ഗിന്നസിലിടം പിടിച്ച റാസൽ ഖൈമ; വിസ്മയക്കാഴ്ചകൾ

Gulf-This-Week_Ginnes
SHARE

റാസൽഖൈമയിലെ പുതുവൽസരാഘോഷം ഗിന്നസ് ലോക റെക്കോർഡിലിടം പിടിച്ച കാഴ്ചയായിരുന്നു. ബുർജ് ഖലീഫയടക്കമുള്ള വിസ്മയസൌധങ്ങളിലും മറ്റു പ്രധാനഇടങ്ങളിലും കരിമരുന്നു പ്രയോഗവും ലേസർ ഷോയുമൊക്കെ ഒരുക്കിയിരുന്നു. പ്രവാസലോകത്തെ പുതുവൽസരാഘോഷങ്ങളുടെ കാഴ്ചകളാണ് ആദ്യം അവതരിപ്പിക്കുന്നത്

.ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിയമായ ദുബായ് ബുർജ് ഖലീഫയ്ക്കൊപ്പം ആയിരങ്ങളാണ് പുതുവൽസരത്തെ എതിരേറ്റത്. 2019 ലെ അവസാന സൂര്യൻ മറയും മുൻപേ ജനസാഗരം ബുർജ് ഖലീഫയിലേക്ക് ഒഴുകുകയായിരുന്നു. വാദ്യമേളങ്ങളോടെയായിരുന്നു പല സംഘങ്ങളുടെയും ആഘോഷയാത്ര. ബുർജ് ഖലീഫ സ്ഥിതി ചെയ്യുന്ന ഡൗണ്‍ടൗണ്‍ ദുബായിൽ സന്ധ്യയോടെ സന്ദര്‍ശകര്‍ തിങ്ങിനിറഞ്ഞു. സംഗീത-നൃത്തപരിപാടികൾ, ഫൌണ്ടൻ ഷോ, അനിമേഷൻ ഷോ, കാർണിവൽ തുടങ്ങിയവയുടെ അകമ്പടി. സന്തോഷത്തോടെ ബുർജ് ഖലീഫയേക്കാൾ ഉയരത്തിലേറിയ പ്രതീക്ഷകളോടെ പുതുവൽസരത്തെ വരവേറ്റു.

യുഎഇയുടെ വടക്കൻ എമിറേറ്റായ റാസൽഖൈമ ഗിന്നസ് റെക്കോർഡിൽ പേരു ചേർത്താണ് പുതുവൽസരത്തെ വരവേറ്റത്. മലനിരകളും താഴ്വാരങ്ങളും മിന്നിമറയുന്ന പ്രതീതിയൊരുക്കിയ അപൂർവ ലേസർഷോ ആകർഷകമായി. ഏറ്റവും നീളത്തിലുള്ള കരിമരുന്നു പ്രയോഗമെന്ന ജപ്പാൻറെ റെക്കോർഡാണ് റാസൽഖൈമ മറികടന്നത്. 3,788.86 മീറ്റർ നീളത്തിലായിരുന്നു കണ്ണഞ്ചിപ്പിക്കുന്ന വിസ്മയപ്രകാശസന്ധ്യയൊരുക്കിയത്. അൽ മർജാൻ ദ്വീപിൽ കരിമരുന്നു പ്രയോഗം ഒരുക്കിയത് 173 ഡ്രോണുകളായിരുന്നു. അതും ഗിന്നസ് റെക്കോർഡിൽ ഇടം നേടി. യുഎഇയുടെ പൈതൃകക്കാഴ്ചകളായിരുന്നു പുതിയവർഷത്തിലെ ആദ്യനിമിഷങ്ങളിൽ പ്രകാശഭേരിതമായി റാസൽഖൈമയുടെ അന്തരീക്ഷത്തിൽ നിറഞ്ഞത്.

