ബുർജ് ഖലീഫ മുതൽ പ്രവാസികളുടെ വീടുകൾ വരെ; ദേശീയ ദിനം കൊണ്ടാടി യുഎഇ

nationaldayuae
SHARE

യുഎഇ രൂപമെടുത്ത ദുബായ് ജുമൈറ യൂണിയൻ ഹൌസിൽ ഏഴു എമിറേറ്റുകളിലേയും ഭരണാധിപൻമാർ ഒന്നുചേർന്നാണ് ദേശീയദിനം ആഘോഷിച്ചത്. ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫ മുതൽ പ്രവാസികളുടെ ഫ്ളാറ്റുകളിൽ വരെ ദേശീയദിനം ആഘോഷിച്ചു. ദുബായിലേയും വടക്കൻ എമിറേറ്റുകളിലേയും ദേശീയദിനാഘോഷത്തിൻറെ കാഴ്ചകളാണ് ഇനി കാണുന്നത്.

1971 ഡിസംബർ 2 ഏഴു എമിറേറ്റുകൾ ഒരുമിച്ചു യുഎഇ എന്ന നാമം സ്വീകരിച്ച ദിവസം. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താനും രാഷ്ട്ര ശിൽപി ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമും അടക്കമുള്ള ഭരണാധികാരികൾ ഒന്നുചേർന്ന ജുമൈറ യൂണിയൻ ഹൌസിൽ അവരുടെ അടുത്തതലമുറയിലെ ഭരണാധിപൻമാർ അണിനിരന്നു. പൂർവ്വികരുടെ സ്വപ്നങ്ങളിൽ നിന്നും വ്യതിചലിക്കാതെ ഐക്യത്തോടെ മുന്നോട്ടുനീങ്ങുമെന്ന പ്രഖ്യാപനത്തോടെ ദേശീയപതാകയുടെ ചുവട്ടിൽ...

ഭാവിയിലേക്കുള്ള പാത വിദ്യാഭ്യാസത്തിലൂടെയാണെന്നും അതിനാണ് മുന്തിയ പരിഗണന നൽകുന്നതെന്നും യുഎഇ പ്രസിഡന്റ് ഷെ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ദേശീയദിന സന്ദേശത്തിൽ വ്യക്തമാക്കി. ഐക്യത്തിന്റെ കരുത്തിലൂടെ അസാധ്യം എന്നത് യുഎഇയിൽ ഇല്ലാതായതായും ആസൂത്രണവും നടപടിയും നേട്ടവും ജീവിതത്തിന്റ ഭാഗമാക്കിയതായും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞു. 

വിവിധ കലാസാംസ്കാരിക പൈതൃകപരിപാടികളോടെയായിരുന്നു ദുബായ് അടക്കം വടക്കൻ എമിറേറ്റുകളിൽ യുഎഇയുടെ ദേശീയദിനം ആഘോഷിച്ചത്. ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫയിൽ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിനു ആദരവർപ്പിച്ചു ദേശീയപതാക പ്രകാശിപ്പിച്ചു. ആയിരങ്ങളാണ് ബുർജ് ഖലീഫയ്ക്കു ചുറ്റും ഈ കാഴ്ചകാണാനെത്തിയത്.

ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഏറ്റവും വലിയ പതാകയുമായി ആകാശച്ചാട്ടം നടത്തിയതിനുള്ള റെക്കോർഡ് യുഎഇ കുറിച്ചത് വിസ്മയക്കാഴ്ചയായി. ദുബായ് പാം ജുമൈറയ്ക്കു മുകളില്‍ നിന്നും ദേശീയപതാകയുമായി സ്കൈ ഡൈവര്‍മാരുടെ സംഘം വിമാനത്തില്‍ നിന്ന് താഴേക്ക് ചാടിയാണ് സാഹസിക പ്രകടനം നടത്തിയത്. നൂറ്റിനാൽപ്പത്തിനാലു ചതുരശ്രമീറ്ററായിരുന്നു പതാകയുടെ വിസ്തീർണം. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവച്ചത്.

യുഎഇ സഹിഷ്ണുതാ വർഷാചരണവും ദേശീയ ദിനാചരണവും പ്രമാണിച്ച് എമിറേറ്റ്സ് വിമാനം അഞ്ഞൂറു യാത്രക്കാരുമായി നടത്തിയ യാത്ര ചരിത്രമായി. ഏറ്റവും കൂടുതൽ രാജ്യങ്ങളിലെ പൗരന്മാരുമായി നടത്തിയ യാത്രയായി ഗിന്നസ് ബുക്കിൽ അതിടം നേടി. 145 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുമായാണ് എമിറേറ്റ്സ് വിമാനം ഏഴ് എമിറേറ്റുകളും ചുറ്റിയത്. എമിറേറ്റ്സിന്റെ ഡബിൾഡക്കർ വിമാനമായ എ380 ആണു യാത്രയ്ക്കായി ഇകെ2019 എന്ന പേരിൽ പ്രത്യേകം സജ്ജമാക്കിയത്. ചില രാജ്യങ്ങളിലെ പൗരന്മാർ അവരുടെ രാജ്യത്തെ പരമ്പരാഗത വസ്ത്രങ്ങളുമണിഞ്ഞ് എത്തിയതും കൗതുക കാഴ്ചയായി. 

