ദേശീയദിനാഘോഷനിറവിൽ യുഎഇ; ചേർന്നു നിന്ന് പ്രവാസിമലയാളികളും

uae
SHARE

നാൽപ്പത്തിയെട്ടാം ദേശീയദിനാഘോഷനിറവിലാണ് യുഎഇ. മലയാളികളടക്കമുള്ള പ്രവാസികൾ സന്തോഷത്തോടെ അഭിമാനത്തോടെയാണ് ഈ രാജ്യത്തിൻറെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായത്. ദേശീയദിനാഘോഷത്തിൻറെ വിശേഷങ്ങളും കാഴ്ചകളുമായി ഗൾഫ് ദിസ് വീക്കിൻറെ പുതിയ എപ്പിസോഡിലേക്കു കടക്കുകയാണ്. സ്വാഗതം.

കേരളത്തിൻറെ ഉയർച്ചകളിൽ നാം ഏറ്റവുമധികം കടപ്പെട്ടിരിക്കുന്ന രാജ്യമാണ് യുഎഇ. ഐക്യ അറബ് എമിറേറ്റ്സ് സ്ഥാപിതമായതിൻറെ ഓർമയ്ക്കായി നാൽപ്പത്തിയെട്ടാമത് ദേശീയദിനം ആഘോഷിക്കുമ്പോൾ പ്രവാസിമലയാളികളും ഈ ആഘോഷങ്ങളോട് ചേർന്നു നിൽക്കുകയാണ്. യുഎഇയുടെ ദേശീയ ദിനാഘോഷത്തിലെ വിശേഷങ്ങളും കാഴ്ചകളുമാണ് ആദ്യം കാണുന്നത്.

യുണൈറ്റഡ് അറബ് എമിറേറ്റ്സ്. ഏഴ് സ്വതന്ത്ര എമിറേറ്റുകളുടെ ഫെഡറേഷൻ. ബ്രിട്ടീഷുകാരാൽ സംരക്ഷിക്കപ്പെട്ടിരുന്ന വികസനം എത്തിനോക്കിയിട്ടില്ലാത്ത എമിറേറ്റുകളുടെ ഒരു കൂട്ടമായിരുന്നു 1950 നു മുൻപു വരെ ഈ പ്രദേശം. 1971ൽ അബുദാബിയുടെ ഭരണാധികാരിയായിരുന്നഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാന്റെ നേതൃത്വത്തിൽ ആറ് എമിറേറ്റുകൾ ചേർന്ന് സ്വതന്ത്രമായ ഫെഡറേഷൻ രൂപം കൊണ്ടു. മൂന്നുമാസങ്ങൾക്കു ശേഷം ഏഴാമത്തെ എമിറേറ്റായ റാസ് അൽ ഖൈമയും ഫെഡറേഷനിൽ ചേർന്നു. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ, അജ്‌മാൻ, ഉം അൽ കുവൈൻ, റാസ് അൽ ഖൈമ എന്നിങ്ങനെ ഏഴ് എമിറേറ്റുകളാണ് ഫെഡറേഷനിലെ അംഗങ്ങൾ. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെയും രാഷ്ട്രശില്‍പി ഷെയ്ഖ് റാഷിദ് ബിന്‍ സായിദ് അല്‍ മക്തൂമിന്‍റെയും നേതൃത്വത്തില്‍ ജുമൈറയിലെ യൂണിയന്‍ ഹൌസിലായിരുന്നു ആ ചരിത്ര പ്രഖ്യാപനം. 

