കുരുന്നുകൾക്ക് മാതൃകയായി കാശിനാഥൻ, സകലകലാവല്ലഭൻ

gtw-smart-boy
SHARE

പഠനം, സംഗീതം, എഴുത്ത്, പരിസ്ഥിതി സംരക്ഷണം. ഈ മേഖലകളിൽ സജീവസാന്നിധ്യമായ ഒരു പ്രവാസിമലയാളിയായ വിദ്യാർഥിയെയാണ് ഇനി പരിചയപ്പെടുന്നത്. ദുബായിലെ പ്രശ്സ്തമായ ഷെയ്ഖ് ഹംദാൻ റാഷിദ് അൽ മക്തും ഫൌണ്ടേഷൻ അക്കാദമിക് പുരസ്കാരം നേടിയ കാശിനാഥ് പ്രാണേഷിൻറെ വിശേഷങ്ങളിലേക്ക്.

പത്തുവയസുകാരൻ കാശിനാഥ് പുസ്തകങ്ങളെ ഇഷ്ടപ്പെട്ടുതുടങ്ങിയത് മൂന്നാം വയസിലായിരുന്നു. ലോകത്തെ ഏറ്റവും വലിയ പുസ്തകോത്സവങ്ങളിലൊന്നായ ഷാർജ രാജ്യാന്തര പുസ്കതോൽസവത്തിൽ അച്ഛൻ പ്രാണേഷിനൊപ്പം പോയാണ് പുസ്തകങ്ങളുടെ വിശാലലോകത്തെ കാശ്നാഥ് പരിചയപ്പെടുന്നത്. ആ പരിചയത്തിൽ നിന്നും ഒടുവിലെത്തിയത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ സ്വന്തം പുസ്തകം പ്രകാശനം ചെയ്തു കൊണ്ടായിരുന്നു. എഴുതിയകഥകളിൽ തിരഞ്ഞെടുത്ത ഒമ്പത് കഥകൾ സമാഹരിച്ച സീക്കിങ് ത്രൂ ദ പാസ്റ്റ് എന്ന പുസ്കമാണ് പ്രകാശനം ചെയ്തത്.

എമിറേറ്റ്‌സ് ഷോർട്ട് സ്റ്റോറി, ഗ്ലോബൽ വില്ലേജ്, കിഡ്‌സ് ഫോർ ഫൺ തുടങ്ങി യു.എ.ഇ.യിലെ വിവിധമത്സരങ്ങളിൽ സമ്മാനാർഹമായ കഥകളാണ് പുസ്തകത്തിലുള്ളത്. സാഹസികകഥകൾ ഇഷ്ടമുള്ള കാശിനാഥിന്റെ എഴുത്തുകളിലും കൂടുതലും സാഹസിക മുഹൂർത്തങ്ങളാണ്. എഴുത്തിൽ മാത്രമല്ല ഈ അഞ്ചാം ക്ളാസുകാരൻറെ ശ്രദ്ധ. പരിസ്ഥിതി സംരക്ഷണം എല്ലാവരുടേയും കടമയാണെന്നു ഓർമപ്പെടുത്തലോടെ ആ രംഗത്തും സജീവസാന്നിധ്യമാണ് കാശിനാഥ്. 2018-19-ലെ ശൈഖ് ഹംദാൻ ബിൻ റഷീദ് അൽ മക്തൂം ഫൗണ്ടേഷൻ അക്കാദമി അവാർഡിന് കാശിനാഥിനെ അർഹനാക്കിയത് പഠനത്തോടൊപ്പമുള്ള പരിസ്ഥിതി പ്രവർത്തനമാണ്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, മൊബൈൽ ഫോണുകൾ, കടലാസ് എന്നിവ സംഭരിച്ച് സംസ്കരിക്കുന്നതിനും കാശിനാഥ് മുന്നിട്ടിറങ്ങുന്നു.

ലോറേറ്റ് പുരസ്കാരം, മാർസ് അന്താരാഷ്ട്ര സ്‌പെല്ലിങ് ബി മത്സരത്തിൽ ജി.സി.സി. തലത്തിൽ രണ്ടാംസ്ഥാനം, അബാക്കസിൽ ദേശീയതല ചാമ്പ്യൻ ഇങ്ങനെ മികവിനെ അടയാളപ്പെടുത്തിയ പുരസ്കാരങ്ങൾ ഏറെ. സംഗീതരംഗത്തും ഈ അഞ്ചാം ക്ളാസുകാരൻ മികവ് തെളിയിച്ചുതുടങ്ങിയിട്ടുണ്ട്. കീ ബോർഡ് വായിക്കുന്നതിലും സംഗീതം അഭ്യസിക്കുന്നതിലും സജീവമാണ് കാശിനാഥ്. എല്ലാത്തിനുമിടയിൽ സംഗീതത്തിനായും സമയം കൃത്യമായി കണ്ടെത്തുന്നുണ്ട് ഈ മിടുക്കൻ.

പുസ്തകങ്ങളോടു ചങ്ങാത്തം കൂടിയതോടെ അതു മറ്റുള്ളവർക്കും പ്രയോജനപ്പെടണമെന്ന ലക്ഷ്യത്തോടെ വീട്ടിൽ ഒരു ലൈബ്രറി തുടങ്ങിയിട്ടുണ്ട്. ആയിരത്തോളം പുസ്തകങ്ങൾ ചിട്ടയായി സൂക്ഷിച്ചിരിക്കുന്ന ലൈബ്രറിയിൽ നിന്നും വിദ്യാർഥികൾക്ക്, സുഹൃത്തുക്കൾക്കു പുസ്തകങ്ങൾ വായിക്കാനെടുക്കാം. കൃത്യമായി തിരികെയേൽപ്പിക്കണമെന്നു മാത്രം. ഓൺലൈൻ ഗെയ്മുകൾക്കു മുന്നിൽ തലകുനിക്കുന്ന വിദ്യാർഥികൾക്കു മാതൃകയാവുകയാണ് കാശിനാഥ്.

തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി പ്രാണേഷ് നായരുടെ മകനാണ് കാശിനാഥ്. അമ്മ ധന്യയും അനുജത്തി മീനാക്ഷിയും കാശിനാഥിനു പൂർണപിന്തുണയുമായി കൂടെയുണ്ട്. മകൻ പുസ്തകങ്ങൾക്കൊപ്പം പ്രകൃതിയേയും സ്നേഹിക്കുന്ന കാഴ്ച ആരുടേയും നിർദേശമില്ലാതെ സ്വന്തമായുള്ള തീരുമാനമാണെന്നു അച്ഛൻറെ സാക്ഷ്യം. ഐഐടിയിൽ പഠിച്ച് ഇന്ത്യൻ വിദേശകാര്യസർവീസിൽ ജോലി നേടണമെന്നാണ് ഈ മിടുക്കൻറെ ആഗ്രഹം. അതിനായി  പ്രകൃതിയോട് അടുത്തു നിന്നുകൊണ്ടു ജീവിതത്തെ ക്രമപ്പെടുത്തുകയാണ് ഇതേപ്രായക്കാരായ മറ്റു കുട്ടികൾക്കുകൂടി മാതൃകയായ ഈ ആറാം ക്ളാസുകാരൻ.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...