തെയ്യക്കാലത്തിന്‍റെ ഓര്‍മകളുമായി മുത്തപ്പന്‍ തിരുവപ്പന ഉല്‍സവം; അനുഗ്രഹം തേടി പ്രവാസികൾ

theyyam
SHARE

പ്രവാസി മലയാളികളുടെ മനസില്‍ തെയ്യക്കാലത്തിന്‍റെ ഓര്‍മകളുമായി ഒമാനിലെ മസ്ക്കറ്റിൽ മുത്തപ്പന്‍ തിരുവപ്പന ഉല്‍സവം. വിശ്വാസത്തിന്‍റെയും ഭക്തിയുടെയും നിമിഷങ്ങള്‍ക്കൊപ്പം കേരളത്തിന്‍റെ സാംസ്കാരിക പാരമ്പര്യത്തിന്‍റെ വിളിച്ചു ചൊല്ലു കൂടിയായിരുന്നു ഉല്‍സവം.

മലബാറിലെ പ്രവാസികളുടെ മനസിലെ ഗൃഹാതുരസ്മരണയാണ് തെയ്യക്കാലം. പറശ്ശിനിക്കടവിലെ മുത്തപ്പൻ ക്ഷേത്രമായി മാറുകയായിരുന്നു മസ്ക്കറ്റ് ശ്രീകൃഷ്ണ ക്ഷേത്ര ഹാൾ. മുത്തപ്പൻറെ അനുഗ്രഹം തേടി, ഗൃഹാതുരസ്മരണകളോടെ ആയിരങ്ങളാണ് അറബിക്കടലിനക്കരെ തിരുവപ്പന മഹോത്സവത്തിനെത്തിയത്. 

പറശ്ശിനിക്കടവ് മുത്തപ്പൻ തെയ്യക്കോലത്തിൽ പരമാത്മാവായ ഭഗവാന്റെ രണ്ട് വ്യത്യസ്ത ഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്നു. മുത്തപ്പന്‍റെ ആ ദൈവീക രൂപങ്ങളാണ് വെള്ളാട്ടവും തിരുവപ്പനയും . വിഷ്ണു സ്വരൂപമാണ് തിരുവപ്പന. വെള്ളാട്ടമാകട്ടെ ശിവ രൂപവും. കീഴാളരുടെ ദൈവമായി അവതരിച്ച മുത്തപ്പന്‍ പിന്നീട് ജാതിമത ഭേദമന്യെ എല്ലാവരുടെയും ആശ്രയകേന്ദ്രമാവുകയായിരുന്നു.

നാട്ടിലെ അതേ ആചാരാനുഷ്ടാനങ്ങളായിരുന്നു മസ്ക്കറ്റിലും ഒരുക്കിയത്. ക്ഷേത്രഹാളിൽ പ്രത്യേക മടത്തറ കെട്ടിയുണ്ടാക്കി. വെള്ളാട്ടത്തോടെയായിരുന്നു രണ്ടുദിവസം നീണ് ഉത്സവം തുടങ്ങിയത്. പ്രവാസികളായ ഭക്തജനങ്ങള്‍ക്ക്‌ അനുഗ്രഹവും അരുളപ്പാടും ദര്‍ശനവും നൽകി മുത്തപ്പന്‍ അനുഗ്രഹിച്ചു. വണ്ണാൻ സമുദായത്തിലെ പിൻതലമുറക്കാരായിരുന്നു മുത്തപ്പനായി വേഷം കെട്ടിയത്. പ്രതേകം പൂജകൾ ചെയ്‌തും വ്രതമെടുത്തുമാണ് പെരുവണ്ണാൻ തയ്യാറെടുത്തത്.     

ചായം പൂശി മടത്തറയിലെത്തിയ മുത്തപ്പൻ ആംഗ്യ ഭാഷയിലും, ചേഷ്ടകളിലുമായി വിശ്വാസികളോട് പുരാണം ഓതിപ്പറഞ്ഞു. അനുഗ്രഹങ്ങളും ആശീർവാദവും നൽകി ഭക്തരെ ആശ്വസിപ്പിച്ചു. 

പ്രവാസലോകത്തും ആചാരാനുഷ്ടാനങ്ങളെയും വിശ്വാസത്തേയും നിറമനസോടെ സ്വീകരിക്കാൻ അവസരമൊരുക്കിയ ഒമാൻ ഭരണാധികാരികളെ പ്രവാസികൾ നന്ദിയോടെ ഓർത്താണ് മഹോത്സവം കൊണ്ടാടിയത്. 

കണ്ണൂർ, കാസർകോട്, കോഴിക്കോട് തുടങ്ങി മലബാർ പ്രദേശത്തുനിന്നുള്ളവർക്കൊപ്പം തെക്കൻകേരളത്തിൽ നിന്നുള്ളവരും മുത്തപ്പൻറെ അനുഗ്രഹം തേടി മസ്ക്കറ്റിലേക്കെത്തി. 

പറശ്ശിനികടവിലെ പോലെ തന്നെ  ഇവിടെ എത്തിചേർന്ന ഭക്തന്മാര്‍ക്ക്‌  പ്രസാദമായി പയറും തേങ്ങാകഷ്ണങ്ങളും നല്‍കിയിരുന്നു. വരും വർഷങ്ങളിലും മുത്തപ്പൻ പ്രവാസലോകത്തെത്തി അനുഗ്രഹം ചൊരിയുമെന്ന പ്രതീക്ഷ മനസിലേറ്റിയാണ് ഭക്തർ മടങ്ങിയത്.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...