ഒരുകുടക്കീഴിൽ അണിനിരക്കുന്ന സഹിഷ്ണുത; യുഎഇ നല്‍കുന്ന പാഠങ്ങൾ

gulf
SHARE

ഇരുന്നൂറോളം രാജ്യങ്ങളിൽ നിന്നുള്ളവർ സഹിഷ്ണുതയോടെ ജീവിക്കുന്ന രാജ്യമാണ് യുഎഇ. സഹിഷ്ണുതയ്ക്കായ് പ്രത്യേക മന്ത്രാലയം വരെയുള്ള അപൂർവതയാണ് ഈ രാജ്യത്തെ വ്യത്യസ്തമാക്കുന്നത്. സഹിഷ്ണുതയുടെ സന്ദേശവുമായി ദുബായിൽ നടന്ന ലോക സഹിഷ്ണുതാസമ്മേളനത്തിൻറെ വിശേഷങ്ങളാണ് ആദ്യം കാണുന്നത്.

വൈവിധ്യങ്ങളുടെ ലോകമാണ് യുഎഇ. അറബ് വിശ്വാസസംഹിതകൾക്കിടയിൽ ലോകത്തിലെ വിവിധങ്ങളായ മതങ്ങളിൽ, സംസ്കാരങ്ങളിൽ, വൈവിധ്യങ്ങളിൽ ജീവിക്കുന്നവർക്കു മെച്ചപ്പെട്ട ജീവിത സാഹചര്യമൊരുക്കുന്ന ഇടം. സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ, ആരേയും മാറ്റിനിർത്താതെ, എല്ലാവരും ഒരുകുടക്കീഴിൽ അണിനിരക്കുന്ന സഹിഷ്ണുതയാണ് യുഎഇ പഠിപ്പിക്കുന്നത്. മത ജാതി വർണ വിവേചനങ്ങൾ ഉയരുന്ന കാലത്ത് സഹിഷ്ണുതാവർഷം ആചരിക്കുകയാണ് ഐക്യ അറബ് എമിറേറ്റുകൾ. സഹിഷ്ണുതാവർഷാചരണത്തിൻറെ ഭാഗമായാണ് ദുബായിൽ ലോക സഹിഷ്ണുതാ സമ്മേളനം സംഘടിപ്പിച്ചത്. 105 രാജ്യങ്ങളിലെ സാമൂഹ്യപ്രവർത്തകർ, മതമേലധ്യക്ഷൻമാർ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങി 1866 പ്രതിനിധികൾ സമ്മേളനത്തിൻറെ ഭാഗമായി. ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള 45 ക്ഷണിതാക്കൾ വിവിധ വിഷയങ്ങളെക്കുറിച്ചു സംസാരിച്ചു. 

ഇന്ത്യയിലെ പാവപ്പെട്ട വിദ്യാർഥികളുടെ ഉന്നമനത്തിനായി, വിദ്യാഭ്യാസ പുരോഗതിക്കായി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജുനൂൻ ഫൌണ്ടേഷൻ സ്ഥാപക ഹൈമന്തി സെൻ സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായി. 

സഹിഷ്ണുതയുടെ പാഠം മറക്കാതെ ഇന്ത്യൻ ജനത മുന്നോട്ടുപോകേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്നു ഹൈമന്തി. 

മർക്കസ് കോളജ് അധ്യപകനും മൂന്നു ദശാബ്ദങ്ങളോളം യുഎഇയിൽ ഇമാം ആയി സേവനം അനുഷ്ടിച്ച മാമികുട്ടി മുസ്ലിയാറും സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായി. 

വിദ്യാർഥികൾക്കിടയിൽ സഹിഷ്ണുത സന്ദേശം പ്രചരിപ്പിക്കണമെന്ന സമ്മേളനത്തിൻറെ സന്ദേശം ഇന്ത്യയിലും പ്രവർത്തികമാക്കണമെന്നു ആന്ധ്രയിൽ നിന്നുള്ള എം.എൽ.സി എ.എസ് രാമകൃഷ്ണ പറഞ്ഞു.

സഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി രാജ്യങ്ങളുടെ സഹകരണം ലക്ഷ്യമിട്ടു രാജ്യാന്തര ശൃംഖല രൂപീകരിക്കാൻ തീരുമാനമായി. ഇതിനു യുഎഇ മുൻകൈയെടുക്കും. പ്രമുഖവ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും കൂട്ടായമയുടെ ഭാഗമാകും. യുഎഇയിൽ വിദ്യാർഥികൾക്കായി ആശയരൂപീകരണ മൽസരങ്ങൾ സംഘടിപ്പിക്കാനും തീരുമാനമായി. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിൻറെ രക്ഷകർതൃത്വത്തിൽ ദുബായിലാണ് രണ്ടു ദിവസം നീണ്ട ലോകസഹിഷ്ണുതാ സമ്മേളനം സംഘടിപ്പിച്ചത്. 

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...