അമേരിക്ക-ഇറാൻ സംഘർഷ സാധ്യത; ആശങ്കയിലാകുന്ന ഗൾഫ് മേഖല

Ggulfthisweek
SHARE

ഗൾഫ് മേഖലയിൽ സംഘർഷഭരിതമായ നാളുകളാണ് കടന്നു പോകുന്നത്. അമേരിക്ക, ഇറാൻ സംഘർഷ സാധ്യതകൾ മേഖലയെ ആശങ്കയിലാഴ്ത്തുന്നു. അതേസമയം, ഗൾഫ് രാജ്യങ്ങളിലെ ഭരണാധിപൻമാർ പക്വതയോടെ, സമാധാനത്തിനു ആഹ്വാനം ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

പ്രവാസലോകത്തെ വാർത്തകളും വിശേഷങ്ങളുമൊക്കെയായി ഗൾഫ് ദിസ് വീക്കിൻറെ പുതിയ എപ്പിസോഡിലേക്ക് കടക്കുന്നു. സ്വാഗതം.

ഒരിടവേളയ്ക്കു ശേഷം വീണ്ടും മേഖല സംഘർഷഭരിതമായിരിക്കുന്നു. അമേരിക്ക ഇറാൻ സംഘർഷസാധ്യതയുടെ ഭീഷണി ഗൾഫ് മേഖലയിലും നിഴലിക്കുന്നുണ്ട്. സമാധാനം പുനസ്ഥാപിക്കണമെന്നാണ് ഗൾഫ് രാജ്യങ്ങളുടെ നിലപാടുകളിൽ നിന്നും പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

കഴിഞ്ഞ വർഷം എണ്ണടാങ്കറുകൾക്കു നേരേ തുടർച്ചയായുണ്ടായ ആക്രമണത്തെതുടർന്ന് മേഖലയിലുണ്ടായ സംഘർഷ സാധ്യതകൾ ഒരു പരിധി വരെ അയഞ്ഞ സാഹചര്യത്തിലായിരുന്നു 2020 പിറക്കുന്നതിനു മണിക്കൂറുകൾക്കു മുൻപ് ഇറാഖ് സൈന്യത്തിൻറെ ജനറല്‍ ഖാസിം സുലൈമാനിയുടെ വധം. ഇറാൻറെ സൈനിക കമാൻഡറെ ഇറാഖിൽ വച്ചു അമേരിക്കൻ സൈന്യം കൊലപ്പെടുത്തിയതിനെത്തുടർന്ന് മേഖല വീണ്ടും സംഘർഷഭരിതമായിരിക്കുന്നു. യുദ്ധ ഭീഷണിയുമായി അമേരിക്കയും ഇറാനും പരസ്പരം വെല്ലുവിളിക്കുന്ന കാഴ്ച. അതേസമയം, ഇനിയുമൊരു സംഘർഷ സാധ്യത മേഖലയുടെ സുസ്ഥിരതയേയും സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളേയും ബാധിക്കുമെന്ന തിരിച്ചറിവിൽ സൌദിയുടെ നേതൃത്വത്തിൽ സമാധാന ആഹ്വാനം ഉയർന്നു. മേഖലയിലെ ശക്തമായ രാഷ്ട്രമെന്ന തലയെടുപ്പിൽ സൌദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും നേരിട്ടാണ് സമാധാനം പുനസ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്തത്.

നേരത്തെ നടന്ന ഭീകര പ്രവര്‍ത്തനങ്ങളുടെ അനന്തരഫലമാണ് ഇപ്പോള്‍ ഉണ്ടായതെന്നും ഇത്തരം ഭീകര പ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതത്തെക്കുറിച്ച്  മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും സൌദി ആദ്യ പ്രതികരണത്തിൽ വ്യക്തമാക്കി. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതുമായ എല്ലാ നടപടികളില്‍ നിന്നും പിൻമാറുകയും സംയമനം പാലിക്കണമെന്നുമായിരുന്നു സൌദിയുടെ പ്രസ്താവന. തുടർന്നു സൌദി ഭരണാധികാരി സൽമാൻ രാജാവ് ഇറാഖ് പ്രസിഡൻറ് ബർഹാൻ സാലിഹിനെ ഫോണിൽ വിളിച്ചു. ഇറാഖിൻറേയും മേഖലയുടേയും സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാൻ സൌദി പ്രതിജ്ഞാബദ്ധമാണെന്നു സൽമാൻ രാജാവ് പറഞ്ഞതായി ഔദ്യോഗിക വാർത്താഏജൻസി വ്യക്തമാക്കി. മേഖലയിലേയും ഇറാഖിലേയും സ്ഥിരത ഉറപ്പാക്കാനുള്ള സൌദിയുടെ ഇടപെടലുകൾക്കു ഇറാഖ് നന്ദി അറിയിച്ചു. സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇറാഖ് പ്രധാനമന്ത്രി അദീൽ അബ്ദുൽ മഹ്ദിയുമായും മേഖലയിലെ സാഹചര്യങ്ങൾ ഫോണിൽ ചർച്ച ചെയ്തു.

