അറിവിലേക്ക് അക്ഷരപ്രവേശം നടത്തി പ്രവാസലോകത്തെ കുരുന്നുകൾ

gulf-vidhyarambham
SHARE

നാടിൻറെ നന്മയും സംസ്കാരവും മറന്നുപോകാതിരിക്കട്ടെയെന്ന ഓർമപ്പെടുത്തലോടെ പ്രവാസലോകത്ത് വിദ്യാരംഭ ചടങ്ങുകൾ. മലയാള മനോരമയും ദുബായ് ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ചു നടത്തിയ വിദ്യാരംഭ ചടങ്ങിലെ വിശേഷങ്ങളാണ് ഇനി കാണുന്നത്. 

അറിവിലേക്ക് അക്ഷരപ്രവേശം നടത്തി പ്രവാസലോകത്തെ കുരുന്നുകൾ. മലയാളിയുടെ സംസ്കാരത്തിൻറെ പുണ്യഭാവമായ വിദ്യാരംഭചടങ്ങിൽ, പ്രവാസലോകത്തെ മലയാളി കുരുന്നുകളുടെ കൊച്ചു കൈകള്‍ ആദ്യമായി മലയാണ്‍മയെ തൊട്ടറിഞ്ഞു. മനോരമയൊരുക്കിയ അറിവരങ്ങില്‍ നൂറ്റിപതിനാറു കുരുന്നുകൾ അക്ഷരനൈവേദ്യം നുകര്‍ന്നു. 

വിദ്യാരംഭ ദിവസം പുലർച്ചെയോടെ തന്നെ മാതാപിതാക്കളും ബന്ധുക്കളുമടക്കമുള്ളവർ ആഘോഷത്തോടെയാണ് മക്കളുമായി ചടങ്ങിനായി ബർദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഹാളിലേക്കെത്തിയത്. മലയാളികളുടെ പ്രിയപ്പെട്ട സാഹിത്യകാരൻ സേതു, എം.ജി സർവകലാശാല മുൻ പ്രോ വൈസ് ചാൻസിലർ ഡോ.ഷീന ഷുക്കൂർ, മലയാള മനോരമ സീനിയർ അസോഷ്യേറ്റ് എഡിറ്ററും സാഹിത്യകാരനുമായ ജോസ് പനച്ചിപ്പുറം എന്നിവരാണ് പ്രവാസികളായ കുരുന്നുകളെ അക്ഷരലോകത്തേക്ക് ക്ഷണിച്ചത്.

അക്ഷരങ്ങളെ പൂജിക്കുന്ന മലയാള സംസ്കാരം വരും തലമുറയ്ക്കു പകരാനുള്ള ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നു സേതു പറഞ്ഞു. മലയാള മനോരമയുടെ വിദ്യാരംഭം ചടങ്ങിൽ പന്ത്രണ്ടോളം തവണ ഗുരുസ്ഥാനീയനാകാനായതിലെ സന്തോഷവും സേതു പങ്കുവച്ചു. 

തുടർച്ചയായ അഞ്ചാം വർഷമാണ് മലയാള മനോരമ ദുബായിൽ വിദ്യാരംഭം ചടങ്ങ് സംഘടിപ്പിക്കുന്നത്. ദുബായ് ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് നടത്തിയ ചടങ്ങിൽ കോൺസുൽ ജനറൽ വിപുൽ മുഖ്യാതിഥിയായി. ഇന്ത്യയുടെ സംസ്കാരത്തെ പരിചയപ്പെടുത്തുന്ന ഇത്തരം വേദികൾ പ്രോത്സാഹിപ്പിക്കപ്പെടണമെന്നു വിപുൽ പറഞ്ഞു.

ജീവിതത്തിലെ വലിയ ചുവടുവയ്പ്പു നടത്തിയ കുരുന്നുകൾക്കു കോൺസുൽ ജനറലിൻറെ ആശംസ. അക്ഷരങ്ങളുടെ ലോകത്തേക്കുള്ള പ്രവേശനത്തെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന മലയാളി പൈതൃകം അദ്ഭുതപ്പെടുത്തുന്നു. 

പൊന്നോമനകൾ അറിവിലേക്കു ചുവടുവയ്ക്കുമ്പോൾ പ്രാർഥനയോടെ, പ്രതീക്ഷയോടെ മാതാപിതാക്കൾ. 

ചിണുങ്ങിയും ചിരിച്ചും കുരുന്നുകൾ അരിത്തട്ടിൽ ഹരി ശ്രീ കുറിച്ചു. ഗുരുക്കൻമാർ കൈമാറിയ മിഠായികളും ബാഗുമടക്കമുള്ള സമ്മാനങ്ങളുമായി സന്തോഷത്തോടെയായിരുന്നു പുതിയലോകത്തേക്കുള്ള കുരുന്നുകളുടെ യാത്ര. നാട്ടിൽ നിന്നു മെച്ചപ്പട്ട ജീവിതസാഹചര്യം തേടി ഗൾഫിലെത്തിയവർക്ക്, നാടിൻറെ പൈതൃകത്തനിമ ചോരാതെ മക്കളെ എഴുത്തിനിരുത്താനായതിൻറെ സന്തോഷം.

പ്രവാസിമലയാളികൾ വിദ്യാരംഭം ചടങ്ങിനെ പ്രതീക്ഷയോടെ ഉൾക്കൊള്ളുന്നുവെന്നതാണ് ഭംഗിയെന്നും അത് കൂടുതൽ സജീവമാകുന്നതിൽ സന്തോഷമാണെന്നും ഗുരു കൂടിയായ ഡോ.ഷീന ഷുക്കൂർ പറഞ്ഞു. 

മലയാളത്തോടും മലയാളിത്തത്തോടുമുള്ള പ്രവാസി മലയാളിയുടെ സ്നേഹത്തിന്‍റെ അടയാളക്കാഴ്ചയായിരുന്നു ദുബായിലെ മലയാള മനോരമയുടെ നേതൃത്വത്തിലുള്ള വിദ്യാരംഭ ചടങ്ങ്.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...