ലോകകേരളസഭ സമ്മേളനം; പ്രവാസികളുടെ പുരോഗമന പ്രതീക്ഷകൾക്ക് ചിറക്

gtw-lokakerala
SHARE

പ്രവാസികളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള രണ്ടാംലോക കേരള സഭയ്ക്ക് തിരുവനന്തപുരം വേദിയായി. ഒന്നിക്കാം, സംവദിക്കാം, മുന്നേറാം എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ലോകകേരള സഭയ്ക്കു മുഖ്യമന്ത്രി നേരിട്ടാണ് നേതൃത്വം വഹിക്കുന്നത്. അതേസമയം, ലോകകേരളസഭ ധൂർത്താണെന്ന ആരോപണത്തോടെ പ്രതിപക്ഷം ചടങ്ങുകൾ ബഹിഷ്കരിച്ചു.

നവകേരള നിർമിതിക്കു പ്രവാസികളുടെ സജീവപങ്കാളിത്തം ഉറപ്പുവരുത്തുകയും പ്രവാസികളുടെ ഉന്നമനത്തിനായി പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ലോകകേരളസഭ  സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ രണ്ടാം ലോക കേരളസഭ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്‍റെ നേട്ടങ്ങള്‍ക്കൊപ്പം ലോക മലയാളികളുടെ നേട്ടങ്ങളും എടുത്തുപറഞ്ഞായിരുന്നു ഗവർണറുടെ ഉദ്ഘാടന പ്രസംഗം.

ആദ്യ ലോകകേരളസഭ സമ്മേളനത്തിലെ എല്ലാ തീരുമാനങ്ങളും നടപ്പാക്കിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ലോകകേരള സഭ വന്നതോടെ പ്രവാസികളും നാടുമായുള്ള ബന്ധം കൂടുതൽ ദൃഢമായെന്നു മുഖ്യമന്ത്രി. ലോകകേരളസഭയിലെ തീരുമാനങ്ങള്‍ക്ക് നിയമപരിക്ഷ നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രഖ്യാപനത്തെ സഭാ അംഗങ്ങൾ സ്വാഗതം ചെയ്തു. മൂന്നുദിവസമാണ് ലോകകേരളസഭയുടെ രണ്ടാം സമ്മേളനം. യുഎഇ, മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങൾ തുടങ്ങിയ മേഖലകൾക്കായി ഏഴു മേഖലാ സമ്മേളനങ്ങൾ, എട്ടു വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള സമിതികളുടെ റിപ്പോർട്ടുകൾ എന്നിവ സമ്മേളനത്തിൻറെ അജണ്ടയായി. ലോകകേരളസഭാ സമ്മേളനത്തിൻറെ ഭാഗമായി ഒരു ദിവസം നീണ്ട മാധ്യമസഭയും തിരുവനന്തപുരത്തു സംഘടിപ്പിച്ചു. നവകേരള നിർമിതിയിൽ മാധ്യമങ്ങളുടെ പങ്ക്, പശ്ചിമേഷ്യയും കേരള വികസനവും, നവകേരളത്തിൻറെ ആഗോള പരിപ്രേക്ഷ്യം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ചർച്ചകൾ സംഘടിപ്പിച്ചു. പ്രവാസലോകത്തെ വിവിധ മാധ്യമപ്രവർത്തകർ ചർച്ചകളുടെ ഭാഗമായി.

അതേസമയം, ലോക കേരളസഭ ധൂര്‍ത്താണെന്ന ആരോപണമുന്നയിച്ചു പ്രതിപക്ഷം ഒന്നടങ്കം ചടങ്ങുകൾ ബഹിഷ്കരിച്ചു. മന്ത്രിമാര്‍, എം.എല്‍.എമാര്‍ പ്രമുഖ വ്യവസായികള്‍ തുടങ്ങിയവരാണ് ലോകകേരളസഭയുടെ രണ്ടാം സമ്മേളനത്തിൻറെ ഭാഗമായത്.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...