ആരോ ഉപേക്ഷിച്ചുപോയ പാചകക്കുറിപ്പുകൾ വഴിത്തിരിവായി; 'ഈന്തപ്പഴവും മസാലയും' പിറന്നത്

gtw-book-6
SHARE

കേരളത്തിൻറെ രുചിക്കൂട്ടുകളെക്കുറിച്ചുള്ള  ജോർദാൻ സ്വദേശിയുടെ പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. കേരളത്തിൻറെ സംസ്കാരവും സിനിമയുമൊക്കെ ഇഷ്ടപ്പെടുന്ന മുഹമ്മദ് അൽ നബുൽസിയുടെ വിശേഷങ്ങളാണ് ഇനി പരിചയപ്പെടുന്നത്.

ഷാർജയിലെ പുതിയ താമസസ്ഥലത്തു ആരോ ഉപേക്ഷിച്ചുപോയ പാചകക്കുറിപ്പുകളിലൂടെയാണ് ജോർദാൻ സ്വദേശി മുഹമ്മദ് അൽ നബുൽസി കേരളത്തെ കണ്ടെത്തിയത്. മസാലക്കൂട്ടു നിറഞ്ഞ പാചകപരീക്ഷണത്തിലൂടെ  കേരളത്തെ ഇഷ്ടപ്പെട്ടുതുടങ്ങി. ആ ഇഷ്ടം ഇന്നെത്തി നിൽക്കുന്നത് തമർ വ മസാല അഥവാ ഈന്തപ്പഴവും മസാലയുമെന്ന നോവലിലാണ്.

കേരളത്തിന്റെ രുചിതേടിയുള്ള ഒരു അറബ് യുവാവിന്റെ യാത്രയുടെ ഉദ്വേഗജനകവും രസകരവുമായ കഥയാണ് നോവലിൻറെ ഇതിവൃത്തം. പാചകക്കുറിപ്പെഴുതിയ ഫഹ് മിദ അറയ്ക്കൽ എന്ന മലയാളി യുവതിയെ തേടി നായകൻ കേരളത്തിലെത്തുന്നതാണ് കഥാതന്തു.

ഷാർജയിലെ മലയാളി സുഹൃത്തുക്കളാണ് കേരളത്തിലെത്താൻ വഴികാട്ടിയത്. ഫോർട്ട് കൊച്ചിയുടെ മനോഹാരിതയിൽ മയങ്ങിപ്പോയെന്നു പലസ്തീൻ വേരുകളുള്ള നബുൽസിയുടെ സാക്ഷ്യം. കേരളത്തെ ഇഷ്ടപ്പെടാൻ കാരണമെന്തെന്ന ചോദ്യത്തിനു മറുപടി ഇതായിരുന്നു.

രുചിവൈവിധ്യം മാത്രമല്ല മലയാള സിനിമയും പാട്ടും പ്രകൃതിയേയുമെല്ലാം അടുത്തറിയുകയാണ് നബുൽസി. മലയാള സിനിമയുടെ കടുത്ത ആരാധകനാണ്. പ്രിയ നടൻ ടൊവിനോയെക്കുറിച്ചു പറയാൻ വാക്കുകളേറെ.

കേരളത്തിനായി ചില പദ്ധതികളും നബുൽസിയുടെ മനസിലുണ്ട്. വിദ്യാർഥികളുടെ കലാവാസന പ്രോത്സാഹിപ്പിക്കാൻ സന്നദ്ധ സംഘടന തുടങ്ങണമെന്നു  ആഗ്രഹമുണ്ട്. ഒപ്പം ടൊവിനോ തോമസിനെ നായകനാക്കി ഒരു സിനിമ അവതരിപ്പിക്കണമെന്നതും സ്വപ്നമാണ്. ഇതിനെല്ലാം തുടക്കമെന്ന നിലയിൽ മലയാള ഭാഷ പഠിച്ചു തുടങ്ങി. 

അജ്മാനിലെ സ്കൂൾ അധ്യാപകൻ മുരളി മംഗലത്താണ് നബുൽസിയെ മലയാളം പഠിപ്പിക്കുന്നത്. കേരളത്തെ ഇത്രമാത്രം സ്നേഹിക്കുന്ന, ആദരിക്കുന്ന വിദേശിയായ നബുൽസി ഒരു അദ്ഭുദമാണെന്നു മുരളി മാഷിൻറെ സാക്ഷ്യം.

കഴിഞ്ഞ അഞ്ചു വർഷമായി എല്ലാ അവധിക്കാലങ്ങളും കേരളത്തിലാണ് ചിലവഴിക്കുന്നത്. സ്വന്തം നാടായ ജോർദാനിലേക്കു പോയിട്ടു അഞ്ചു വർഷമായി. കേരളത്തെ ഇഷ്ടപ്പെടുന്ന ഈ അവിവാഹിതൻ ഇനി കേരളത്തിൻറെ മരുമകനാകുമോയെന്നതാണ് ജോർദാനിൽ നിന്നും അമ്മയുടെ ചോദ്യമെന്നും നബുൽസി ചിരിയോടെ പറഞ്ഞുവയ്ക്കുന്നു.

കേരളത്തെക്കുറിച്ചുള്ള അറബ് പുസ്തകത്തിലൂടെ ഗൾഫ് നാടുകളിലുള്ളവർക്കു ദൈവത്തിൻറെ സ്വന്തം നാടിനെക്കുറിച്ചു കൂടുതൽ അറിയാനാകുമെന്നാണ് നബുൽസിയുടെ പ്രതീക്ഷ. അതുതന്നെയാണ് കേരളത്തെ ഏറെ പ്രണയിക്കുന്ന ഈ നാൽപ്പതുകാരൻറെ ആഗ്രഹവും.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...