ക്രിസ്മസിനെ വരവേറ്റ് പ്രവാസിലോകം; ഇനി ആഘോഷത്തിന്റെ നാളുകൾ

christmas-19
SHARE

നാട്ടിലേതെന്ന പോലെ കാരൾ സംഗീതവും പുൽക്കൂടും ക്രിസ്മസ് ട്രീയും ഷോപ്പിങ്ങുമൊക്കെയായി ക്രിസ്മസ് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസിമലയാളികൾ. പള്ളികളിൽ പ്രത്യേക പ്രാർഥനകളുണ്ടാകും. പ്രവാസിമലയാളികളുടെ ക്രിസ്മസ് ഒരുക്കത്തിൻറെ കാഴ്ചകളും വിശേഷങ്ങളുമാണ് ആദ്യം കാണുന്നത്.

ഗൃഹാതുരത്വം നിറഞ്ഞ ക്രിസ്മസ് ഓർമകളെ പ്രവാസലോകത്ത് താലോലിക്കുകയാണ് ഗൾഫ് മലയാളികൾ. സ്കൂൾ അവധിക്കാലത്ത് നക്ഷത്രവിളക്കു തൂക്കാനും കാരൾ സംഘങ്ങളുമായി നാടു ചുറ്റാനും കഴിഞ്ഞ നല്ല കാലത്തിൻറെ ഓർമപ്പെടുത്തലുകളിലാണ് പ്രവാസിയുടെ ജീവിതം. പക്ഷേ, ഓർമകളെ താലോലിക്കാൻ മാത്രമല്ല അതിനെ പുനർനിർമിക്കാൻ കൂടിയാണ് പ്രവാസിമലയാളികളുടെ ഒരുക്കം. ആഘോഷത്തോടെ അവിസ്മരണീയമായ ക്രിസ്മസ് ആഘോഷിക്കാനൊരുങ്ങുകയാണ് പ്രവാസിമലയാളികൾ. നാട്ടിലേതെന്ന പോലെ ക്രിസ്മസ് അപ്പൂപ്പനും നക്ഷത്രവിളക്കുകളുമൊക്കെയായി കാരൾ സംഘങ്ങൾ മരുഭൂമിയുടെ ഇടനാഴികളിൽ സജീവമാണ്. നന്മയുടെ നക്ഷത്രവിളക്കുകളിൽ അണയാതെ കത്തട്ടെയെന്ന ഓർമപ്പെടുത്തലോടെ.

ഫ്ളാറ്റുകൾ കേന്ദീകരിച്ചുള്ള കാരൾ സംഘങ്ങൾക്കൊപ്പം ദേവാലയങ്ങളിലും കാരൾ സർവീസുകൾ തുടങ്ങിക്കഴിഞ്ഞു. ദുബായ് സിഎസ്ഐ ഇടവകയുടെ നേതൃത്വത്തിൽ ദുബായ് ഹോളി ട്രിനിറ്റി ദേവാലയത്തിൽ കാരൾ സംഗീതപരിപാടി അവതരിപ്പിച്ചു. എൻറെ ഹൃദയത്തിലേക്കു വരികയെന്ന പ്രമേയത്തിൽ ഇടവകവികാരി റവ.ഡോ.പി.കെ കുരുവിളയുടെ നേതൃത്വത്തിലായിരുന്നു കാരൾ സർവീസ്.

വിവിധ ക്രൈസ്തവവിഭാഗങ്ങൾ ഒന്നുചേർന്നു ഒരുമയുടെ സന്ദേശവുമായി പ്രവാസലോകത്ത് ക്രിസ്മസ് കാരൾ പരിപാടികളും ഒരുക്കിയിട്ടുണ്ട്. വിഭാഗീയതകളുയരുന്ന ലോകത്ത് ഒരുമയുടെ സന്തോഷവും സന്ദേശവുമാണ്  പ്രവാസികൾ പങ്കുവയ്ക്കുന്നത്.ഒരു നൂറ്റാണ്ട് മുൻപുള്ള ക്രിസ്മസ് ഗ്രാമത്തെ പുനരാവിഷ്കരിച്ചിരിക്കുന്ന മഹോഹര കാഴ്ചയാണ് അബുദാബി അൽ വഹ്ദ മാളിലെ ഐസ് ദ്വീപിൽ ഒരുക്കിയിരിക്കുന്നത്. മഞ്ഞുമലയും മൃഗങ്ങളുടെ രൂപങ്ങളുമൊക്കെ സന്ദർശകരെ ക്രിസ്മസ് ഓർമകളിലേക്കു ആനയിക്കുന്നു.

കൂറ്റൻ ക്രിസ്മസ് ട്രീയും സാന്താക്ളോസും ഒരുക്കി ഷോപ്പിങ് മാളുകൾ ക്രിസ്മസ് ആഘോഷം തുടങ്ങിക്കഴിഞ്ഞു. കുട്ടികൾക്കു വിസ്മയമൊരുക്കി ക്രിസ്മസ് പാപ്പയോട് സല്ലപിക്കാനും അബുദാബിയിലെ മാളിൽ അവസരമൊരുക്കിയിട്ടുണ്ട്. ക്രിസ്മസ് വരവേല്‍ക്കാന്‍ കേക്കു വിപണിയും  സജീവമായി കഴിഞ്ഞു. പ്രവാസിമലയാളികളാണ് കേക്കുവിപണിയിലെ പ്രധാന ഉപഭോക്താക്കൾ. അതേസമയം, വർഷാവസാന അവധി പ്രമാണിച്ചു പുതുവൽസരം വരെ നീളുന്ന ആഘോഷപരിപാടികളാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽ ഒരുക്കിയിരിക്കുന്നത്. 

ഗൾഫ് നാടുകളിലെ വിവിധ ദേവാലയങ്ങളിൽ ക്രിസ്മസിനെ വരവേൽക്കാൻ പ്രത്യേക പ്രാർഥനകൾ തുടങ്ങിയിട്ടുണ്ട്. ക്രിസ്മസ് രാവിൽ നാട്ടിലേതെന്ന പോലെ പ്രത്യേക കുർബാനയും ശുശ്രൂഷകളും സംഘടിപ്പിക്കും. കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിനു ശേഷമുള്ള ആദ്യ ക്രിസ്മസെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഡിസംബറിൻറെ നനുത്ത രാവിൽ പള്ളിമണികളുടെ ചുവടുപിടിച്ച് തിരുപ്പിറവിയുടെ സന്തോഷം പങ്കുവയ്ക്കുന്ന നാട്ടിലെ ഓർമകളെ അതേപടി ഇവിടെ പ്രവാസലോകത്തും പറിച്ചുനടുകയാണ് പ്രവാസിമലയാളികൾ. ആഘോഷങ്ങൾക്കും ആരവങ്ങൾക്കും അതീതമായി ക്രിസ്മസിൻറെ നന്മയും സന്തോഷവും എല്ലാവരിലും നിറയട്ടെയെന്നാണ് പ്രവാസലോകത്തിൻറെ ആശംസ.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...