ഒരുമയുടെ സന്ദേശമുയർത്തി പ്രവാസലോകത്തെ റിപ്പബ്ളിക് ദിനാഘോഷം

gtw-indian-republic-day
SHARE

ഗൾഫിലെ പ്രവാസലോകത്ത് ആദരവോടെ ഇന്ത്യയുടെ എഴുപത്തിയൊന്നാമത് റിപ്പബ്ളിക് ദിനം ആഘോഷിച്ചു. വിഭജനങ്ങളുടേതല്ല ഒരുമയുടെ സന്ദേശമാണ് ഓരോ റിപ്പബ്ളിക് ദിനങ്ങളുമെന്ന ഓർമപ്പെടുത്തലായിരുന്നു പ്രവാസലോകത്തെ ആഘോഷങ്ങൾ. റിപ്പബ്ലിക് ദിനാഘോഷ വിശേഷങ്ങളാണ് ഇനി കാണുന്നത്.

യുഎഇയുടെ തലസ്ഥാനമായ അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ സ്ഥാനപതി പവൻ കുമാർ ദേശീയ പതാക ഉയർത്തിയതോടെ റിപ്പബ്ളിക് ദിനാഘോഷങ്ങൾക്കു തുടക്കമായി. 

തുടർന്ന് രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം സ്ഥാനപതി വായിച്ചു. വിവിധ സംഘടനാ പ്രതിനിധികളും, സാംസ്കാരിക, വാണിജ്യ രംഗത്തെ പ്രമുഖരും തൊഴിലാളികളും ആഘോഷങ്ങളുടെ ഭാഗമായി. വൈകിട്ട് ഇന്ത്യൻ സ്ഥാനപതി ആതിഥേയത്വം വഹിച്ച വിരുന്നിൽ യുഎഇ സഹിഷ്ണുതാകാര്യമന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ അടക്കം മന്ത്രിമാരും ഉന്നതനയതന്ത്ര പ്രതിനിധികളും പങ്കെടുത്തു.

അബുദാബി ഇന്ത്യൻ സ്‌കൂളിൽ നടന്ന വർണ്ണാഭമായ ആഘോഷ പരിപാടിയിൽ ഇന്ത്യയുടെ പരമ്പരാഗത വേഷവിധാനങ്ങളിൽ നൃത്തച്ചുവടുകളുമായി ആയിരത്തി അറുനൂറോളം കുട്ടികൾ അണിനിരന്നു. യു.എ.ഇ യുടെ ദേശീയ വൃക്ഷമായ ഗാഫ്‌ മരം സ്കൂളുകളിലും വില്ലകളിലും വച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് അബുദാബി ഇന്ത്യൻ സ്‌കൂളിൽ തുടക്കമായി.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷണ വിഭവങ്ങൾ, കലാ സാംസ്കാരിക പരിപാടികൾ എന്നിവയെല്ലാം ഒരുക്കി ഇന്ത്യ ഉത്സവ് എന്ന പേരിലാണ് ലുലു ഗ്രൂപ്പ് അബുദാബിയിൽ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചത്. ലുലു ഹൈപ്പർമാർക്കറ്റുകളിലെ ഇന്ത്യ ഉത്സവിൻറെ ഉദ്ഘാടനം യു.എ.ഇ.യിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ നിർവഹിച്ചു. അബുദാബി മദീന സയീദ് ലുലുവിൽ നടന്ന ആഘോഷ പരിപാടികളിൽ ചലച്ചിത്രനടി ഐശ്വര്യ ലക്ഷ്മി മുഘ്യാതിഥി ആയിരുന്നു.

എഴുപത്തിയൊന്നാം റിപ്പബ്ളിക് ദിനാഘോഷത്തിൽ എഴുപത്തൊന്നു പേർ രക്തദാനം നടത്തിയാണ് ആദം ആൻഡ് ഈവ് മെഡിക്കൽ സെന്റർ  റിപ്പബ്ലിക് ദിനാഘോഷം വ്യത്യസ്തമാക്കിയത്. അബുദാബി ബ്ലഡ് ബാങ്കിലെ മൊബൈൽ രക്തദാന യൂണിറ്റ് മെഡിക്കൽ സെന്റർ ആസ്ഥാനത്തെത്തിയാണ് രക്തം ശേഖരിച്ചത്.   

