മനവും മിഴിയും നിറച്ച് കലാപ്രതിഭകൾ; ആഘോഷമായി യുഎഇ ഓപ്പണ്‍ യുവജനോത്സവം

uae-21
SHARE

നാട്ടിലെ സ്കൂൾ കലോൽസവങ്ങൾ പ്രവാസിമലയാളികളുടെ ഗൃഹാതുരമായ ഓർമയാണ്. യു.എ.ഇയിലെ ഏഴു എമിറേറ്റുകളിൽനിന്നുമായി മുന്നൂറ്റിയൻപതിലേറെ വിദ്യാർഥികളാണ് അബുദാബിയിൽ നടന്ന ഓപ്പൺ യുവജനോത്സവത്തിൽ മാറ്റുരച്ചത്. നാട്ടിലെ സ്കൂൾ കലോൽസവങ്ങളെ ഓർമിപ്പിക്കും വിധമായിരുന്നു അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻററിൽ ആവേശം നിറഞ്ഞ മൽസരങ്ങൾ. പ്രവാസലോകത്ത് വിദ്യാർഥികളുടെ കലാവാസന പ്രോത്സാഹിപ്പിക്കുന്നതിനും അവതരിപ്പിക്കുന്നതിനുമുള്ള വേദിയായിരുന്നു ഓപ്പൺ യുവജനോൽസവം. 

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടിനൃത്തം കർണാടിക് ഹിന്ദുസ്ഥാനി സംഗീതം, ലളിതഗാനം, മോണോ ആക്ട്, ഉപകരണസംഗീതം തുടങ്ങി 21 ഇനങ്ങളിലായി  അഞ്ചു വേദികളിലാണ്  മൽസരങ്ങൾ അരങ്ങേറിയത്. മൂന്നു മുതൽ 18 വയസ് വരെയുള്ള  കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു  മത്സരങ്ങൾ . 

ആദ്യാന്തം ആവേശം നിറഞ്ഞ മൽസരത്തിൽ ഷാർജ അവർ ഓൺ ഇംഗ്ലീഷ് ഹൈസ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയായ  നേഹ ജീവൻ  കലാതിലകപ്പട്ടം ചൂടി. അബുദാബി ഇന്ത്യൻ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി വിഷ്‌ണു ബദരീനാഥ് കലാപ്രതിഭയായി. ഇന്ത്യയിലും യു.എ.ഇയിലും നിന്നുള്ള പ്രശസ്ത കലാകാരൻമാർ വിധികർത്താക്കളായിരുന്നു. പ്രവാസിമലയാളികളായ വിദ്യാർഥികളും ആവേശത്തോടെ ഉൽസവത്തിൻറെ ഭാഗമായി. അബുദാബി ഇന്ത്യൻ സ്‌കൂളിലെ വിദ്യാർഥികളും മലയാളി സഹോദരിമാരുമായ അരുണിമയും അൻവിതയും വിവിധ നൃത്തമൽസരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. നാട്ടിലെ കലോൽസവ വേദികളെ അനുസ്മരിക്കും വിധം രാത്രിവൈകിയും കലാപ്രകടനങ്ങൾ തുടർന്നു. മലയാളികളടക്കം വിവിധ രാജ്യക്കാരായ പ്രവാസികളും സ്വദേശികളും യുവജനോത്സവം കാണാനും പ്രോത്സാഹിപ്പിക്കാനുമായി യുഎഇയുടെ തലസ്ഥാന നഗരിയിലെത്തി. 

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...