ഷാർജ അൽ മജാസ് വാട്ടർ ഫ്രണ്ടിൽ 10 മിനിറ്റ് നീണ്ട കരിമരുന്നുപ്രയോഗം കാണാൻ ആയിരക്കണക്കിനു സന്ദർശകരെത്തി. ഖാലിദ് തടാകക്കരയിൽ അണിനിരന്നവർക്കു വിസ്മയമായിരുന്നു ആകാശത്തെ വർണവിസ്മയം. ചെറിയ ബോട്ടുകളിൽ നിന്നുതിർന്ന വർണവിസ്മയങ്ങൾക്കൊപ്പം തടാകത്തിലെ ജലധാരയും മനോഹരകാഴ്ചയായി. ദുബായ് നഗരത്തിൻറെ പൈതൃകക്കാഴ്ചയായ ബുർജ് അൽ അറബിനു മുന്നിലും വർണക്കാഴ്ചയൊരുക്കിയിരുന്നു. ജുമൈറ ബീച്ചിൽ പ്രവാസിമലയാളികളടക്കം ആയിരങ്ങളാണ് പുതുവൽസരത്തെ വരവേറ്റത്.

ദുബായുടെ ചരിത്രത്തേയും വർത്തമാനകാലത്തേയും ഒരു ഫ്രെയ്മിൽ അവതരിപ്പിക്കുന്ന ദുബായ് ഫ്രെയ്മിലും സന്ദർശകർക്കായി പുതുവൽസരക്കാഴ്ചയൊരുക്കിയിരുന്നു. ലോകം ആഗോള ഗ്രാമമായി ചുരുങ്ങുന്ന ഗ്ലോബൽ വില്ലേജിൽ വിവിധ രാജ്യക്കാരായവരുടെ പവലിയനുകളിൽ പ്രത്യേക ആഘോഷങ്ങൾ സംഘടിപ്പിച്ചു. തനതു നൃത്തവും ഭക്ഷണങ്ങളുമൊരുക്കിയായിരുന്നു ഗ്ളോബൽ വില്ലേജിലെ സന്ദർശകരെ പുതുവർഷത്തിലേക്കു നയിച്ചത്. ക്രീക്ക്, ബുർജ് അൽ അറബ്, ലാമെർ, അൽ സീഫ്, ദ് ബീച്ച് ഉൾപെടെ 25 ഇടങ്ങളിലായും പുതുവൽസരത്തെ വരവേറ്റു കരിമരുന്നു പ്രയോഗം ഒരുക്കിയിരുന്നു. യുഎഇയുടെ ചരിത്രവും വർത്തമാനവും മുന്നേറ്റങ്ങളും അടയാളപ്പെടുത്തിയ കാഴ്ചകൾക്കൊപ്പം എക്സ്പോ രണ്ടായിരത്തിഇരുപതിലേക്കുള്ള ചുവടുവയ്പ്പു കൂടി പുതുവൽസരാഘോഷങ്ങളുടെ ഭാഗമായി.

വ്യത്യസ്തമാർന്ന ആഘോഷങ്ങൾക്കും രാജ്യതലസ്ഥാനമായ അബുദാബി ഇത്തവണ സാക്ഷ്യം വഹിച്ചു. അൽ വത്ബയിലെ ഷെയ്ഖ്  സായിദ് ഫെസ്റ്റിവൽ നഗരിയിൽ അരമണിക്കൂർ നീണ്ട വെടിക്കെട്ടോടെയായിരുന്നു പുതുവൽസരാഘോഷം. എമിറേറ്റ്‌സ് ത്രിഡി വാട്ടർ ഫൗണ്ടൻ ഡിസ്‌പ്ളേകളും ഇമറാത്തി ഗാനങ്ങളുടെ പശ്ചാത്തലത്തിൽ ലേസർ ഷോകളും ഒരുക്കിയിരുന്നു. അബുദാബി അൽ വത്ബ, കോർണീഷ്, യാസ് ഐലൻഡ് എന്നിവിടങ്ങളിലൊരുക്കിയ ആഘോഷപരിപാടികൾ വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവ് പകരുന്നതായിരുന്നു. മുസഫ ഡെൽമ മാളിൽ  പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ശീതകാല ഉത്സവം സംഘടിപ്പിച്ചു. നൃത്ത ശിൽപശാലകൾ, ഡി.ജെ. മ്യൂസിക്, ഫെയ്‌സ് പെയിന്റിങ് തുടങ്ങിയവയ്ക്കായി മൽസരങ്ങളൊരുക്കി. മുപ്പതോളം രാജ്യങ്ങളുടെ വൈവിധ്യമായ വസ്ത്രധാരണങ്ങളോടെ കുട്ടികളുടെ ഫാഷൻ ഷോ ഒരുക്കിയായിരുന്നു പുതുവൽസര കാർണിവൽ. ഒമാനിലെ പുതുവൽസരാഘോഷങ്ങൾക്കു പാശ്ചാത്യരാജ്യങ്ങളിലെ സഞ്ചാരികളുടെ സജീവസാന്നിധ്യമുണ്ടായിരുന്നു. മൂന്ന് ക്രൂയിസ് ഷിപ്പുകളാണ്  സുൽത്താൻ ഖാബൂസ് തുറമുഖത്  നങ്കൂരമിട്ടത്. മസീറ അടക്കമുള്ള ദ്വീപുകളിൽ വിനോദസഞ്ചാരികൾക്കായി വർണാഭമായ പുതുവൽസരാഘോഷം ഒരുക്കി. പുതുവത്സരമാഘോഷിക്കുന്ന  സഞ്ചാരികളുടെ എണ്ണത്തില്‍ 86 ശതമാനത്തിന്റെ  വർധനവാണ്  രേഖപ്പെടുത്തിയത്.

