ദേശീയ ദിനാഘോഷ നിറവിൽ ഒമാൻ; ഒത്തുചേർന്ന് പ്രവാസികളും

Gulf-this-21
SHARE

നേട്ടങ്ങളുടെ നെറുകയിൽ നാൽപ്പത്തൊപതാം ദേശീയ ദിനം ആഘോഷിക്കുകയാണ് ഒമാൻ. സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദെന്ന കരുത്തനായ നായകൻറെ നേതൃമികവിനുള്ള അംഗീകാരം കൂടിയാണ് ഓരോ ദേശീയ ദിനവും. ഒമാൻറെ ദേശീയദിനാഘോഷ വിശേഷങ്ങളാണ് ആദ്യം കാണുന്നത്.

ഒമാൻ ജനതയുടെ മുന്നേറ്റത്തിന്‍റെ കഥകളും പാട്ടുകളുമായി നാടും നഗരവും ആഘോഷതിമിര്‍പ്പിലാണ്. ദേശീയ പതാകയും വര്‍ണ ദീപങ്ങളുംകൊണ്ട് അലംകൃതമാണ് രാജ്യമെങ്ങും. പൌരൻമാരെന്നോ പ്രവാസികളെന്നോ വ്യത്യാസമില്ലാതെ മതവർഗജാതിരാജ്യ വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒമാനെന്ന കൊച്ചുരാജ്യത്തിൻറെ ദേശീയദിനം ആഘോഷിക്കുകയാണ്. ആരവങ്ങളോടെ.ബഹുമാനത്തോടെ.

മുസന്നയിലെ സെയ്ദ് ബിൻ സുൽത്താൻ നേവൽബേസിൽ നടന്ന സായുധസേനാ പരേഡിൽ ഒമാൻ ഭരണാധികാരിയും സേനയുടെ സുപ്രീം കമാൻഡറുമായ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദ് സല്യൂട്ട് സ്വീകരിച്ചു. സൈനിക പരേഡ് വീക്ഷിക്കാൻ മന്ത്രിമാരും പൗരപ്രമുഖരും വിദേശ രാഷ്ട്രപ്രതിനിധികളുമടക്കം നിരവധി പേർ എത്തിയിരുന്നു.  സായുധ സേന, റോയല്‍ ഗാര്‍ഡ് ഓഫ് ഒമാന്‍, സുല്‍ത്താന്‍ സ്പെഷല്‍ ഫോഴ്സ്, റോയല്‍ ഒമാന്‍ പൊലീസ്, റോയല്‍ കോര്‍ട്ട് അഫയേഴ്സ് എന്നീ സേനകൾ പരേഡിൽ അണിനിരന്നു. സൈനിക ബാൻഡ് ദേശീയഗാനത്തിൻറെ അകമ്പടിയോടെയാണ് ഭരണാധികാരിയെ ആനയിച്ചത്. സുൽത്താന് ആദരവറിയിച്ച് 21 ആചാരവെടികളും ഉയർന്നു.

ഒമാൻ ദേശിയ ദിനത്തോട് അനുബന്ധിച്ച് 142 പ്രവാസികളടക്കം 332 കുറ്റവാളികൾക്ക് സുൽത്താൻ ഖാബൂസ് ബിൻ സൈദ്‌ പൊതുമാപ്പ് നല്കി. നല്ല നടപ്പുകാരായ തടവുകാർക്കാന് ഈ ആനുകുല്യം പ്രയോജനമാകുന്നത്. ഒമാനിലെ മലയാളികളടക്കമുള്ള പ്രവാസികളും സ്വദേശികളും ഉത്സവ പ്രതീതിയോടെയാണ് ദേശീയദിനാഘോഷത്തിൻറെ ഭാഗമായത്. വാഹനങ്ങളിൽ ഒമാൻ ദേശിയപതാകയുടെ ചായം പൂശിയും, ത്രിവർണ പതാക കയ്യിലേന്തിയും ജനങ്ങൾ തെരുവുകളിൽ ആഘോഷിച്ചു. എല്ലാ വിഭാഗീയതകളേയും മറന്നു ഒമാൻ എന്ന രാജ്യത്തോടുള്ള ബഹുമാനത്തോടെ ദേശീയദിനാഘോഷം. നിരവധി മലയാളി സംഘടനകളുടെ നേതൃത്വത്തിലും ആഘോഷപരിപാടികൾ തുടരുകയാണ്.

സുല്‍ത്താന്‍ ഖാബൂസിൻറെ നായകത്വത്തില്‍ ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, സാങ്കേതികവിദ്യ, വിനോദസഞ്ചാരം തുടങ്ങി എല്ലാ മേഖലകളിലും ഒമാൻ കുതിപ്പു തുടരുകയാണ്. ആരോഗ്യമേഖലയിലെ മികച്ച കാല്‍വെപ്പുകള്‍ക്ക് ലോകാരോഗ്യ സംഘടനയുടെതടക്കം പ്രശംസയേറ്റുവാങ്ങി. 

രാജ്യ പുരോഗതിക്ക് പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്‍െറ ഭാഗമായി രാജ്യത്തെ പൗരന്മാര്‍ക്ക് രാഷ്ട്രീയ അവകാശങ്ങള്‍ സുൽത്താൻ നല്‍കിയിരുന്നു. ഒമാനി ശൂറകള്‍ നിലവില്‍ വന്നത് ഇതിന്‍െറ ഭാഗമായാണ്. ഒൻപതാം പഞ്ചവൽസര പദ്ധതിയിലൂടെ പൌരൻമാർക്കും പ്രവാസികൾക്കും മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പുവരുത്തുകയാണ് ഒമാൻ.

മേഖലയിൽ സമാധാനകാംക്ഷിയായ നയതന്ത്രബന്ധം സൂക്ഷിക്കുന്ന രാജ്യം കൂടിയാണ് ഒമാൻ. മേഖലയിലെ എല്ലാ രാജ്യങ്ങളുമായും ഒരേ സമയം ഐക്യവും സമാധാനവും നിലനിർത്താൻ ഒമാനു സാധിക്കുന്നുവെന്നത് രാജ്യത്തിൻറെ നയതന്ത്ര വിജയം കൂടിയാണ്. സൌദി, യുഎഇ തുടങ്ങി ഗൾഫ് അടക്കം വിവിധ രാജ്യങ്ങളിലെ ഭരണാധിപൻമാർ ഒമാൻ ജനതയ്ക്കും ഭരണാധികാരിക്കും ആശംസ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ദുബായ് ബുർജ് ഖലീഫയിൽ ഒമാൻ പ്രതാക പ്രദർശിപ്പിച്ചാണ് യുഎഇ ഒമാൻ ജനതയോടുള്ള ആദരവ് പ്രകടിപ്പിച്ചത്. 

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...