ഏറ്റവും നീളമേറിയ ഖുർആൻ കാലിഗ്രഫി; ഗിന്നസിൽ ഇടംനേടിയ മലയാളി

gtw-book-4
SHARE

ലോകത്തിലെ ഏറ്റവും നീളമേറിയ ഖുർആൻ കാലിഗ്രഫി പ്രദർശനം ഒരുക്കിയിരിക്കുന്നത് ഒരു പ്രവാസിമലയാളിയാണ്. കോഴിക്കോട് സ്വദേശി എം.ദിലീഫ് ഷാർജ രാജ്യാന്തര പുസ്തകമേളയിലാണ് ഈ ഖുർആൻ പ്രദർശിപ്പിച്ചിരിക്കുന്നത്.

ഗിന്നസ് ബുക്ക് ഓഫ് വേള്‍‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിച്ച ലോകത്തെ ഏറ്റവും നീളമുള്ള ഖുര്‍ആന്‍ കലിഗ്രഫി ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ശ്രദ്ധേയമാവുകയാണ്. 70 സെന്‍റി മീറ്റര്‍ വീതിയുള്ള ഐവറി കാര്‍ഡ് 300 ജിഎസ്എം പേപ്പറില്‍ കലിഗ്രഫി പേനയുപയോഗിച്ചാണ് ഖുര്‍ആൻ ഒരുക്കിയിരിക്കുന്നത്. ഒരു കിലോമീറ്ററാണ് നീളം. ലോകത്തിലെ ഏറ്റവും നീളമുള്ള, പൂർണ്ണമായും കൈ കൊണ്ടെഴുതപ്പെട്ട ഖുർആൻ ആണ് ദിലീഫ് രൂപം നൽകിയത്.

പരമ്പരാഗത രീതിയോട് സാമ്യമുള്ളതും രാജ്യാന്തര തലത്തിൽ ഉപയോഗിക്കുന്നതുമായ ലിപിയിലാണ് ഖുർആൻ വചനങ്ങൾ എഴുതിയത്. ആദ്യ അധ്യായം ഫാത്തിഹ മുതൽ സൂറത്തുന്നിസാജ് വരെയുള്ള പേജുകളാണ് ഇതുവരെ പൂർത്തിയാക്കിയത്. മുഴുവൻ അധ്യായങ്ങളും ഒരു കിലോ മീറ്റർ ദൈർഘ്യത്തിൽ വൈകാതെ പൂർത്തിയാക്കുമെന്നു കാർട്ടൂണിസ്റ്റ് കൂടിയായ കോഴിക്കോട് മുക്കം സ്വദേശി എം.ദിലീഫ് പറയുന്നു.

ഖുർആൻ ലോകത്തിനു പകരുന്ന സമാധാനത്തിൻറെ സന്ദേശം ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കലിഗ്രഫിയിൽ ഖുർആൻ ഒരുക്കിയത്. ഒരു വർഷത്തോളം ഇതിനായി പരിശ്രമിക്കുകയാണ്.

ഷാർജ രാജ്യാന്തര പുസ്തകമേളയിലെ ഏഴാം നമ്പർ ഹാളിലാണ് സന്ദർശകർക്കായി ഖുർആൻ പ്രദർശിപ്പിച്ചിരിക്കുന്നത്. 600 മീറ്റർ നീളത്തിൽ ഈജിപ്ത്തുകാരൻ മുഹമ്മദ് ഗബ്രിയാൻ നിർമ്മിച്ച ഖുറാനാണ് മുന്നിലുണ്ടായിരുന്നത്....

കലിഗ്രഫി പ്രദർശനത്തിനൊപ്പം താൽപര്യമുള്ളവർക്കു സൌജന്യമായി കാർട്ടൂൺ വരച്ചു നൽകുകയാണ് ദിലീഫ്. തൊട്ടു മുന്നിലിരിക്കുന്ന വ്യക്തിയുടെ ചിത്രം മിനിട്ടുകൾ കൊണ്ടു വരച്ചാണ് സമ്മാനിക്കുന്നത്.  പത്തുദിവസത്തിനിടെ നൂറിലധികം പേരുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ വരച്ചു നൽകിയത്.

കൂടുതൽ വിദേശരാജ്യങ്ങളിൽ ഖുർആൻ കലിഗ്രഫിയുടെ പ്രദർശനം നടത്തി ഖുർആൻറെ സന്ദേശം ലോകത്തെ കൂടുതൽ അറിയിക്കാനൊരുങ്ങുകയാണ് പ്രവാസിയായ ദിലീഫ്.‌

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...