ദേശീയദിനാഘോഷത്തോടനുബന്ധിച്ചു യുഎഇക്ക് ആദരവർപ്പിച്ചു വാഹനങ്ങൾ അലങ്കരിച്ച കാഴ്ചകൾ കൌതുകകരമായി. ഷാർജയിൽ വ്യവസായികളായ കോഴിക്കോട് സ്വദേശി ഷഫീഖ് അബ്‌ദുറഹ്‌മാൻ, കാസർകോട് സ്വദേശി മജീദ് അബ്ദുൽ റഹ്മാൻ, ഹൈദരാബാദ് സ്വദേശി അൻസാർ എന്നിവർ വാഹനങ്ങളിൽ ദേശീയപതാകയുടെ നിറങ്ങളണിഞ്ഞ് അലങ്കരിച്ചാണ് ശ്രദ്ധേയരായത്. ഷഫീഖ് അബ്ദുറഹ്മാൻറെ റോൾസ് റോയിസ് കാറിൽ സ്വർണം പൂശിയാണ് യുഎഇയോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. ഈ സ്നേഹത്തിനു ഷാർജയിൽ അധികാരികളുടെ പ്രശംസാപത്രവും ലഭിച്ചു. കാറിൻറെ അരികുകളിൽ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം തുടങ്ങിയവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്തു. അതിനു ശേഷം 30% ഭാഗവും 22 കാരറ്റ് സ്വർണം പൂശുകയായിരുന്നു.  ഖുർആൻ സൂക്തങ്ങൾ മുൻഭാഗത്ത് മനോഹരമായി  കാലിഗ്രാഫിയിൽ ഒരുക്കി. 

വാഹനങ്ങൾ ഖിസൈസിൽ പ്രദർശിപ്പിച്ചപ്പോൾ ഒട്ടേറെ പേർ കാണാനെത്തി. 

..

ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളിലെ സംഗീതജ്ഞർ യുഎഇയുടെ പശ്ചാത്തലത്തിൽ ദേശീയഗാനം ഒരുക്കിയതും ദേശീയദിനത്തിലെ മനോഹരകാഴ്ചയായിരുന്നു. ഗിറ്റാറുമായി ഇന്ത്യക്കാരൻ നികി മുഖിയാണ് വൈവിധ്യത്തിലും ഒരുമ കണ്ടെത്തിയ സംഗീതത്തിൻറെ ഭാഗമായത്. എക്സ്പോ 20-20 യുടെ പ്രചരണാർഥമായിരുന്നു വിവിധ ദേശക്കാർ വിവിധ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ യുഎഇ ദേശീയഗാനം ആലപിച്ചത്. 

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിൽ മലയാളി സംഘടനകളുടേയും കൂട്ടായ്മകളുടേയും നേതൃത്വത്തിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ദുബായ് മർകസ്, ഐസിഎഫ്, ആർ എസ് സി എന്നിവർ സംയുക്തമായാണ് ദേശീയദിനം ആഘോഷിച്ചത്. രാവിലെ മംസാർ ബീച്ചിൽ ഘോഷയാത്രയിൽ നൂറുകണക്കിനു വിദ്യാർഥികൾ അണിനിരന്നു. മദ്‌റസ വിദ്യാർഥികളുടെ ദഫ്, സ്‌കൗട്ട് പ്രദർശനം, ഖൽസ മോട്ടോർ ക്ലബ്ബിന്റെ ബൈക്ക് അഭ്യാസം, റഈസ് കുരിക്കളും സംഘവും അവതരിപ്പിച്ച കളരി അഭ്യാസ പ്രകടനം എന്നിവ ശ്രദ്ധേയമായി. 

ദുബായ് കെ.എം.സി.സി,  മലബാർ ഡെവലപ്മെന്റ് ഫോറം, ഇ നെസ്റ്റ്, ജനത കൾച്ചറൽ സെന്റർ തുടങ്ങി മലയാളികളുടെ സംഘടനകളും കൂട്ടായ്മകളും ദേശീയദിനാഘോഷം വിവിധപരിപാടികളോടെ കൊണ്ടാടി. അഞ്ചു ദിവസത്തെ അവധിക്കു ശേഷം പ്രവർത്തിദിനങ്ങളിലേക്കു മടങ്ങിയെങ്കിലും വരുന്ന വാരാന്ത്യ അവധികളിൽ ദേശീയദിനാഘോഷപരിപാടികൾ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ തുടരുകയാണ്.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...