ആ ചരിത്രപ്രഖ്യാപനത്തിൻറെ ഓർമകളാണ് ഓരോ ദേശീയദിനാഘോഷങ്ങളും. സഹിഷ്ണുതാ വർഷമാചരിക്കുന്നതിൻറെ ഭാഗമായി പ്രത്യേക ആഘോഷപരിപാടികൾക്കാണ് ഇത്തവണ യുഎഇ സാക്ഷ്യം വഹിച്ചത്. രാജ്യതലസ്ഥാനമായ അബുദാബിയിൽ പൂർവികരുടെ ഓർമകളിൽ രാജ്യത്തിൻറെ സംസ്കാരം അത്യുന്നതിയിൽ പ്രഘോഷിച്ചാണ് ദേശീയദിനം ആചരിച്ചത്. അബുദാബി ഷെയ്ഖ് സായിദ് സ്പോർട് സിറ്റിയിൽ അരങ്ങേറിയ ലെഗസി ഓഫ് ഔവർ ആൻസെസ്റ്റേഴ്സ്, നമ്മുടെ പൂർവികരുടെ പൈതൃകം എന്ന ദൃശ്യാവിഷ്കാരം രാജ്യത്തിൻറെ വളർച്ചയുടെ നേർസാക്ഷ്യമായിരുന്നു. യുഎഇയുടെ 48 വർഷങ്ങൾ അൻപതു മിനിട്ടിൽ അവതരിപ്പിച്ച വിസ്മയക്കാഴ്ചയായിരുന്നു ഓരോ ഫ്രെയിമും. രാജ്യത്തിൻറെ വളർച്ചയിൽ വഴിവിളക്കായ പൂര്‍വ്വികരുടെ വിവേകവും, ധൈര്യവും, നന്മയുമെല്ലാം നിറഞ്ഞ ചരിത്രത്തിൻറെ ഏടുകളുടെ കഥാവിഷ്കാരമായി ലെഗസി ഓഫ് ഔർ ആന്‍സെസ്റ്റേഴ്‌സ്.

രാജ്യത്തിന്റെ പാരമ്പര്യവും വളര്‍ച്ചയും എമിറാത്തി നാടോടികഥകളും സമന്വയിപ്പിച്ച പരിപാടിയിൽ 900 കലാകാരന്മാരാണ് അണിനിരന്നത്. 70 രാജ്യങ്ങളില്‍ നിന്നുള്ള 5000  സാങ്കേതികവിദഗ്ധർ പിന്നണിയിൽഅണിനിരന്നു. അന്തമില്ലാത്ത മരുഭൂമിയുടേയും കടലിൻറേയും നടുവിൽ നിന്നും ലോകത്തിൻറെ വികസനനഗരമായി യുഎഇയെ വളർത്തിയ ഷെയ്ഖ് സായിദിൻറെ സ്വപ്നവും പ്രവർത്തികളും. ഷെയ്ഖ് സായിദ് മുതൽ ഇന്നത്തെ ഭരണാധികാരികൾ വരെയുള്ളവർ പങ്കുവച്ച സ്വപ്നങ്ങൾ ഒരു ജനതയുടെ വളർച്ചയുടെ ദീപസ്തംഭങ്ങളായിരുന്നു.

അബുദാബിയിൽ ഷോപ്പിങ് മാളുകളും സംഘടനകളും സഹിഷ്ണുതാവർഷത്തിലെ ദേശീയദിനം ഗംഭീരമായി ആഘോഷിച്ചു. ദേശീയദിനത്തോടനുബന്ധിച്ചു കൌതുകക്കാഴ്ചയൊരുക്കി അബുദാബിയിലെ കാസർകോട് സ്വദേശികൾ. ഷോപ്പിങ് മാളിൽ മുന്നൂറോളം കാസർകോടു സ്വദേശികളുടെ നൂറോളം കടകളിലാണ് ദേശീയപതാകയുടെ നിറങ്ങളിൽ ആഘോഷക്കാഴ്ചയൊരുക്കിയത്. കാസർകോടുകാർ യുഎഇക്ക് നൽകുന്ന ആദരവാണ് ദേശീയദിനത്തിലെ ഇവിടത്തെ കാഴ്ചകൾ. യുഎഇ ദേശീയപതാകയിലെ ചതുർവർണങ്ങളിൽ മുഖരിതമാണ് അബുദാബി  മദീനത് സയീദ് ഷോപ്പിങ് മാളിനുള്ളിലെ കാസർകോടൻ കടകൾ. ദേശീയപതാകയുടെ നിറങ്ങളിലുള്ള വസ്ത്രങ്ങൾ, ഭരണാധികാരികളുടെ ചിത്രം ആലേഖനം ചെയ്ത ഷാളുകൾ, സമ്മാനപ്പൊതികൾ അങ്ങനെയെല്ലാം യുഎഇയുടെ മുദ്രകളാൽ മുഖരിതം.

ദേശീയദിനാഘോഷവേളയിൽ അബുദാബിയെ സുന്ദരമാക്കിയാണ് വഴിയോരങ്ങളിൽ ദേശീയപതാകയും അലങ്കാര വിളക്കുകളും ഒരുക്കിയിരുന്നത്. കുതിക്കുന്ന കതിരയും ചരിത്രം മിന്നിമറയുന്ന വിളക്കുകളുമൊക്കെ കാഴ്ചക്കാർക്ക് വിസ്മയകരമായിരുന്നു.

