ലോകം ഒരു കുടക്കീഴില്‍; 24-ാംമത് ഗ്ളോബൽ വില്ലേജ് സീസണ് തുടക്കം

globalvillage
SHARE

ഗ്ളോബൽ വില്ലേജിൻറെ ഇരുപത്തിനാലാമത് സീസണു തുടക്കം. ലോകം ഒരു ഗ്രാമത്തിലേക്കൊതുങ്ങുന്ന മനോഹര കാഴ്ചകളാണ് ഇവിടെയൊരുക്കിയിരിക്കുന്നത്. ആറു മാസത്തോളം നീളുന്ന ദുബായ് ഗ്ളോബൽ വില്ലേജിലെ ആദ്യ കാഴ്ചകളാണ് ഇനി കാണുന്നത്.

ലോകത്തിന്റെ കണ്ണുകൾ ഒരു ഗ്രാമത്തിലേക്ക് ഒതുങ്ങുന്ന, മധ്യപൂർവദേശത്ത ഏറ്റവും മനോഹര കാഴ്ചാ കേന്ദ്രമായ ദുബായ് ഗ്ളോബൽ വില്ലേജിൻറെ ഇരുപത്തിനാലാം സീസണു തുടക്കം. 

ലോകത്തിലെ ഏറ്റവും വൈവിധ്യം നിറഞ്ഞ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ഗ്ളോബൽ വില്ലേജ്. ഒക്ടോബർ മുപ്പത്, ചൊവ്വാഴ്ച തുടങ്ങിയ ഉൽസവം 159 ദിവസം നീളും. ഏറെ പുതുമകളോടെയാണ് ഇത്തവണ ആഗോള ഗ്രാമം പൊതുജനങ്ങളെ സ്വാഗതം ചെയ്യുന്നത്. ഇന്ത്യ, ഈജിപ്ത്, ഇറാൻ, അമേരിക്ക, ജപ്പാൻ തുടങ്ങി എഴുപത്തിയെട്ടുരാജ്യങ്ങളുടെ 26 പവലിയനുകളാണ് പ്രധാന ആകർഷണം. ഇതാദ്യമായി കൊറിയ, അസർബെയ്ജാനും ആഗോള ഗ്രാമത്തിൻറെ ഭാഗമാകും.

ജനങ്ങളെ ആഹ്ലാദിപ്പിക്കുന്ന, ആവേശത്തിലാക്കുന്ന എല്ലാ ചേരുവകളും ഭംഗിയായി ഗ്ലോബൽ വില്ലേജിൽ സമ്മേ

ളിച്ചിട്ടുണ്ടെന്നു അധികൃതരുടെ ഉറപ്പ്. ഫൈവ് ജി സൗകര്യമാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. ആഫ്രിക്കൻ ഫൂട് പ്രിന്റിസിന്റെ നൃത്തവും പാക്കിസ്ഥാനി ഗായകൻ ആതിഫ് അസ്‍ലം, ഇന്ത്യൻ ഗായിക നേഹ കക്കർ എന്നിവരുടെ പരിപാടികളുമാണ് ഇത്തവണത്തെ പ്രധാനകലാപരിപാടികൾ. 

ദുബായ് രാജ്യാന്തര എക്സ്പോ രണ്ടായിരത്തിഇരുപതിൻറെ  കർട്ടൻ റൈസർകൂടിയാണ് ഇത്തവണത്തെ ഗ്ലോബൽ വില്ലേജ് സീസൺ. 

ഓളപ്പരപ്പിൽ ഒഴുകുന്നവയടക്കം 170 ഭക്ഷണ ശാലകളും ഗ്രാമത്തിൻറെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ക്രിസ്മസും പുതുവൽസരവുമടക്കം വിവിധ ആഘോഷങ്ങളും ഗ്ളോബൽ വില്ലേജിൽ ഏറ്റവും മിഴിവോടെ, മനോഹാരിതയോടെ ആഘോഷിക്കും. ഒപ്പം വിവിധ രാജ്യങ്ങളുടെ ഉൽസവാഘോഷങ്ങൾക്കും ഗ്രാമം വേദിയാകും. യുഎഇ ദേശീയദിനാഘോഷത്തോടനുബന്ധിച്ചു പ്രത്യേക പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

ഗ്ലോബൽ വില്ലേജിലേക്ക് വന്നു പോകുന്നതിന് നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽനിന്ന് ബസ് സർവീസ് തുടങ്ങിയിട്ടുണ്ട്. മാൾ ഓഫ് എമിറേറ്റ്സ്, യൂണിയൻ, അബുഹെയ്ൽ, റാഷിദീയ മെട്രോ സ്റ്റേഷനുകളിലേക്കെല്ലാം രാത്രി വൈകിയും സർവീസ് ഉണ്ടാകും.ശനി മുതൽ ബുധൻ വരെ വൈകിട്ട് നാലു മുതൽ പന്ത്രണ്ടു വരെയും വ്യാഴം വെള്ളി അവധി ദിവസങ്ങളിൽ വൈകിട്ട് നാലു മുതൽ രാത്രി ഒരു മണി വരെയുമാണ് ഗ്ളോബൽ വില്ലേജിലേക്കു പ്രവേശനം. തിങ്കളാഴ്ചകൾ കുടുംബങ്ങൾക്കും വനിതകൾക്കുമായുള്ളതാണ്. പതിനഞ്ചു ദിർഹമാണ് ടിക്കറ്റ് നിരക്ക്. മൂന്നു വയസിനു താഴെയുള്ലവർക്കും നിശ്ചയദാർഡ്യക്കാരയവർക്കും അറുപത്തിയഞ്ചു വയസിനു മുകളിലുള്ളവർക്കും പ്രവേശനം സൌജന്യമാണ്. ഗ്ളോബൽ വില്ലേജ് മൊബൈൽ ആപ്പ് വഴിയും നേരിട്ടെത്തിയും ടിക്കറ്റ് വാങ്ങാം. ഗ്രാമം കാത്തിരിക്കുകയാണ്. ശീതകാലത്തിൻറെ സുഖകരമായ കാലാവസ്ഥയിൽ ലോകത്തിൻറെ മേൽക്കൂരയ്ക്കു കീഴെ ആഘോഷങ്ങളുടെ ഭാഗമാകാൻ.

MORE IN GULF
SHOW MORE
Loading...
Loading...