കുതിരയോട്ടത്തിൽ മലയാളിപ്പെരുമ; ആവേശമായി നിദാ അൻജൂം

nidha-21
SHARE

അറബ് നാടുകളിലെ ആവേശക്കാഴ്ചയാണ് കുതിരയോട്ട മൽസരങ്ങൾ. അബുദാബിയിൽ നടന്ന എൻഡൂറൻസ് ച്യാംപ്യൻഷിപ്പിൽ ചരിത്രം കുറിച്ചു സ്വർണവാൾ നേടിയ മലയാളി വിദ്യാർഥിനി നിദ അഞ്ചുംനെയാണ് ഇനി പരിചയപ്പെടുന്നത്. ആദ്യമായാണ് ഈ മൽസരത്തിൽ ഒരു ഇന്ത്യക്കാരി ജേതാവാകുന്നത്. അറബ് നാടുകളിൽ സജീവമായ കുതിരയോട്ടമൽസരങ്ങളിൽ ആവേശമാവുകയാണ് പന്ത്രണ്ടാം ക്ളാസുകാരിയായ നിദ അഞ്ചും. അബുദാബിയിൽ നടന്ന ടൂ സ്റ്റാർ ജൂനിയർ 120 കിലോമീറ്റർ ഷെയ്ഖ് ഹംദാൻ ബിൻ ഖലീഫ അൽ നഹ്‌യാൻ എൻഡൂറൻസ് ച്യാംപ്യൻഷിപ്പിൽ ഒന്നാമതെത്തി നിദ ചരിത്രനേട്ടം കുറിച്ചിരിക്കുന്നു. അബൂദാബി ബുത്തീബ് റേസ്കോഴ്സിൽ നടന്ന കുതിരയോട്ട മത്സരത്തിൽ ജേതാവാകുന്ന, സ്വർണവാൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി.

കഠിനപരിശ്രമം ലക്ഷ്യങ്ങളിലേക്കുള്ള ഏകവഴിയെന്ന വിശ്വാസമാണ് നിദയെ മുന്നോട്ടു നയിക്കുന്നത്. മൃഗങ്ങളോടുള്ള ഇഷ്ടമാണ് കുതിരയോട്ട മൽസരത്തിലേക്ക് നിദയെ അടുപ്പിക്കുന്നത്. മാതാപിതാക്കളുടെ പൂർണപിന്തുണ കൂടിയായപ്പോൾ മുന്നോട്ടുള്ള യാത്ര വേഗത്തിലായി.

ദുബായ് റാഫിൾസ് വേൾഡ് അക്കാദമിയിലെ പന്ത്രണ്ടാം  ക്ലാസ് വിദ്യാർഥിനിയായ നിദ അഞ്ചും തിരുർ കൽപകഞ്ചേരി സ്വദേശിയാണ്. യുഎഇയിലും ലണ്ടനിലുമായി നടത്തിയ മൂന്നു വർഷത്തെ കഠിന പരിശീലമാണ് എൻഡൂറൻസ് ച്യാംപ്യൻഷിപ്പിലെ കിരീടനേട്ടത്തിലേക്കു വഴി തെളിച്ചത്. മരുഭൂമിയും മലകളും അരുവിയും ഉൾപ്പടെ 120 കിലോമീറ്റർ നീണ്ട വ്യത്യസ്ത മേഖലകൾ താണ്ടുന്ന ദുർഘടമായ മൽസരത്തിലാണ് സ്വർണവാൾ സ്വന്തമാക്കിയത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ റാഷിദ് മക്തൂമിന്റെ  ഉടമസഥതയിൽ മർമൂമിലെ ദുബായ് കുതിരലയത്തിൽ പരിശീലകനായ അലി അൽ മുഹൈരിയുടെയും ഇന്ത്യക്കാരൻ ചതകത് സിങ്ങിന്റെയും പരിശീലനവും നിദയ്ക്കു തുണയായി.

കഠിനപ്രയത്നത്തിനൊപ്പം ഏകാഗ്രതയും ശാരീരികക്ഷമതയും ആവശ്യമായ മൽസരത്തിൽ കൂടുതൽ ശക്തിയായി മുന്നോട്ടു നീങ്ങുകയാണ് നിദയുടെ ലക്ഷ്യം. അതുതന്നെയാണ് സമപ്രായക്കാരായവരോടു നിദയക്കു പറയാനുള്ളത്.

ലോകകുതിരയോട്ട മൽസരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കണമെന്ന ആഗ്രഹമുണ്ട് നിദയ്ക്ക്. വാക്കുകളിലൊതുങ്ങാതെ കഠിനപരിശ്രമത്തിലൂടെ വഴി തെളിക്കുകയാണ് നിദ. അതിനായി പിതാവും ജിസിസിയിലെ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് എംഡിയുമായ ഡോ:അൻവർ അമീൻ ചേലാട്ടും മാതാവ് മിന്നവും ഡോ.ഫിദയും പൂർണപിന്തുണയുമായി കൂടിയുണ്ട്. കുതിരക്കുളമ്പടിയുടെ അകമ്പടിയോടെ ലക്ഷ്യങ്ങളിലേക്കു കുതിച്ചുയരാൻ.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...