ഈ മനോഹരകാഴ്ചകൾക്കു പിന്നിലും ഒരു മലയാളി സാന്നിധ്യമുണ്ടായിരുന്നു. തൃശൂർ സ്വദേശി കരിക്കയിൻ യുസഫാണ് വർഷങ്ങളായി അബുദാബി നഗരത്തെ ദേശീയദിനാഘോഷത്തിനായി അണിയിച്ചൊരുക്കുന്നത്.

അബുദാബി അൽവാഹ്ദ മാളിൽ ലബനീസ് ഗായകൻ ജോ കൗയ്ക്കിന്റെ സംഗീതസന്ധ്യ മലയാളികളടക്കമുള്ള പ്രവാസികളെ ആവേശത്തിലാഴ്ത്തി. ഭാഷയുടെ അതിർവരമ്പുകൾ സംഗീതലോകത്തിനു അന്യമാണെന്നു തെളിയിക്കുന്ന കാഴ്ചകൾ. അറേബ്യൻ പൈതൃകനൃത്തവും ആഘോഷത്തിനു മാറ്റുകൂട്ടി.

അബുദാബി കോര്‍ണിഷില്‍ പോര്‍വിമാനങ്ങളുടെ അഭ്യാസപ്പറക്കലും  വാഹനറാലിയും ആകാംക്ഷയുടെ ആവേശക്കാഴ്ചയായി. യു.എ.ഇ. ദേശീയപതാകയിലെ നാലുനിറങ്ങള്‍ വാരിവിതറി പോര്‍വിമാനങ്ങള്‍ ഒന്നിച്ചുയർന്നു. ആരവങ്ങളോടെ, ആവേശത്തോടെ ആയിരങ്ങളുടെ ഹർഷാരവത്തിൻറെ അകമ്പടിയോടെ...

ഏഴു എമിറേറ്ററുകളുടേയും ഭരണാധിപൻമാരുടെയും കിരീടാവകാശികളുടേയും ചിത്രങ്ങളുമായിട്ടായിരുന്നു റോഡ് ഷോ. 

അബുദിബായിലെ ലുലു ഗ്രൂപ്പിൻറേതടക്കമുള്ള ഷോപ്പിങ് മാളുകളിൽ കേക്കു മുറിച്ചും മധുരം വിതരണം ചെയ്തുമാണ് സന്ദർശകരെ വരവേറ്റത്. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. ദേശീയ ഗാനാലാപനവും, നൃത്തശില്പവും കാണാൻ പതിനായിരങ്ങളാണ് മാളുകളിലേക്കെത്തിയത്. 

അബുദാബി മലയാളി സമാജം, കേരള സോഷ്യൽ സെൻറർ, ഇന്ത്യൻ ഇസ്ലാമിക് സെൻറർ, ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻറർ തുടങ്ങിയ ഔദ്യോഗിക സംഘടനകളിൽ പ്രവാസിമലയാളികളുടെ നേതൃത്വത്തിൽ കലാപരിപാടികളും സംഘടിപ്പിച്ചു. പ്രവാസലോകത്തെ വിദ്യാർഥികളടക്കമുള്ലവർ പരിപാടികളുടെ ഭാഗമായി. രാജ്യതലസ്ഥാനത്തെ ദേശീയദിനാഘോഷപരിപാടികൾ സുരക്ഷിതമാക്കാൻ അബുദാബി പൊലീസ്, ഗതാഗത വകുപ്പ് തുടങ്ങിയവർ മുൻകൈയെടുത്തു. സഹിഷ്ണുതാവർഷത്തിൽ ഇരുന്നൂറോളം രാജ്യങ്ങളിൽ നിന്നുള്ളവർ ഒരുമനസോടെ ഒരു രാജ്യത്തിൻറെ ദേശീയദിനം ആഘോഷിക്കുന്ന അപൂർവകാഴ്ചക്കാണ് യുഎഇ സാക്ഷിയായത്. അതിനു അവസരമൊരുക്കിയ രാജ്യത്തോടുള്ള ആദരവായിരുന്നു രാജ്യതലസ്ഥാനത്തെ നാൽപ്പത്തിയെട്ടാമത് ദേശീയദിനാഘോഷചടങ്ങുകൾ.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...