സൌദിയിലെ റിയാദ്, ദമ്മാം, ജിദ്ദ, ഖത്തറിൻറെ തലസ്ഥാനമായ ദോഹ, ബഹ്റൈനിലെ മനാമ, കുവൈത്ത് സിറ്റി എന്നിവിടങ്ങളിലും പ്രവാസിമലയാളികളുടെ സജീവസാന്നിധ്യത്തോടെയായിരുന്നു പുതുവൽസരാഘോഷം. എക്സ്പോ രണ്ടായിരത്തിഇരുപതിനു വേദിയാകുന്ന ദുബായ് നഗരം പുതിയ വർഷം ഗൾഫിലെ പ്രധാനആകർഷണകേന്ദ്രമാകാനൊരുങ്ങിയ കാഴ്ചയായിരുന്നു പുതുവർഷരാവിലെ വിസ്മയം.

പ്രവാസികളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള രണ്ടാംലോക കേരള സഭയ്ക്ക് തിരുവനന്തപുരം വേദിയായി. ഒന്നിക്കാം, സംവദിക്കാം, മുന്നേറാം എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ലോകകേരള സഭയ്ക്കു മുഖ്യമന്ത്രി നേരിട്ടാണ് നേതൃത്വം വഹിക്കുന്നത്. അതേസമയം, ലോകകേരളസഭ ധൂർത്താണെന്ന ആരോപണത്തോടെ പ്രതിപക്ഷം ചടങ്ങുകൾ ബഹിഷ്കരിച്ചു.

നവകേരള നിർമിതിക്കു പ്രവാസികളുടെ സജീവപങ്കാളിത്തം ഉറപ്പുവരുത്തുകയും പ്രവാസികളുടെ ഉന്നമനത്തിനായി പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ലോകകേരളസഭ  സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ രണ്ടാം ലോക കേരളസഭ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്‍റെ നേട്ടങ്ങള്‍ക്കൊപ്പം ലോക മലയാളികളുടെ നേട്ടങ്ങളും എടുത്തുപറഞ്ഞായിരുന്നു ഗവർണറുടെ ഉദ്ഘാടന പ്രസംഗം.

ആദ്യ ലോകകേരളസഭ സമ്മേളനത്തിലെ എല്ലാ തീരുമാനങ്ങളും നടപ്പാക്കിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ലോകകേരള സഭ വന്നതോടെ പ്രവാസികളും നാടുമായുള്ള ബന്ധം കൂടുതൽ ദൃഢമായെന്നു മുഖ്യമന്ത്രി. ലോകകേരളസഭയിലെ തീരുമാനങ്ങള്‍ക്ക് നിയമപരിക്ഷ നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രഖ്യാപനത്തെ സഭാ അംഗങ്ങൾ സ്വാഗതം ചെയ്തു. മൂന്നുദിവസമാണ് ലോകകേരളസഭയുടെ രണ്ടാം സമ്മേളനം. യുഎഇ, മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങൾ തുടങ്ങിയ മേഖലകൾക്കായി ഏഴു മേഖലാ സമ്മേളനങ്ങൾ, എട്ടു വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള സമിതികളുടെ റിപ്പോർട്ടുകൾ എന്നിവ സമ്മേളനത്തിൻറെ അജണ്ടയായി. ലോകകേരളസഭാ സമ്മേളനത്തിൻറെ ഭാഗമായി ഒരു ദിവസം നീണ്ട മാധ്യമസഭയും തിരുവനന്തപുരത്തു സംഘടിപ്പിച്ചു. നവകേരള നിർമിതിയിൽ മാധ്യമങ്ങളുടെ പങ്ക്, പശ്ചിമേഷ്യയും കേരള വികസനവും, നവകേരളത്തിൻറെ ആഗോള പരിപ്രേക്ഷ്യം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ചർച്ചകൾ സംഘടിപ്പിച്ചു. പ്രവാസലോകത്തെ വിവിധ മാധ്യമപ്രവർത്തകർ ചർച്ചകളുടെ ഭാഗമായി.

