ദുബായിയിലെ ഇത്യോപ്യൻ വിജയഗാഥ; ഐക്യ സന്ദേശമുയർത്തി ദുബായ് മാരത്തോൺ

Athletics-Dubai-Marathon-UAE
SHARE

ഗൾഫ് മേഖലയിലെ ഏറ്റവും വലിയ കായികമേളകളിലൊന്നായ ദുബായ് മാരത്തണിൽ ഇത്യോപ്യൻ വിജയഗാഥ. പുരുഷ വനിതാ വിഭാഗങ്ങളിൽ ഇത്യോപ്യൻ താരങ്ങളാണ് ഒന്നാമതെത്തിയത്.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രക്ഷാധികാരിയായ ദുബായ് സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് മധ്യപൂർവ ദേശത്ത് പങ്കാളിത്തം കൊണ്ടും സമ്മാനത്തുക കൊണ്ടും ഏറ്റവും മുന്നിലുള്ള കായികമേളകളിലൊന്നായ ദുബായ് മാരത്തൺ സംഘടിപ്പിച്ചത്.  

മദീനത്ത് ജുമൈറയ്ക്കു സമീപം ഉംസുഖൈം റോഡിൽ നിന്നു തുടങ്ങി കാരിയേജ് വേ, ദുബായ് കോളജ് ജങ്‌ഷൻ,  അൽ സുഫൂഹി എന്നിവിടങ്ങളിലൂടെ ദുബായ് പൊലീസ് അക്കാദമിക്ക് സമീപം ഫിനിഷ് ചെയ്യുന്ന പാതയാണ് ഇരുപത്തിനാലിനു നടന്ന ദുബായ് മാരത്തണിനായി ഒരുക്കിയത്.  

42.195 കിലോമീറ്റർ പ്രധാന മാരത്തൺ രാവിലെ ആറിനാരംഭിച്ചു. പുരുഷ വിഭാഗത്തിൽ 1436 പേർ പങ്കെടുത്തു. . ആദ്യാന്ത്യം ആവേശം നിറഞ്ഞ പോരാട്ടത്തിൽ ഇത്യോപ്യയുടെ ഒലിക അദുഗ്ന ബികില ഒന്നാമതെത്തി. 

ഒലിക ബികില രണ്ടു മണിക്കൂർ 6 മിനിറ്റ് 15 സെക്കൻഡെടുത്തു ഫിനിഷിങ് ലൈനിലെത്തിയതിനു തൊട്ടു പിന്നാലെ പത്തൊൻപതു സെക്കൻഡിനകം പത്തു പേർ മാരത്തൺ ഫിനിഷ് ചെയ്ത കാഴ്ച, മത്സരത്തിൻറെ സകല ആവേശവും നിറഞ്ഞതായിരുന്നു.  

കെനിയയുടെ എറിക് കിപ്രോനോ കിപ്താനുയി, ഇത്യോപ്യയുടെ സെദാത് അബെജെ അയാന എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആദ്യ പത്തു സ്ഥാനക്കാരിൽ ഒൻപതു പേരും കാപ്പിയുടെ ജന്മനാടായ ഇത്യോപ്യയിൽ നിന്നുള്ളവർ. 418 പേർ പങ്കെടുത്ത വനിതാവിഭാഗത്തിൽ 2 മണിക്കൂർ 19 മിനിറ്റ് 37 സെക്കൻഡിൽ ഇത്യോപ്യയുടെ വർക്നെഷ് ദെഗെഫ കിരീടം ചൂടി.

ആദ്യ പത്തു സ്ഥാനങ്ങളിലെത്തിയവരിൽ ഒൻപതാം സ്ഥാനക്കാരി ഒഴികെ എല്ലാവരും ഇത്യോപ്യൻ സ്വദേശികളായിരുന്നു. ഗുതെനി ഷോൺ അമാന, ബെഡാതു ഹിർപ ബദാനെ എന്നിവർ ഓരോ മിനിട്ട് ഇടവേളകളിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. രണ്ടാം സ്ഥാനക്കാർക്ക് 40,000 ഡോളറും മൂന്നാം സ്ഥാനക്കാർക്ക് 20,000 ഡോളറും സമ്മാനത്തുക ലഭിച്ചു. 

വെല്ലുവിളികളെ നിരത്തിൽ നേരിട്ടു തോൽപ്പിച്ച കാഴ്ചകൾക്കും ദുബായ് മാരത്തൺ സാക്ഷ്യം വഹിച്ചു.  പുരുഷ വനിതാവിഭാഗങ്ങളിലായി ഇരുപതോളംപേർ വീൽച്ചെയർ മാരത്തണിൻറെ ഭാഗമായി.  വനിതാ വിഭാഗത്തിൽ സ്വിറ്റസർലൻഡിൻറെ ഗ്രാഫ് സാന്ദയും  പുരുഷ വിഭാഗത്തിൽ ഹഗ് മാർസലും ഒന്നാമതെത്തി. 

കാൻസർ  പ്രതിരോധ, ബോധവൽക്കരണ  സേവന രംഗത്ത്  പ്രവർത്തിക്കുന്ന വിങ്‌സ് ഓഫ്  റിലീഫ് സന്നദ്ധസംഘടന കൂട്ടായ്മ പ്രവർത്തകർ ബോധവൽക്കരണ സന്ദേശവുമായി ദുബായ് മാരത്തണിൽ പങ്കെടുത്തു. കായികപോരാട്ടം എന്നതിലുപരി ഐക്യത്തിൻറേയും ആരോഗ്യസംരക്ഷണത്തിൻറേയും സന്ദേശമാണ് ദുബായ് മാരത്തൺ പങ്കുവച്ചത്. ഇന്ത്യ അടക്കം 150 രാജ്യങ്ങളിൽ നിന്നുള്ള 30,000ത്തോളം പേർ മാരത്തണിൻറെ ഭാഗമായി. 

തുടർച്ചയായ പതിനാറാം വർഷവും സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കാണ് ദുബായ് മാരത്തണിൻറെ മുഖ്യപ്രായോജകരായത്. മാരത്തൺ മാസസ്, 10 കിലോമീറ്റർ റോഡ് റേസ്, 4 കിലോ മീറ്റർ ഫൺ റൺ എന്നിവയിലും സ്വദേശികളടക്കമുള്ളവർ ആവേശത്തോടെ പങ്കെടുത്തു. 

സർക്കാർ സ്വകാര്യ കമ്പനികളിലെ ജീവനക്കാർ, വിദ്യാർഥികൾ, കായികതാരങ്ങൾ തുടങ്ങി സ്വദേശികളും വിദേശികളുമായ ആയിരങ്ങൾ ദുബായ് നിരത്തിലൂടെ മുന്നോട്ടു കുതിച്ച കാഴ്ച ആരോഗ്യപൂർണമായ നല്ലൊരു നാളേക്കെന്ന സന്ദേശം പകർന്നുകൊണ്ടായിരുന്നു.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...