കാര്യക്ഷമതയും കൃത്യതയും; പ്രൗഡഗംഭീരമായി ദുബായ് പൊലീസ് പാസ്സിങ് ഔട്ട് പരേഡ്

gulfpolice
SHARE

ലോകത്തെ ഏറ്റവും മികച്ച പൊലീസ് സേനകളിലൊന്നാണ് ദുബായ് പൊലീസ്. കഠിനപരിശ്രമങ്ങളിലൂടെയാണ് പൊലീസ് സേനയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ദുബായ് പൊലീസിൻറെ ഇരുപത്തിയേഴാമത് ബാച്ചിൻറെ ബിരുദദാനച്ചടങ്ങിലെ കാഴ്ചകളാണ് ഇനി കാണുന്നത്.

കാര്യക്ഷമ, സുരക്ഷ, ഒരുമ. ഇരുന്നൂറോളം രാജ്യങ്ങളിൽ നിന്നുള്ള അതിഥികൾക്കും സ്വദേശികൾക്കും ദുബായ് പൊലീസ് സേവനമനുഷ്ടിക്കുന്നത് ഈ ആശയങ്ങളെ അടിസ്ഥാനമാക്കിയാണ്. യുഎഇയിൽ താമസിക്കുന്ന ഏതൊരു പ്രവാസിയും സ്വദേശിയും ഒരിക്കലെങ്കിലും ദുബായ് പൊലീസിൻറെ സേവനം ഏറ്റവും കാര്യക്ഷമതയോടെ അനുഭവിച്ചറിഞ്ഞിട്ടുള്ളവരായിരിക്കും. അത്തരം കാര്യക്ഷമതയിലേക്ക് ദുബായ് പൊലീസിനെ നയിക്കുന്നത് നിരന്തരമുള്ള പരിശ്രമങ്ങളാണ്, സാങ്കേതികവിദ്യകളടക്കമുള്ളവയെക്കുറിച്ചുള്ള പഠനമാണ്. ആ പരിശ്രമങ്ങളുടെ വഴിയിൽ പുതിയ ചുവടുവയ്ക്കുന്നവരുടെ ബിരുദദാനച്ചടങ്ങിനാണ് ദുബായ് കൊക്കോ കോള അരീന സാക്ഷ്യം വഹിച്ചത്.

ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബിരുദദാനച്ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ദേശീയഗാനത്തിൻറെ അകമ്പടിയോടെയായിരുന്നു തുടക്കം. ബിരുദം പൂർത്തിയാക്കിയവരുടെ പരേഡ് ഷെയ്ഖ് ഹംദാൻ പരിശോധിച്ചു. 

പൊലീസിൻറെ കാര്യക്ഷമതയും കൃത്യതയും വിളിച്ചോതുന്നതായിരുന്നു പാസ്സിങ് ഔട്ട് പരേഡ്. യുഎഇ പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സഈദ് അൽ നഹ്യാന് ആദരവർപ്പിച്ച് പൊലീസ് സംഘം രൂപം തീർത്തത് മനോഹര കാഴ്ചയായി.

തുടർന്നു യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന് പുതിയ ബാച്ചിൻറെ ആദരവ്.

മുഖ്യാതിഥിയായെത്തിയ ഷെയ്ഖ് ഹംദാനും പൊലീസിലെ പുതുമുഖങ്ങളുടെ ആരദവർപ്പിച്ചു. 

ദുബായുടെ വളർച്ച ത്രിമാനചിത്രങ്ങളൊരുക്കി അവതരിപ്പിച്ച ലേസർ ലൈറ്റ് കാഴ്ച വിസ്മയകാഴ്ചയായി. ബുർജ് അൽ അറബ്, ബുർജ് ഖലീഫ തുടങ്ങിയ കെട്ടിടങ്ങൾ നിമിഷനേരം കൊണ്ടു ത്രിമാനചിത്രങ്ങളായി ഉയർന്നത് നിറഞ്ഞകയ്യടികളോടെയാണ് കാഴ്ചക്കാർ സ്വീകരിച്ചത്.

യുഎഇയുടെ മഹത്വം വിളിച്ചോതുന്ന കാഴ്ചകൾ, വനിത പൊലീസ് അടക്കമുള്ളവരുടെ സഹകരണത്തോടെ  അവതരിപ്പിച്ചത് ചടങ്ങിനു മാറ്റുകൂട്ടി. 

.

ബിരുദധാരികൾക്ക് ഷെയ്ഖ് ഹംദാൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കൃത്യതയിലും അച്ചടക്കത്തിലും സേവനം അനുഷ്ടിക്കുന്ന ദുബായ് പൊലീസിലേക്കുള്ള പ്രവേശനം അതേ കൃത്യനിഷ്ടയിലും അച്ചടക്കത്തിലും വിസ്മയിപ്പിക്കുന്ന കാഴ്ചകളുടെ അകമ്പടിയോടെയുമായിരുന്നു. 

ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻറ് ഷെയ്ഖ് അഹ്മദ് ബിൻ സഈദ് അൽ മക്തും, റൂളേഴ്സ് കോർട്ട് ഡയറക്ടർ ജനറൽ മുഹമ്മദ് ഇബ്രാഹിം അൽ ഷൈബാനി, ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മാറി തുടങ്ങിയവരും ബിരുദം പൂർത്തിയാക്കിയവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കമുള്ളവരും ചടങ്ങിനു സാക്ഷിയായി. 

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...