ഇത് സഹിഷ്ണുതയ്ക്കുള്ള ആദരം ;പയനിയർ പുരസ്കാര നിറവിൽ സജി ചെറിയാൻ

saji-cherian
SHARE

യുഎഇയിൽ രാജ്യത്തിനു മികച്ച സംഭാവന നൽകുന്നവർക്കുള്ള പയനീർ പുരസ്കാരത്തിനു പ്രവാസിമലയാളിയായ സജി ചെറിയാൻ അർഹനായിരിക്കുന്നു. തൊഴിലാളികളായ മുസ്ളിം സഹോദരർക്കായി മസ്ജിദ് നിർമിച്ചു നൽകി സഹിഷ്ണുതയുടെ വലിയ സന്ദേശം പകർന്നതിനാണ് സജി ചെറിയാനെ ഈ രാജ്യം പുരസ്കാരത്തിലൂടെ അനുമോദിച്ചത്.

ഫുജൈറയിൽ സാധാരണക്കാരായ തൊഴിലാളികൾക്കു നിസ്കാരത്തിനായി മസ്ജിദ് നിർമിച്ചു നൽകിയ ക്രൈസ്തവ വിശ്വാസിയായ സജി ചെറിയാനു യുഎഇയുടെ ആദരം. രാജ്യത്തിന് മികച്ച സംഭാവനകൾ നൽകുന്നവർക്കുള്ള  പയനീർ പുരസ്കാരം സമ്മാനിച്ചാണു രാജ്യം മലയാളിവ്യവസായിയെ ആദരിച്ചത്. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണു സജി ചെറിയാൻ. അബുദാബി സാദിയാത് ദ്വീപിലെ സെന്റ് റഗിസ് ഹോട്ടലിൽ നടന്ന വാർഷിക സർക്കാർ സമ്മേളനത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും സജി ചെറിയാനു പുരസ്കാരം സമ്മാനിച്ചു.

ഇതര മതക്കാരനായ ഒരാൾ യുഎഇയിൽ നിർമിച്ച ആദ്യത്തെ മുസ് ലിം പള്ളിയാണ് കഴിഞ്ഞവർഷം ജൂണിൽ ഫുജൈറയിൽ ഉയർന്നത്. പതിമൂന്നു ലക്ഷം ദിർഹം ചെലവിൽ ഫുജൈറ അൽഹാ വ്യവസായ മേഖലയിലെ തൊഴിലാളി ക്യാംപിനു സമീപമാണ് മുസ്ലിം പള്ളി നിർമിച്ചുനൽകിയത്. വെള്ളിയാഴ്ച ജുമുഅ പ്രാർഥനയ്ക്കായി നൂറുകണക്കിനു തൊഴിലാളികൾ 20 ദിർഹം വീതം ചെലവഴിച്ച് ഫുജൈറ നഗരത്തിലേക്ക് ടാക്സി പിടിച്ചു പോകുന്നതു കണ്ടാണ് സ്വന്തം ചിലവിൽ സജി ചെറിയാൻ പള്ളി നിർമിച്ചു നൽകിയത്. മറിയം ഉമ്മു ഈസ  അഥവാ മറിയം, ക്രിസ്തുവിൻറെ അമ്മ എന്ന പേരിലുള്ള പള്ളിയിൽ 250 പേർക്കു നമസ്കരിക്കാൻ സൌകര്യമുണ്ട്. റമസാനിൽ 28,000 പേർക്ക് ഇഫ്താറും സജി നൽകിവരുന്നുണ്ട്.

ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷമാണിതെന്നും പ്രവാസിയായിട്ടും പൌരനെപ്പോലെ കരുതുന്നതാണ് യുഎഇയുടേയും ഇവിടത്തെ ഭരണാധികാരികളുടേയും മനസിൻറെ വിശാലതയെന്നു സജി ചെറിയാൻ പറയുന്നു. രണ്ടായിരത്തിമൂന്നിൽ യുഎഇയിലെത്തിയ സജി ചെറിയാൻ ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമാണ്. ഫുജൈറ സർക്കാരുമായി സഹകരിച്ചു മുതിർന്നവർക്കായുള്ള ജീവകാരുണ്യ പദ്ധതി ഉടൻ ആവിഷ്കരിക്കുമെന്നും സജി അറിയിച്ചു. മറ്റുരാഷ്ട്രങ്ങൾ കണ്ടു പഠിക്കേണ്ട വലിയ മാതൃകകളാണ് സഹിഷ്ണുതയുടെ പേരിൽ ഈ രാജ്യം അനുവർത്തിക്കുന്നതെന്നാണ് ഈ പ്രവാസിവ്യവസായി അനുഭവത്തിൽ നിന്നും പറയുന്നത്.

അബുദാബിയിൽ നടന്ന ചടങ്ങിൽ ആംഗ്ലിക്കൻ ചർച്ചിലെ റവ. കാനൺ ആൻഡ്ര്യു തോംസണും യുഎഇ പയനീർ പുരസ്കാരം സമ്മാനിച്ചു. സഹിഷ്ണുതാ വർഷാചരണ ഭാഗമായി സെലിബ്രേറ്റിങ് ടോളറൻസ്: റിലീജ്യസ് ഡൈവേഴ്സിറ്റി ഇൻ യുഎഇ എന്ന പേരിൽ പുറത്തിറക്കിയ പുസ്തകമാണ് ആൻഡ്ര്യു തോംസണെ പുരസ്കാരത്തിനു അർഹനാക്കിയത്. ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തെക്കുറിച്ചുള്ള വിശേഷങ്ങളോടെയാണ് സർക്കാരിൻറെ വാർഷിക സമ്മേളനം തുടങ്ങിയത്.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...