മോദിയുടെ രണ്ടാം സൗദി സന്ദർശനം; ഭീകരതക്കെതിരെ ഒന്നിച്ച്

gulf
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദി സന്ദർശനമായിരുന്നു പോയവാരത്തിലെ പ്രധാനവാർത്ത. സൗദി ഭരണാധികാരിയുമായും കിരീടാവകാശിയുമായും മോദി കൂടിക്കാഴ്ച നടത്തി. ഒപ്പം ഷാർജരാജ്യാന്തര പുസ്തകമേളയ്ക്കും ഗ്ളോബൽ വില്ലേജിനും തുടക്കമായിരിക്കുന്നു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം സൗദി സന്ദർശനം. രണ്ടാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള രണ്ടാം ഗൾഫ് സന്ദർശനം. ഏറെ പ്രത്യേകത നിറഞ്ഞ മോദിയുടെ സൗദി സന്ദർശനത്തെക്കുറിച്ചുള്ള വാർത്തയാണ് ആദ്യം.

സൌദി ഭരണാധികാരി സൽമാൻ രാജാവിൻറെ ക്ഷണപ്രകാരമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം. എൻഡിഎ സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള നരേന്ദ്രമോദിയുടെ രണ്ടാം സൗദി സന്ദർശനം. കശ്മീരിൻറെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സൗദി സന്ദർശനം. ഒരു ദിവസം മാത്രം നീണ്ട സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നതായിരുന്നു. ഇരുപത്തിയെട്ടിനു രാത്രി ഒരു മണിയോടെയാണ് പ്രധാനമന്ത്രി, റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദറും സൗദിയിലെ ഇന്ത്യൻ സ്ഥാനപതി ഔസാഫ് സഇദും ചേർന്നു നരേന്ദ്രമോദിയെ സ്വീകരിച്ചു. 

ചൊവ്വാഴ്ച രാവിലെ വിവിധ മന്ത്രിമാരുമായുള്ള വ്യക്തിഗത കൂടിക്കാഴ്ചയോടെയായിരുന്നു സന്ദർശനത്തിൻറെ  ഔദ്യോഗിക തുടക്കം. ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ അൽ സൌദുമായി കൂടിക്കാഴ്ച നടത്തിയ മോദി, സൌദി അരാംകോയെ കൂടുതൽ സഹകരണത്തിനായി ഇന്ത്യയിലേക്കു ക്ഷണിച്ചു. തുടർന്നു പരിസ്ഥിതി, ജല, കാർഷിക മന്ത്രി അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ മൊഹ്സെൻ അൽ ഫാഡ്ലിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രി അഹ്മദ് ബിൻ സൽമാൻ അൽ റാജ്ഹിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രവാസിതൊഴിലാളികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചയായി. 

സൗദി ഭരണാധികാരി സൽമാൻ രാജാവുമായി നടത്തിയ ചർച്ചയിലെ പ്രധാനവിഷയം ഭീകരതയായിരുന്നു. എല്ലാ തരത്തിലുമുള്ള ഭീകരതയെ അപലപിക്കുന്നതായും അതിനെതിരെ ഒരുമിച്ചു നീങ്ങുമെന്നും ഇരുഭരണാധികാരികളും വ്യക്തമാക്കി. സുരക്ഷാരംഗത്തെ സഹകരണം, ഭീകരവാദത്തിനെതിരായ പോരാട്ടം, പ്രതിരോധവ്യവസായം, എണ്ണ, പ്രകൃതിവാതകം, പുനരുപയോഗ ഊർജം, വ്യോമയാനം തുടങ്ങി 15 മേഖലകളിൽ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താൻ ധാരണയായി. ഇതുമായി ബന്ധപ്പെട്ട പുതിയ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.  മഹാരാഷ്ട്രയിൽ അരാംകോയുടെ സഹകരണത്തോടെ തുടങ്ങാനിരിക്കുന്ന ഓയിൽ റിഫൈനറിയുടെ തുടർനടപടികൾ വേഗത്തിലാക്കാനും തീരുമാനമായി.

ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായും  മോദി റിയാദിൽ ചർച്ച നടത്തി. ഭീകരതയും മേഖലയിലെ നിലവിലെ സാഹചര്യങ്ങളും ചർച്ചാ വിഷയമായി.  തുടർന്നു ആഗോള നിക്ഷേപകസംഗമമായ ഫ്യൂച്ചർ ഇൻവസ്റ്റ്മെൻറ് ഇനിഷ്യേറ്റീവിനെ മോദി അഭിസംബോധന ചെയ്തു. ഇന്ത്യയിൽ നിക്ഷേപം നടത്താൻ 

വ്യവസായികളെ  പ്രധാനമന്ത്രി ക്ഷണിച്ചു.  ഊർജം, അടിസ്ഥാന സൌകര്യ വികസനം, ഐടി തുടങ്ങിയ മേഖലകളിൽ ഇന്ത്യയിൽ നിക്ഷേപ സാധ്യതയുള്ളതായി മോദി പറഞ്ഞു. ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ മുന്നോട്ടുവരുന്നവര്‍ക്ക് നഷ്ടസാധ്യത കുറവാണെന്നും ഉയര്‍ന്ന നൈപുണ്യവും വൈദഗ്ധ്യവുമുള്ള മാനവശേഷി ഉറപ്പാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസിവ്യവസായികളാണ് സംഗമത്തിൻറെ ഭാഗമായത്. മുകേഷ് അംബാനി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു. 

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. സൗദിയുടെ വിഷൻ 2030 നു മോദി പൂർണ പിന്തുണ അറിയിച്ചു. യുഎഇക്കും ബഹ്റൈനും പിന്നാലെ സൌദിയിലും റുപേ കാർഡ് പ്രധാനമന്ത്രി അവതരിപ്പിച്ചു. പ്രധാനമന്ത്രിയുടെ ബഹുമാനാർഥം സൌദി കിരീടാവകാശി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്തശേഷം രാത്രിയോടെ മോദി ഡൽഹിയിലേക്കു മടങ്ങി. 

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...