ദുബായിൽ 'പുലി'കളിറങ്ങി പൂരവും; നാദവിസ്മയം തീർത്ത് നട്ടന്നൂരും സംഘവും

pooram-19
SHARE

തൃശൂർ പൂരത്തിന്റെ ഓർമകളുണർത്തി ദുബായിൽ പുലികളിറങ്ങി. ഒപ്പം നാദ വിസ്മയം തീർത്തു മട്ടന്നൂരും സ്റ്റീഫൻ ദേവസ്സിയും. തൃശൂർ പൂരത്തിൻറെ ദുബായ് പതിപ്പിൻറെ കാഴ്ചകളാണ് ഇനി കാണുന്നത്. തൃശൂർ പൂരത്തിലെ ആവേശക്കാഴ്ചയായ പുലികളിയുടെ മനോഹാരിതയും ആവേശവും പകർന്ന കാഴ്ചകൾ. സാംസ്കാരിക നഗരിയിലെ പുലികൾ സ്വപ്നനഗരിയിൽ ചുവടുവച്ചു. തൃശൂർ പൂരം ദുബായിൽ പുനസൃഷ്ടിച്ചാണ്' മ്മ്ടെ തൃശൂർ' എന്ന പ്രവാസിസംഘടന വിസ്മയക്കാഴ്ചയൊരുക്കിയത്. 

തൃശൂരിന്റെ സ്വകാര്യ അഹങ്കാരമായ പുലിക്കളി അതിന്റെ തനത് രൂപവും ഭാവവും നഷ്ടപ്പെടാതെ സമ്പൂർണ സന്നാഹങ്ങളോടെ ഇന്ത്യക്ക് പുറത്തെത്തുന്നതു ഇതാദ്യമായാണ്. ഈ വർഷത്തെ തൃശൂർപൂരത്തിൽ മെയ്യെഴുത്തിൽ ഒന്നാംസ്ഥാനം നേടിയ ോട്ടപ്പുറം സംഘത്തിലെ പതിനഞ്ചിലേറെ പുലികൾക്കൊപ്പം നൈജീരിയൻ കാമറൂൺ പുലികളും അരങ്ങുതകർത്തു. മെയ്യെഴുത്തിന്റെ മികവോടെ പുലികൾ ദുബായി ബോളിവുഡ് പാർക്കിലിറങ്ങിയപ്പോൾ പ്രവാസികളും ആവേശത്തോടെ കൂടെയാടി. 

മേളകലയിലെ അപൂർവപ്രതിഭ മട്ടന്നൂർ ശങ്കരൻകുട്ടി ആശാനും മക്കൾ ശ്രീരാഗ്, ശ്രീരാജ് എന്നിവരും ചേർന്നൊരുക്കിയ ട്രിപ്പിൾ തായമ്പക പ്രവാസലോകത്ത് പ്രകമ്പനം സൃഷ്ടിച്ചു. പന്ത്രണ്ടു കലാകാരൻമാർ അണിനിരന്നു താളം തിമിർത്തത് ആവേശക്കാഴ്ചയായി. തൃശൂരിന്റെ സ്വന്തം കീബോർഡ് മാന്ത്രികൻ സ്റ്റീഫൻ ദേവസിയുടെ സംഗീതത്തിനൊപ്പം പ്രവാസികൾ പൂരാഘോഷം കെങ്കേമമാക്കി. കാസർകോട് മടിക്കൈ കലാസമിതി അവതരിപ്പിച്ച നാട്ടുപൊലിമയും വടംവലിയുമൊക്കെ കൊണ്ട് സമ്പന്നവും ഗംഭീരവുമായിരുന്നു വിസ്മയോത്സവം. 

മട്ടന്നൂരിനൊപ്പം  ശിങ്കാരിമേളം, പരുന്താട്ടം, കാവടിയാട്ടം, മയിലാട്ടം, തെയ്യം, തിറ, കരോൾ, ബാൻഡ് മേളം, പൂക്കാവടി തുടങ്ങിയവ അണിനിരന്ന സാംസ്കാരിക ഘോഷയാത്ര സാംസ്കാരിക കേരളത്തിൻറെ തനിപ്പകർപ്പായി മാറി. ഷാർജയിലെ മടിക്കൈ നാടൻ കാലസംഘം അവതരിപ്പിക്കുന്ന നാടൻപാട്ട്, മുടിയാട്ടം, മറയുരാട്ടം, കോരമ്പ ആട്ടം, ചങ്ങനും പൊങ്ങനും, വടിനൃത്തം, അഗ്നി ഭദ്രകാളി, തുടങ്ങിയ നാടൻ കലാരൂപങ്ങളുടെ ആവിഷ്കാരമായ 'നാട്ടുപൊലിമ' പ്രവാസികൾക്ക് തികച്ചും വ്യത്യസ്തമായ ഒരനുഭവമായിരുന്നു. നാടു മറക്കുന്ന കലാരൂപങ്ങൾ പ്രവാസലോകത്തിൻറെ ആവേശമായി കൈനീട്ടി സ്വീകരിച്ച കാഴ്ച.

ആഘോഷങ്ങൾക്കു കേരളത്തിൻറെ സമ്പൂർണതനിമയേകി കോൽക്കളി, ദഫ്മുട്ടു, കളരി തുടങ്ങിയവയും അണിനിരന്നു. അടുത്ത വർഷം ഏപ്രിലിലിൽ അതിഗംഭീരമായൊരു തൃശൂർ പൂരം വീണ്ടും പ്രവാസലോകത്ത് പുനസൃഷ്ടിക്കാനൊരുങ്ങുകയാണ് സാംസ്കാരിക നഗരിയെ സ്നേഹിക്കുന്ന മമ്ടെ തൃശൂരെന്ന പ്രവാസികൂട്ടായ്മ.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...