സൌദിയുടെ നിലപാടിനു സമാനമായ നിലപാടാണ് യുഎഇയും സ്വീകരിച്ചുപോരുന്നത്. കൂടുതൽ സംഘർഷങ്ങളിലേക്കു നീങ്ങാതെ  വിവേക പൂര്‍ണമായ രാഷ്ട്രീയപരിഹാരത്തിന് ശ്രമിക്കണെന്നായിരുന്നു യു.എ.ഇ വിദേശകാര്യസഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷിൻറെ പ്രസ്താവന. 

ഇറാനോട് ഏറ്റവും അടുത്തുകിടക്കുന്ന ഗൾഫ് രാജ്യമായ കുവൈത്തിൽ ജാഗ്രതയുടെ ഭാഗമായി സുരക്ഷ ശക്തമാക്കി. കര, വ്യോമ അതിർത്തികളിലും കടലിലും കുവൈത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാൻ തയാറായിരിക്കാൻ ബന്ധപ്പെട്ടവർക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. കുവൈത്തിലെ ആശുപത്രികൾക്കും ജാഗ്രതാ നിർദേശം നൽകി. സംഘർഷ സാഹചര്യത്തിൽ കുവൈത്തിലേക്ക് നാലായിരത്തോളം അധിക സായുധ സേനയെ  അയക്കാൻ അമേരിക്ക തീരുമാനിച്ചു. 

ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനു ശ്രമിക്കണമെന്ന നിർദേശമാണ് ഒമാൻ മുന്നോട്ടുവയ്ക്കുന്നത്. മേഖലയിലെ പ്രശ്നപരിഹാരത്തിനു നയതന്ത്രഇടപെടലിലൂടെ ശാശ്വതപരിഹാരം കണ്ടെത്തണമെന്നു അമേരിക്കയോടും ഇറാനോടും അഭ്യർഥിക്കുന്നതായി ഒമാൻ പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ ഒമാൻ വിദേശകാര്യമന്ത്രി യൂസഫ് അലാവിയുമായി നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്തു. 

ഉപരോധത്തെതുടർന്നു മേഖലയിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ഖത്തർ, അമേരിക്കയുമായും ഇറാനുമായും മികച്ച നയതന്ത്രബന്ധം കാത്തുസൂക്ഷിക്കുന്ന പശ്ചാത്തലത്തിൽ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽഥാനി ടെഹ്റാനിലെത്തി ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി,   വിദേശകാര്യമന്ത്രി ജവാദ് സരീഫ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മേഖലയിലെ സാഹചര്യം ആശങ്കാജനകമാണെന്നു ഖത്തർ വിദേശകാര്യമന്ത്രി വ്യക്തമാക്കി. എണ്ണ വ്യാപാരമേഖലയായ ഹോർമൂസ് കടലിടുക്കിലെ സുരക്ഷയും ചർച്ചാവിഷയമായി. 

സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, അദുബാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അ നഹ്യാൻ, ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽഥാനി, ബഹ്റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുമായി  യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നിലവിലെ സാഹചര്യങ്ങൾ ഫോണിൽ ചർച്ച ചെയ്തു. ഗൾഫ് രാജ്യങ്ങൾ അമേരിക്കയുമായി തുടരുന്ന മികച്ച നയതന്ത്ര ബന്ധത്തിനും സൈനിക താവളമൊരുക്കുന്നതടക്കമുള്ള സഹായങ്ങൾക്കും സ്റ്റേറ്റ് സെക്രട്ടരി നന്ദി അറിയിച്ചു. സൗദി ഉപപ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ വാഷിംഗ്ടണിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻറെ പ്രത്യേക നിർദേശപ്രകാരമായിരുന്നു ഉപപ്രതിരോധമന്ത്രിയുടെ അമേരിക്കൻ സന്ദർശനം. മേഖലയിലെ സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ കിരീടാവകാശിയുടെ സന്ദേശം ഖാലിദ് ബിൻ സൽമാൻ, ട്രംപിനു കൈമാറി. പ്രാദേശിക, രാജ്യാന്തര വെല്ലുവിളികളെ നേരിടാനുള്ള ശ്രമങ്ങൾ അടക്കം ഉഭയകക്ഷി സഹകരണത്തിന്റെ എല്ലാ വശങ്ങളും ചർച്ച ചെയ്തതായി ഖാലിദ് ബിൻ സൽമാൻ പറഞ്ഞു. 

ദുബായ് എക്സ്പോ അടക്കം മേഖലയിലെ സാമ്പത്തിക മുന്നേറ്റത്തിനു സാക്ഷിയാകുമെന്നു കരുതുന്ന രണ്ടായിരത്തിഇരുപതിൽ ആശങ്കകൾ ഒഴിവാക്കി സാമ്പത്തിക, സാമൂഹിക ആരോഗ്യ രംഗങ്ങളിൽ വികസനത്തിനു ശ്രമിക്കുന്ന സാഹചര്യത്തിൽ ആശങ്കകൾ ഒഴിവാക്കി സമാധാനം പുനസ്ഥാപിക്കണമെന്നാണ് ഗൾഫ് മേഖലയുടെ ആഗ്രഹം. അതിനായുളള ശ്രമങ്ങളിലാണ് എല്ലാ ഗൾഫ് രാജ്യങ്ങളും.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...