നൂതന ആശയങ്ങളും കണ്ടെത്തലുകളും ഒത്തുചേർന്നു; ശ്രദ്ധേയമായി രാജ്യാന്തര പെട്രോളിയം പ്രദർശനം

petrolum
SHARE

എണ്ണ വാതക രംഗങ്ങളിലെ കണ്ടെത്തലുകളും നൂതന ആശയങ്ങളുമായി അബുദാബിയിൽ രാജ്യാന്തര പെട്രോളിയം പ്രദർശനവും സമ്മേളനവും. ഇന്ത്യ അടക്കം അറുപത്തിയേഴു രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം കമ്പനികളാണ് പ്രദർശനത്തിൻറെ ഭാഗമാകുന്നത്.

സമീപകാലത്ത് ഗൾഫ് മേഖലയിൽ എണ്ണകപ്പലുകൾക്കും എണ്ണ സംഭരണ, വിതരണ കേന്ദ്രങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് യുഎഇയുടെ തലസ്ഥാന നഗരിയിൽ രാജ്യാന്തര പെട്രോളിയം പ്രദർശനവും സമ്മേളനവും ഒരുക്കിയത്. കടലിലെയും കരയിലെയും എണ്ണ ഗവേഷണം, ഖനനം, വിതരണം, ശുദ്ധീകരണം, സുരക്ഷ തുടങ്ങിയ മേഖലകളെ പരിചയപ്പെടുത്തുകയും ഇവയെക്കുറിച്ചുള്ള ചർച്ചകളുമാണ് അഡിപെക്കിൽ നടന്നത്. എണ്ണ, പ്രകൃതി വാതക മേഖലയുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിലായി നൂറ്റിഅൻപതിലധികം വിഷയങ്ങളിൽ ചർച്ചകളും സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിലെ പതിനായിരത്തിലധികം വരുന്ന പ്രതിനിധി സംഘം സമ്മേളനത്തിൻറെ ഭാഗമായി. 

അബുദാബി ദേശീയ പ്രദർശന നഗരിയിലെ ഇന്ത്യാ പവിലിയൻ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ പൊതുസ്വകാര്യ മേഖലകളിൽനിന്നുള്ള കമ്പനികളുടെ സ്റ്റാളുകൾ അഡിപെകിൻറെ ഭാഗമായി.രാഷ്ട്രീയ സ്ഥിരതയും ബിസിനസ് അനുകൂല നയങ്ങളുമുള്ള ഇന്ത്യയില്‍ വന്‍ നിക്ഷേപ അവസരങ്ങളാണുള്ളതെന്നു വിവിധ രാജ്യങ്ങളിലെ മന്ത്രിമാരടക്കമുള്ള പ്രതിനിധികളോട് ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. ലോകഊര്‍ജ തലസ്ഥാനമെന്ന ലക്ഷ്യത്തിലേക്കുള്ള പാതയിലാണ് ഇന്ത്യ. 

യുഎഇ ഊർജവ്യവസായ വകുപ്പ് മന്ത്രി സുഹൈൽ മുഹമ്മദ് ഫറാജ് അൽ മസ്രോയിയുമായി ധർമേന്ദ്ര പ്രധാൻ കൂടിക്കാഴ്ച നടത്തി. പെട്രോളിയം, സ്റ്റീൽ വ്യാപാരമേഖലിയിലെ വെല്ലുവിളികളും സഹകരണവും ചർച്ചാവിഷയമായി. 

കഴിഞ്ഞവർഷത്തേക്കാൾ 32 ശതമാനത്തിലധികം പ്രാതിനിധ്യമാണ് ഇത്തവണയുണ്ടായത്. മിന മേഖല, ഏഷ്യ, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യങ്ങൾ പ്രദർശനത്തിൽ സജീവമായി. രാജ്യാന്തരതലത്തിൽ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞു നിൽക്കുന്ന സാഹചര്യത്തിലും വ്യവസായരംഗം ഏറെ സജീവമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രദർശനത്തിലെ പങ്കാളിത്തം. 

ചെറിയ ബെയറിങുകൾ മുതൽ അന്തർവാഹിനികൾ വരെ നിർമിക്കുന്ന കമ്പനികൾ സാധാരണക്കാരുടെ ശ്രദ്ധയാകർഷിച്ചു. ഓയിൽ കമ്പനികളും മറൈൻ കമ്പനികളുമടക്കം ജീവനക്കാർക്കുള്ള സുരക്ഷാ വസ്ത്രങ്ങൾക്കും ഉപകരണങ്ങൾക്കുമായി ദശലക്ഷക്കണക്കിനു ദിർഹത്തിൻറെ കരാറുകളിലാണ് ഈ ദിവസങ്ങളിൽ ഒപ്പുവച്ചത്. നാലു ദിവസം നീണ്ട പ്രദർശനത്തിലും സമ്മേളനത്തിലും പ്രവാസിമലയാളികളടക്കമുള്ളവർ സജീവമായി പങ്കെടുത്തു.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...