പരവതാനികളുടെ മായാലോകം; ദുബായിൽ കാർപ്പറ്റ് ഒയാസിസ് പ്രദർശനത്തിന് മികച്ച പ്രതികരണം

gulfcarpetexpo
SHARE

അറബിക്കഥകളിൽ കേട്ടു പരിചയപ്പെട്ട പരവതാനികളുടെ മായാലോകത്തേക്കാണ് ഇനി യാത്ര. മനോഹരവർണങ്ങൾ കൈകളാൽ ചാലിച്ച പരവതാനികളുടെ വിസ്മയക്കാഴ്ചയൊരുക്കി ദുബായിൽ കാർപ്പറ്റ് ഒയാസിസ് പ്രദർശനം.

വിസ്മയങ്ങളുടെ, മനോഹാരിതയുടെ പരവതാനി വിരിച്ച് സ്വാഗതം ചെയ്യുകയാണ് മീന റാഷിദ് പോർട് മറീനയിലെ കാർപ്പറ്റ് ഒയാസിസ് പ്രദർശനം. ഓരോ പരവതാനികളും ഓരോ കഥകൾ പേറുകയാണ്. യന്ത്രങ്ങളിലൂടെ മണിക്കൂറുകൾ കൊണ്ടു നെയ്തെടുത്തവ മുതൽ ആറും ഏഴും വർഷങ്ങളെടുത്ത് കൈകൾ കൊണ്ടു നെയ്തെടുത്ത പരവതാനികൾ വരെ ഇവിടെയുണ്ട്. 

ഒറ്റ നിറത്തിൽ തുടങ്ങി നൂറോളം നിറങ്ങളിൽ നെയ്തവ വരെ ചേതോഹരമായി അണിനിരത്തിയ കാഴ്ച. . ലോകത്ത് ഒരെണ്ണം മാത്രമുള്ള തബ്രിസ് പരവതാനിയുടെ വില 1,8,5000 ദിർഹമാണ്. മിഡാലിയോൻ വിഭാഗത്തിൽ ഗുലി ബുൾബുൾ രീതിയിൽ ചെയ്ത ഇവയിൽ 96 വ്യത്യസ്ത നിറങ്ങളാണുള്ളത്. കമ്പിളിയും പട്ടുമാണ് ഇതിലുപയോഗിച്ചിരിക്കുന്നത്. 

പുകൾപെറ്റ ഇറാൻ പരവതാനികൾ മുതൽ മുഗൾ രാജവംശത്തിൽ നിന്നും ഉയിർകൊണ്ട ഇന്ത്യൻ പരവതാനികൾ വരെ ഇവിടെ കാണാം, സ്വന്തമാക്കാം. യുഎഇ ഭരണാധികാരികളുടെ മനോഹര ചിത്രങ്ങൾ ആലേഖനം ചെയ്ത പരവതാനികൾ കാഴ്ചക്കാർക്ക് വിസ്മയം സമ്മാനിക്കും. 

വിശാലമായ ഹാളിന്റെ മധ്യത്തിലിടാവുന്ന മെഡിലിയോൻ, താഴികക്കുടം മാതൃകയാക്കി ചെയ്തിട്ടുള്ള ഡോം, ജ്യാമിതീയ രൂപങ്ങളുടെ മാതൃകയിൽ ജ്യോമെട്രി, ചതുരങ്ങളിൽ ചെയ്തിട്ടുള്ള ബോക്സ്, ഫിഷ് എന്നിങ്ങനെ രൂപകൽപനയിലും വ്യത്യസ്തമാണ് പരവതാനികൾ. നൈലോൺ, പോളീസ്റ്റർ, ഒളിഫിൻ തുടങ്ങിയവ കൊണ്ടും പരവതാനി നിർമിക്കുന്നുണ്ട്.

പരവതാനികളുടെ ചരിത്രം വിവരിക്കുന്ന സ്റ്റോൾ മുതൽ പരവതാനി എങ്ങനെ സൂക്ഷിക്കണമെന്ന് വ്യക്തമാക്കുന്ന നിർദേശങ്ങളും മനസിലാക്കാം. ദുബായ് കസ്റ്റംസിന്റെ നേതൃത്വത്തിൽ നടത്തുന്ന കാർപ്പറ്റ് ഒയാസിസിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 43 സ്റ്റോളുകളാണ് പ്രദർശനത്തിലുള്ളത്. അമ്പതു ദിർഹം മുതൽ ലക്ഷങ്ങൾ വരെ വിലയുള്ളവ അഭിരുചിക്കനുസരിച്ചു സ്വന്തമാക്കാം. സൌജന്യ പ്രവേശനത്തിലൂടെ അടുത്തമാസം പതിനാറു വരെ പ്രദർശനം കാണാം.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...