81 രാജ്യങ്ങളിലെ പ്രതിഭകൾ; 38-ാംമത് ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിനു തുടക്കം

bookfestsharjah
SHARE

മുപ്പത്തിയെട്ടാമത് ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിനു തുടക്കം. ഇന്ത്യ അടക്കം 81 രാജ്യങ്ങളിൽ നിന്നുള്ള സാഹിത്യകാരൻമാരാണ് മേളയുടെ ഭാഗമാകുന്നത്. 

പതിനൊന്നു നാൾ ആക്ഷരങ്ങളുടെ ആഘോഷം. സംസ്കാരങ്ങളുടെ വേഷപ്പകർച്ചകളെ അടുത്തറിഞ്ഞ് ചിന്തകളുടേയും അഭിപ്രായത്തിൻറേയും ചൂടുപിടിക്കുന്ന ചർച്ചകളുടെ ഭാഗമാകാൻ അവസരമൊരുക്കുകയാണ് ഷാർജ രാജ്യാന്തര പുസ്തകമേള. സാഹിത്യസംവാദങ്ങളും സാംസ്കാരികപരിപാടികളുമായി അക്ഷരങ്ങളെ അടുത്തറിയാൻ അവസരം. 

തുറന്ന പുസ്തകം തുറന്ന മനസ് എന്ന പ്രമേയത്തിലാണ് മുപ്പത്തിയെട്ടാമത് ഷാർജ രാജ്യാന്തര പുസ്തകമേള 

അൽ താവുനിലെ എക്സ്പോ സെൻ്ററിൽ പുരോഗമിക്കുന്നത്. ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന മേളയിൽ ഇന്ത്യയടക്കം 81 രാജ്യങ്ങളിലെ 2000ത്തിലേറെ പ്രസാധകർ പങ്കെടുക്കുന്നു. രണ്ടുകോടിയിലധികം പുസ്തകങ്ങളാണ് വായനക്കാർക്കായി ഒരുക്കിയിരിക്കുന്നത്. നൂറ്റിയൻപതോളം ഇന്ത്യൻ പ്രസാധകർ മേളയുടെ ഭാഗമാണ്. കുട്ടികൾ  രചിച്ച40 പുസ്തകങ്ങളാണ് ഈ വർഷം പ്രകാശനത്തിനൊരുങ്ങുന്നത്. ഇന്ത്യൻ പവലിയൻ പ്രവർത്തിക്കുന്ന ഏഴാം നമ്പർ ഹാളിലാണ് ഇത്തവണ റൈറ്റേഴ്സ് ഫോറം. 220ൽ ഏറെ പുസ്തകങ്ങൾ ഈ വേദിയിൽ പ്രകാശനം ചെയ്യുന്നുണ്ട്. പ്രവാസിമലയാളികളുടേതടക്കമുള്ള പുസ്തകങ്ങളാണ് വായനക്കാർക്കു മുന്നിലെത്തുന്നത്.

നൊബേൽ സമ്മാനജേതാവ് തുർക്കി സാഹിത്യകാരൻ ഒർഹാൻ പാമുഖാണ് ഇത്തവണത്തെ ഉൽഘാടനദിവസം ധന്യമാക്കാനെത്തിയത്. ഇന്ത്യൻ പവലിയനിലെ ബുക്ക് സ്റ്റോളുകൾ സന്ദർശിച്ച ഒർഹാൻ പാമുഖ്  മലയാളികളുടെ വായനാപ്രേമത്തെ വാനോളം വാഴ്ത്തി.

ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ ഉൽഘാടനത്തിനെത്തുമെന്നറിയിച്ചിരുന്നെങ്കിലും ആരോഗ്യകാരണങ്ങളാൽ എത്തിയില്ല. ബച്ചനെക്കുറിച്ചു ഓസ്കാർ ജേതാവ് റസൂൽ പുക്കൂട്ടി രചിച്ച പുസ്തകവും മേളയിൽ ലഭ്യമാണ്. അമേരിക്കൻ ഹാസ്യതാരവും ടെലിവിഷൻ അവതാരകനുമായ സ്റ്റീവ് ഹാർവി, ഘാന എഴുത്തുകാരി മാർഗരറ്റ് ബർബി, ആഫ്രിക്കൻ എഴുത്തുകാരി ഉപിലെ ചിസാല, ഹിന്ദി കവിയും ഗാനരചയിതാവുമായ ഗുൽസാർ, ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരായ വിക്രം സേത്, അനിത നായർ, മലയാളത്തിൽ നിന്നു ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ, നടൻ ടൊവീനോ തോമസ് തുടങ്ങിയവരും മേളയുടെ ഭാഗമാകുന്നുണ്ട്.

മെക്സിക്കോയാണ് ഇത്തവണത്തെ അതിഥി രാഷ്ട്രം. ആഫിക്ക, ഏഷ്യ, യൂറോപ്പ് തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ വിവിധ കലാപരിപാടികളും ഭക്ഷണവും സാംസ്കാരിക കൂട്ടായ്മകളും മേളയോടനുബന്ധിച്ചു ഒരുക്കിയിട്ടുണ്ട്.

30 നു രാവിലെ നടന്ന ചടങ്ങിൽ യുഎഇ സുപ്രീം കൌൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പുസ്തക മേള ഉൽഘാടനം ചെയ്തത്. നവംബർ 9ന് പുസ്തകമേള സമാപിക്കും വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 9 മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 4 മുതൽ രാത്രി 11 വരെയുമാണ് സൗജന്യ പ്രവേശനം.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...