അതേസമയം, ലോക കേരളസഭ ധൂര്‍ത്താണെന്ന ആരോപണമുന്നയിച്ചു പ്രതിപക്ഷം ഒന്നടങ്കം ചടങ്ങുകൾ ബഹിഷ്കരിച്ചു. മന്ത്രിമാര്‍, എം.എല്‍.എമാര്‍ പ്രമുഖ വ്യവസായികള്‍ തുടങ്ങിയവരാണ് ലോകകേരളസഭയുടെ രണ്ടാം സമ്മേളനത്തിൻറെ ഭാഗമായത്.

പഠനം, സംഗീതം, എഴുത്ത്, പരിസ്ഥിതി സംരക്ഷണം. ഈ മേഖലകളിൽ സജീവസാന്നിധ്യമായ ഒരു പ്രവാസിമലയാളിയായ വിദ്യാർഥിയെയാണ് ഇനി പരിചയപ്പെടുന്നത്. ദുബായിലെ പ്രശ്സ്തമായ ഷെയ്ഖ് ഹംദാൻ റാഷിദ് അൽ മക്തും ഫൌണ്ടേഷൻ അക്കാദമിക് പുരസ്കാരം നേടിയ കാശിനാഥ് പ്രാണേഷിൻറെ വിശേഷങ്ങളിലേക്ക്.

പത്തുവയസുകാരൻ കാശിനാഥ് പുസ്തകങ്ങളെ ഇഷ്ടപ്പെട്ടുതുടങ്ങിയത് മൂന്നാം വയസിലായിരുന്നു. ലോകത്തെ ഏറ്റവും വലിയ പുസ്തകോത്സവങ്ങളിലൊന്നായ ഷാർജ രാജ്യാന്തര പുസ്കതോൽസവത്തിൽ അച്ഛൻ പ്രാണേഷിനൊപ്പം പോയാണ് പുസ്തകങ്ങളുടെ വിശാലലോകത്തെ കാശ്നാഥ് പരിചയപ്പെടുന്നത്. ആ പരിചയത്തിൽ നിന്നും ഒടുവിലെത്തിയത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ സ്വന്തം പുസ്തകം പ്രകാശനം ചെയ്തു കൊണ്ടായിരുന്നു. എഴുതിയകഥകളിൽ തിരഞ്ഞെടുത്ത ഒമ്പത് കഥകൾ സമാഹരിച്ച സീക്കിങ് ത്രൂ ദ പാസ്റ്റ് എന്ന പുസ്കമാണ് പ്രകാശനം ചെയ്തത്.

