യുഎഇയുടെ ചരിത്ര സ്മരണകളുയർത്തി സ്റ്റാംപ് പ്രദർശനം; സ്റ്റാളുമായി മലയാളി ദമ്പതികൾ

stamp-21
SHARE

ലോകത്ത് ഏറ്റവുമധികം പേർ ഇഷ്ടപ്പെടുന്ന ഹോബികളിലൊന്നാണ് സ്റ്റാംപ് ശേഖരണം. ചരിത്രത്തെ ബന്ധിപ്പിക്കുന്ന മാധ്യമം കൂടിയായി സ്റ്റാംപുകൾ മാറിയിരിക്കുന്നു. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സ്റ്റാംപ് പ്രദർശനത്തിനാണ് യുഎഇയുടെ സാംസ്കാരിക നഗരി സാക്ഷ്യം വഹിച്ചത്. പുതിയ തലമുറയെ ചരിത്രത്തിലേക്കു തിരിഞ്ഞുനോക്കാൻ പ്രചോദിപ്പിക്കുകയാണ് പഴമയേറിയ അപൂർവ സ്റ്റാംപുകൾ. വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത സംസ്കാരങ്ങളെ പരിചയപ്പെടുത്തുന്ന അത്യപൂർവമായ സ്റ്റാംപുകൾ പ്രദർശനത്തിൽ ഇടം നേടിയിട്ടുണ്ട്.

154 വിഭാഗങ്ങളിലായി 53 പ്രദർശകരാണ് ഷാർജ മെഗാ മാളിലെ പ്രദർശനത്തിൽ അണിനിരന്നത്. തുടർച്ചയായ പത്താം വർഷമാണ് എമിറേറ്റ്സ് ഫിലാറ്റലിക് അസോസിയേഷൻ ഷാർജയിൽ സ്റ്റാംപ് പ്രദർശനം സംഘടിപ്പിക്കുന്നത്. കത്തെഴുതുന്ന ശീലങ്ങൾ മറന്നു തുടങ്ങിയ പുതുതലമുറയെ ചരിത്രത്തെക്കുറിച്ചു ഓർമപ്പെടുത്താനും, തലമുറകളുമായി ബന്ധിപ്പിക്കാനുള്ള മാധ്യമമായും സ്റ്റാംപുകൾ മാറിയിരിക്കുന്നു. ഒരു കാലത്ത് പ്രവാസികളുടെ ഹൃദയഭാഷകളെ പേറിയ എമിറേറ്റ്സ് പോസ്റ്റിൻറെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ പഴയ കത്തുകളുടെ തനിപ്പകർപ്പുകളും കാണാം.

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി വിവിധ രാജ്യങ്ങൾ പ്രസിദ്ധീകരിച്ച ഗാന്ധി സ്റ്റാംപുകളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. ഇന്ത്യക്കു പുറമേ, റഷ്യ, വിയറ്റ്നാം, ഫിജി, ബ്രസീൽ, ലെബനൻ, സെർബിയ തുടങ്ങി മുപ്പതിലധികം രാജ്യങ്ളിലെ ഗാന്ധി സ്മാരക സ്റ്റാംപുകൾ പ്രദർശനത്തിലിടം നേടി.

ഇന്ത്യയിലെ പുരാതനനാണയങ്ങളും കറൻസികളുമടക്കം ചരിത്രത്തിൻറെ ഓർമകൾ പുതുക്കുന്ന പ്രത്യേക സ്റ്റോളുമായി മലയാളി ദമ്പതികൾ വിക്സൺ ലവീനയും പ്രത്യേക പ്രദർശനം ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തിൻറെ ആദ്യ വാർഷികത്തിൽ, മഹാത്മാഗാന്ധിയുടെ മരണത്തിനു പിന്നാലെ തപാൽ വകുപ്പ് പുറത്തിറക്കിയ പോസ്റ്റ് കവർ അടക്കം കൌതുകകരവും അപൂർവുമായ തപാൽ മുദ്രണങ്ങളുടെ ശേഖരമാണ് കാഴ്ചക്കാർക്കായി ഒരുക്കിയിരിക്കുന്നത്.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യം പടുത്തുയർത്തിയ ബ്രിട്ടൻറെ രാജഭരണത്തിലെ ഓർമകൾ, മെസപ്പെട്ടോമിയൻ സംസ്കാരത്തിൻറെ തുടർച്ച നിറയുന്ന ഇറാനിലേയും ഇറാഖിലേയും ചരിത്രശേഷിപ്പുകൾ, സാംസ്കാരികതയുടെ പിള്ളത്തൊട്ടിലായിരുന്ന ഗ്രീക്കിലേയും റോമിലേയുമൊക്കെ സഹസ്രവർഷപഴക്കമുള്ള നാണയങ്ങളുമെല്ലാം പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്.

അപൂർവമായ സ്റ്റാംപുകൾ വാങ്ങാനും വിൽക്കാനും മേളയിൽ അവസരമൊരുക്കിയിരുന്നു. പ്രദർശനത്തിൻറെ പത്താം വർഷത്തോടനുബന്ധിച്ചു യുഎഇ പ്രത്യേക സ്റ്റാംപ് പുറത്തിറക്കിയത് സ്റ്റാംപ് പ്രേമികൾക്കു സന്തോഷവാർത്തയായി. മെഗാ മാളിൽ ഒരുക്കിയിരിക്കുന്ന പ്രദർശനം സൌജന്യമായി സന്ദർശിക്കാം.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...