ഇന്ത്യൻ സൈന്യത്തിൽ നിന്നും വിരമിച്ചു പ്രവാസികളായി ജോലി ചെയ്യുന്ന മുപ്പതു പേരെ അബുദാബി സാംസ്കാരിക വേദി ആദരിച്ചു. അബുദാബി മലയാളി സമാജം, ഇന്ത്യ സോഷ്യൽ സെന്റർ, ഇന്ത്യൻ ഇസ്ലാമിക് സെന്റർ, കെ.എം.സി.സി തുടങ്ങി സംഘനകൾ വ്യത്യസ്തമായ പരിപാടികളോടെയാണ് റിപ്പബ്ളിക് ദിനം ആഘോഷിച്ചത്. 

യുഎഇ പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ രാഷ്ട്രപതി റാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യൻ ജനതയ്ക്കും ആശംസാസന്ദേശം അയച്ചു. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ കോൺസുൽ ജനറൽ വിപുൽ പതാക ഉയർത്തി. 

തുടർന്ന് ദുബായ് ഇന്ത്യൻ ഹൈസ്കൂളിൽ ഇന്ത്യയുടെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു. നൂറോളം വിദ്യാർഥികൾ വിവിധ നൃത്തരൂപങ്ങൾ അവതരിപ്പിച്ചു. മലയാളിയായ വിദ്യാർഥിനി സുചേത സതീഷ് മലയാളം, ഹിന്ദി, അറബിക്,  ബെംഗാളി, ഗുജറാത്തി, മറാത്ത്, തമിഴ്, എന്നീ ഭാഷകളിൽ ഗാനങ്ങളാലപിച്ചത് ശ്രദ്ധേയമായി. ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫ ദേശീയ പതാകയിലെ ത്രിവർണമണിഞ്ഞാണ് ഇന്ത്യൻ ജനതയ്ക്ക് ആദരവർപ്പിച്ചത്.

സൌദി അറേബ്യയിലെ റിയാദ് എംബസി കാര്യാലയത്തിലും ജിദ്ദയിലെ കോൺസുലേറ്റിലും നൂറോളം പ്രവാസി ഇന്ത്യക്കാരുടെ സാന്നിധ്യത്തിലായിരുന്നു റിപ്പബ്ളിക് ദിനാഘോഷം. ജിദ്ദയിൽ കോൺസുൽ ജനറൽ നൂർ റഹ്മാൻ ഷെയ്ഖ് ദേശീയപതാക ഉയർത്തി. സൌദി ഭരണാധികാരി സൽമാൻ രാജാവ്, കിരാടാവകാശി മുഹമ്മദ് ബിൻ സൽമാൻ തുടങ്ങിയവർ ഇന്ത്യൻ ഭരണാധികാരികൾക്കും ജനതയ്ക്കും ആശംസ നേർന്നു.

ഒമാൻ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസ് ബിൻ സഈദ് അൽ സഈദിൻറെ നിര്യാണത്തിൽ ആദരാഞ്ജലി അർപ്പിച്ചശേഷമാണ് മസ്ക്കറ്റിലെ ഇന്ത്യൻ എംബസിൽ റിപ്പബ്ളിക് ദിനാഘോഷം തുടങ്ങിയത്. ഒമാനിലെ ഇന്ത്യൻ സ്ഥാനപതി മുനു  മനാവഹർ ദേശീയ പതാക ഉയർത്തി. 

ഖത്തർ, ബഹ്റൈൻ, കുവൈത്ത് രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളിലും ത്രിവർണപതാക ഉയർത്തി റിപ്പബ്ളിക് ദിനം ആഘോഷിച്ചു. വിവിധ സ്കൂളികളിൽ ദേശഭക്തിഗാനാലാപനവും ഇന്ത്യൻ കലാസാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...