന്നു.

കാണികളുടെ മനസ്സ് വായിച്ചും കടലാസ് നോട്ടുകളാക്കിയും കാണികളെ കയ്യിലെടുക്കാൻ കാനഡയിൽ നിന്നെത്തിയ ബില്ലി കിഡ്, ബലൂണുകൾ കൊണ്ട് ചിരിയും വിസ്മയവുമൊരുക്കുന്ന ഇറ്റാലിയൻ കലാകാരൻ ഒട്ടോ ബോസോട്ടോ, ഫ്രീ സ്റ്റൈൽ ഫുട്ബാൾ മികവുമായി പന്തടക്കത്തിന്റെ പ്രദർശനമൊരുക്കുന്ന  മെൻചോ സോസ, കയ്യടക്കത്തിന്റെയും സൂക്ഷ്മതയോടെയും പാഠങ്ങൾ ചിരിയിലൂടെ പങ്കു വെക്കുന്ന ലോകസഞ്ചാരി കൂടിയായ വെനെസ്വലക്കാരൻ കാറ്റായ സാന്റോസ് തുടങ്ങി രാജ്യാന്തരതലത്തിൽ പ്രശസ്തരായ അഭ്യാസികൾ അൽ ഖസ്ബയിലെയും അൽ മജാസിലെയും സൗജന്യ പ്രദർശന വേദികളിലുണ്ട്. 

രാജ്യാന്തരതലത്തിൽ വിവിധ നഗരങ്ങളിലായി അരങ്ങേറുന്ന മേളയുടെ മിഡിൽ ഈസ്റ്റിലെ തന്നെ ആദ്യപതിപ്പ് ഷാർജയിൽ ആസ്വദിക്കാനായതിൻറെ സന്തോഷത്തിലാണ് പ്രവാസി മലയാളി കുടുംബങ്ങളടക്കമുള്ളവർ. 

വൈവിധ്യമാർന്ന കലാവിരുന്ന് ആസ്വദിക്കുന്നതോടൊപ്പം ടിക്‌ടോക് അടക്കമുള്ള ജനപ്രിയ സോഷ്യൽ  മീഡിയ പ്ലാറ്റുഫോമുകളിൽ പങ്കുവയ്ക്കാൻ ഫോട്ടോഗ്രാഫി പരീക്ഷണങ്ങൾക്കും നിരവധിപേർ ഫ്രിഞ്ച് മേളയുടെ വേദികളിലെത്തുന്നുണ്ട്. വൈകുന്നേരം അഞ്ചു മുതൽ രാത്രി പതിനൊന്നു വരെയായി നിശ്ചിത ഇടവേളകളിൽ ക്രമീകരിച്ചിരിക്കുന്ന തെരുവ് പ്രദർശങ്ങളാണ് ഫ്രിഞ്ച് ഫെസ്റ്റിവൽ.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...