എമിറേറ്റ്‌സ് ഷോർട്ട് സ്റ്റോറി, ഗ്ലോബൽ വില്ലേജ്, കിഡ്‌സ് ഫോർ ഫൺ തുടങ്ങി യു.എ.ഇ.യിലെ വിവിധമത്സരങ്ങളിൽ സമ്മാനാർഹമായ കഥകളാണ് പുസ്തകത്തിലുള്ളത്. സാഹസികകഥകൾ ഇഷ്ടമുള്ള കാശിനാഥിന്റെ എഴുത്തുകളിലും കൂടുതലും സാഹസിക മുഹൂർത്തങ്ങളാണ്. എഴുത്തിൽ മാത്രമല്ല ഈ അഞ്ചാം ക്ളാസുകാരൻറെ ശ്രദ്ധ. പരിസ്ഥിതി സംരക്ഷണം എല്ലാവരുടേയും കടമയാണെന്നു ഓർമപ്പെടുത്തലോടെ ആ രംഗത്തും സജീവസാന്നിധ്യമാണ് കാശിനാഥ്. 2018-19-ലെ ശൈഖ് ഹംദാൻ ബിൻ റഷീദ് അൽ മക്തൂം ഫൗണ്ടേഷൻ അക്കാദമി അവാർഡിന് കാശിനാഥിനെ അർഹനാക്കിയത് പഠനത്തോടൊപ്പമുള്ള പരിസ്ഥിതി പ്രവർത്തനമാണ്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, മൊബൈൽ ഫോണുകൾ, കടലാസ് എന്നിവ സംഭരിച്ച് സംസ്കരിക്കുന്നതിനും കാശിനാഥ് മുന്നിട്ടിറങ്ങുന്നു.

ലോറേറ്റ് പുരസ്കാരം, മാർസ് അന്താരാഷ്ട്ര സ്‌പെല്ലിങ് ബി മത്സരത്തിൽ ജി.സി.സി. തലത്തിൽ രണ്ടാംസ്ഥാനം, അബാക്കസിൽ ദേശീയതല ചാമ്പ്യൻ ഇങ്ങനെ മികവിനെ അടയാളപ്പെടുത്തിയ പുരസ്കാരങ്ങൾ ഏറെ. സംഗീതരംഗത്തും ഈ അഞ്ചാം ക്ളാസുകാരൻ മികവ് തെളിയിച്ചുതുടങ്ങിയിട്ടുണ്ട്. കീ ബോർഡ് വായിക്കുന്നതിലും സംഗീതം അഭ്യസിക്കുന്നതിലും സജീവമാണ് കാശിനാഥ്. എല്ലാത്തിനുമിടയിൽ സംഗീതത്തിനായും സമയം കൃത്യമായി കണ്ടെത്തുന്നുണ്ട് ഈ മിടുക്കൻ.

പുസ്തകങ്ങളോടു ചങ്ങാത്തം കൂടിയതോടെ അതു മറ്റുള്ളവർക്കും പ്രയോജനപ്പെടണമെന്ന ലക്ഷ്യത്തോടെ വീട്ടിൽ ഒരു ലൈബ്രറി തുടങ്ങിയിട്ടുണ്ട്. ആയിരത്തോളം പുസ്തകങ്ങൾ ചിട്ടയായി സൂക്ഷിച്ചിരിക്കുന്ന ലൈബ്രറിയിൽ നിന്നും വിദ്യാർഥികൾക്ക്, സുഹൃത്തുക്കൾക്കു പുസ്തകങ്ങൾ വായിക്കാനെടുക്കാം. കൃത്യമായി തിരികെയേൽപ്പിക്കണമെന്നു മാത്രം. ഓൺലൈൻ ഗെയ്മുകൾക്കു മുന്നിൽ തലകുനിക്കുന്ന വിദ്യാർഥികൾക്കു മാതൃകയാവുകയാണ് കാശിനാഥ്.

തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി പ്രാണേഷ് നായരുടെ മകനാണ് കാശിനാഥ്. അമ്മ ധന്യയും അനുജത്തി മീനാക്ഷിയും കാശിനാഥിനു പൂർണപിന്തുണയുമായി കൂടെയുണ്ട്. മകൻ പുസ്തകങ്ങൾക്കൊപ്പം പ്രകൃതിയേയും സ്നേഹിക്കുന്ന കാഴ്ച ആരുടേയും നിർദേശമില്ലാതെ സ്വന്തമായുള്ള തീരുമാനമാണെന്നു അച്ഛൻറെ സാക്ഷ്യം. ഐഐടിയിൽ പഠിച്ച് ഇന്ത്യൻ വിദേശകാര്യസർവീസിൽ ജോലി നേടണമെന്നാണ് ഈ മിടുക്കൻറെ ആഗ്രഹം. അതിനായി  പ്രകൃതിയോട് അടുത്തു നിന്നുകൊണ്ടു ജീവിതത്തെ ക്രമപ്പെടുത്തുകയാണ് ഇതേപ്രായക്കാരായ മറ്റു കുട്ടികൾക്കുകൂടി മാതൃകയായ ഈ ആറാം ക്ളാസുകാരൻ.

