തനിമ ചോരാതെ പ്രവാസമണ്ണിലേക്ക് പാരമ്പര്യ കലകൾ; ആസ്വദിച്ച് പ്രവാസികൾ

kadhakali
SHARE

കേരളത്തിന്റെ പാരമ്പര്യകലകൾ അതിന്റെ എല്ലാ തനിമയോടെയും വിശുദ്ധിയോടെയും പ്രവാസമണ്ണിലേക്ക് എത്തിയ കാഴ്ചയായിരുന്നു രാജ്യാന്തര കൂടിയാട്ടം കഥകളി മഹോത്സവം. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൻറെ സഹകരണത്തോടെ സംഘടിപ്പിച്ച മഹോത്സവത്തിലെ കാഴ്ചകളാണ് ഇനി കാണുന്നത്.

കഥകളിയും കൂടിയാട്ടവും പഞ്ചവാദ്യവും തായമ്പകയുമൊക്കെ ഗൃഹാതുരസ്മരണയോടെ മനസിൽ താലോലിക്കുന്ന പ്രവാസിമലയാളികൾക്കായാണ് നാലു ദിവസം നീണ്ട മഹോത്സവം ഒരുക്കിയത്. ഭാവാഭിനയ പ്രൗഢിയുടെ പ്രാധാന്യവും സൗന്ദര്യവും പ്രേക്ഷകർക്കു സുവ്യക്തമാകുന്നതായിരുന്നു ശൂർപ്പണഖാങ്കം കൂടിയാട്ടം കഥയുടെ ഒന്നാം ഭാഗാവതരണം.  ഉഷാനങ്ങ്യാരുടെ ലളിത നിർവഹണ അവതരണവും  മകൾ ആതിരയുടെ ലളിത പുറപ്പാട് അവതരണവും ശൂർപ്പണഖാങ്കം അതിമനോഹരമാക്കി.

കോട്ടയം തമ്പുരാൻ രചിച്ച കിർമ്മീരവധം കഥയ്ക്ക് ധർമപുത്രനായി കലാമണ്ഡലം പ്രദീപ് കുമാറും സിംഹികയായി കലാമണ്ഡലം ഷൺമുഖദാസും ലളിതയായി പീഷപ്പിള്ളി രാജീവനും വേഷപ്പകർച്ചയണിഞ്ഞു. കലാമണ്ഡലം ബാബു നമ്പൂതിരിയും നെടുമ്പള്ളി രാം മോഹനും ചേർന്നൊരുക്കിയ നാദവിസ്മയം അകമ്പടിയായി.

ശൂർപ്പണഖാങ്കം മൂന്നാം ഭാഗത്തിൽ, ശൂർപ്പണഖ സുന്ദരീ രൂപമണിഞ്ഞു പ്രവേശിക്കാൻ പോകുന്ന പഞ്ചവടിയിലേ രാമലക്ഷ്മണസവാദം,  പർണ്ണശാല നിർമാണം തുടങ്ങിയവയായിരുന്നു രണ്ടാം ദിവസത്തെ കൂടിയാട്ടക്കഥ. സൂരജ് നമ്പ്യാർ ശ്രീരാമനായും അനിത സീതയായും അമ്മന്നൂർ മാധവ് ചാക്യാർ ലക്ഷ്മണനായും ശൂർപ്പണഖയായി അമ്മന്നൂർ രജനീഷ് ചാക്യാറും വേദിയിൽ നിറഞ്ഞു.

കഥകളി പ്രേക്ഷകർക്കു സുപരിചിതമായ കുചേലവൃത്തം കഥയാണ് രണ്ടാംദിവസം നടന്ന ആദ്യ കഥകളി. അരങ്ങിൽ വിരളമായി മാത്രം അവതരിപ്പിച്ചു കാണുന്ന കുചേലപത്നയും കുചേലനുമായുള്ള ഒന്നാം രംഗം ഉൾപ്പെടുത്തിയ അവതരണം കാണാൻ പ്രവാസികലാപ്രേമികൾക്കു അവസരമുണ്ടായി. ഭക്തിയുടെ ഭാവപ്രവർത്തിയും സൗഹൃദത്തിന്റെ യുക്തിസഹജാഭിനയവും കാഴ്ചവച്ച പീശപ്പളളി രാജീവന്റെ കുചേലനും കലാമണ്ഡലം ഷൺമുഖദാസിന്റെ  കൃഷ്ണനും മനോഹരമായ ആസ്വാദനമുഹൂർത്തം സമ്മാനിച്ചു.

ഇരയിമ്മൻ തമ്പി രചിച്ച കീചകവധം ആട്ടക്കഥയാണ് പിന്നീട് അവതരിപ്പിക്കപ്പെട്ടത്. കീചകനായി കലാമണ്ഡലം പ്രദീപ് കുമാറും വലലനായി കലാനിലയം സുന്ദരനും പാഞ്ചാലിയായി കലാമണ്ഡലം അനിൽ കുമാറും വേദി ധന്യമാക്കി.

നളചരിതം നാലാം ദിവസം ആട്ടകഥയും പ്രവാസികൾ നിറമനസോടെ സ്വീകരിച്ചു. പീശപ്പിള്ളി രാജീവൻ ബാഹുകനായും കലാമണ്ഡലം ഷൺമുഖദാസ് ദമയന്തിയായും വേഷം പകർന്നാടി.

ഹനുമാൻ കേന്ദ്ര കഥാപാത്രമായ ലവണാസുരവധം തുടർന്ന് അവതരിപ്പിക്കപ്പെട്ടു.  ബാലിവധം ആയിരുന്നു മഹോത്സവത്തിലെ അവസാന കഥകളി. പച്ച, കത്തി, കരി, മിനുക്ക്, താടി തുടങ്ങിയ വേഷങ്ങളുടെ ഭാവസമ്പന്നതയുടെ വ്യത്യസ്തത, അരങ്ങാസ്വാദനത്തെ മികച്ച അനുഭവമാക്കി. പതിമൂന്നാംവർഷ അവതരണങ്ങളുടെ കലാശക്കൊട്ടായിരുന്നു മേജർ സെറ്റ് പഞ്ചവാദ്യം. ചോറ്റാനിക്കര സുഭാഷ് തിമിലയിലും അരുൺ വാര്യർ മദ്ദളത്തിലും പനമണ്ണ ശശി ഇടയ്ക്കയിലും പ്രമാണിച്ചു. മൂന്നുമണിക്കൂറോളം നീണ്ട പഞ്ചവാദ്യമേളഘോഷം നിറഞ്ഞ കരഘോഷത്തോടെ നിറഞ്ഞ മനസോടെയാണ് പ്രവാസികൾ സ്വീകരിച്ചത്. 

ദുബായ് ഷെയ്ഖ് സായിദ് റോഡിലെ ജെംസ് വെല്ലിങ്ടൺ സ്കൂളിലാണ് ഇത്തവണത്തെ രാജ്യാന്തര കൂടിയാട്ടം കഥകളി മഹോത്സവം കൊണ്ടാടിയത്. ട്രഡീഷൻസ് ലൈവ് എന്ന സംഘടനയുടെ പേരിൽ സംഘടിപ്പിച്ച ഉത്സവം നാടിലെ കലാരൂപങ്ങളുടെ മനോഹരവും സുതാര്യവുമായ അനുഭവം പ്രവാസികൾക്കു പകർന്നേകി.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...