കേരളത്തിന് പുറത്ത് അരങ്ങേറുന്ന ഏറ്റവും വലിയ മലയാള നടകോത്സവമാണ് അബുദാബിയിലെ ഭരത് മുരളി നാടകോത്സവം. പ്രവാസലോകത്തെ നാടകപ്രതിഭകൾക്കും നാടകപ്രമേികൾക്കും ആവേശമായ നാടകോത്സവത്തിൻറെ വിശേഷങ്ങളാണ് ഇനി കാണുന്നത്.

സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഗള്‍ഫിലെ നാടകരംഗത്തും ഏറെ ശ്രദ്ധേയരായ സംവിധായകരുടെ സംവിധാനത്തിലാണ് ഓരോ നാടകങ്ങളും ആണ് അരങ് തകർത്തത് .  യു.എ.ഇയുടെ വിവിധ പ്രവശ്യകളില്‍ നിന്നുള്ള 8 നാടകങ്ങളാണ് ഇത്തവണ മത്സരരംഗത്തുള്ളത്.

അബുദാബി മലയാളി സമാജം അവതരിപ്പിച്ച നാടകം ചാവേർ എന്ന നാടകം  അവതരണ മികവിനാലും അഭിനേതാക്കളുടെ മികവുറ്റ പ്രകടനത്താലും ശ്രദ്ധേയമായി. ചാവേറുകളും, മാമാങ്കവും ആധുനിക ഭീകരതയുമെല്ലാം ഇഴ പിരിഞ്ഞ കഥയാണ് ചാവേർ . കഴിഞ്ഞ വർഷത്തെ ഭരത് മുരളി നാടകോത്സവത്തിൽ മികച്ച പ്രവാസി സംവിധായകനുള്ള  പുരസ്‌കാരം നേടിയ കെ.വി ബഷീറാണ് സംവിധാനം.

പ്രവാസലോകത്തെ നാടകപ്രവർത്തകൻ ബിജുകിഴക്കനേലയും ഷിജുമുരുക്കുംപുഴയും ചേർന്നൊരുക്കിയ അർദ്ധനാരീശ്വരൻ ലളിതമായ അവതരണത്താലും കാലിക പ്രസക്തിയാലും ശ്രദ്ധേയമായി. സ്ത്രീയും പുരുഷനും ഒരേ ആത്മാവായ് ചേർന്ന് നിൽക്കുമ്പോൾ അവിടെ ദൈവീകത ഉടലെടുക്കുന്നുവെന്നും അതിനിടയിലുണ്ടാകുന്ന അകൽച്ചകൾ അതേ ദൈവമെന്ന സങ്കല്പത്തെ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നാണ് നാടകകൃത്ത് പറഞ്ഞുവെക്കുന്നത്.

 ദുബായിലെ സുധീർ ബാബുട്ടൻ സംവിധാനം ചെയ്ത ചാവ് സാക്ഷ്യം എന്ന നാടകം ഉൾപ്പടെ മൂന്ന് നാടകങ്ങളാണ് പ്രവാസലോകത്തെ പ്രതിനിധീകരിച്ചത്.

പ്രശസ്തസിനിമ നാടക സംവിധായകനും ദേശീയ അവാർഡ് ജേതാവും 5  തവണ ഭരത് മുരളി നാടകോത്സവത്തിൽ മികച്ച സംവിധകാനുള്ള പുരസ്‌കാരം ലഭിച്ച സുവീരൻ ഉൾപ്പടെയുള്ള സംവിധകയരാണ് നാട്ടിൽ നിന്നുമെത്തിയത്. വിധികർത്താക്കളായ നരിപ്പറ്റ രാജു, ടി.വി. ബാലകൃഷ്ണൻ എന്നിവരാണ് വിധകർത്താക്കൾ. അബുദാബി കേരള സോഷ്യല്‍ സെന്‍ററിൻറെ നേതൃത്വത്തിലാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്. ബീരാൻ കുട്ടി നാടകങ്ങളെ ഇഷ്ടപ്പെടുന്ന പ്രവാസിമലയാളികളുടെ സജീവസാന്നിധ്യമാണ് നാടകോത്സവത്തെ വിജയിപ്പിക്കുന്നത്.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...