നിക്ഷേകസംഗമത്തിന് വൻ പിൻതുണ; പ്രതീക്ഷയേകി മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനം

gulf-pinarayi
SHARE

മുഖ്യമന്ത്രി പിണറായി വിജയൻറെ ദുബായ് സന്ദർശനമായിരുന്നു പോയവാരത്തിലെ പ്രധാനവാർത്ത. കേരളത്തിലേക്കു പതിനായിരം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം പ്രവാസിവ്യവസായികളിൽ നിന്നും ലഭിച്ചുവെന്നത് ഏറെ പ്രതീക്ഷ നൽകുന്നു. .

പ്രവാസിവ്യവസായികളുടെ നിക്ഷേകസംഗമത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തിയത്. മൂന്നു ദിവസത്തെ സന്ദർശനത്തിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയെ അനുഗമിച്ചു.

നേരത്തെ നിശ്ചയിച്ച പ്രകാരം ഇടത്തരം പ്രവാസി മലയാളി സംരംഭകരിൽ നിന്നടക്കം നിക്ഷേപം ക്ഷണിക്കാനായി ത്രിദിന സന്ദർശനത്തിനായി ഈ മാസം മൂന്ന്, വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി ദുബായിലെത്തിയത്. വെള്ളിയാഴ്ച രാവിലെ മുഹൈസിന ഇന്ത്യൻ അക്കാദമി സ്കൂളിൽ തൊഴിലാളികൾ ഉൾപ്പടെയുള്ള മലയാളി സമൂഹവുമായുള്ള സംവാദത്തോടെയായിരുന്നു ഔദ്യോഗിക പരിപാടികളുടെ തുടക്കം. വിവിധ ക്യാംപുകളിലെ തൊഴിലാളികൾ ഉൾപ്പടെ അഞ്ഞൂറോളം പേർ പങ്കെടുത്ത യോഗത്തിൽ മുഖ്യമന്ത്രി 22 പേരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. നോർക്കയുടെ വിവിധ പദ്ധതികൾ അദ്ദേഹം വിശദീകരിച്ചു. 

ലൈഫ് മിഷൻ പദ്ധതി, നോർക്ക കമ്മീഷൻ, കോഴിക്കോട് വിമാനത്താവളത്തിലെ അപര്യാപ്തത, പ്രവാസിചിട്ടി തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രവാസികളുടെ ചോദ്യങ്ങൾക്കു മുഖ്യമന്ത്രി മറുപടി നൽകി.  

നോർക്കയുടെ പ്രവാസിക്ഷേമപദ്ധതികൾ കൂടുതൽപേരിലെത്തിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്നും ഗൾഫിലെ പ്രവാസികളുടെ തിരിച്ചുപോക്ക് അടക്കമുള്ള വിഷയങ്ങൾ ഗൌരവത്തോടെ പരിഗണിക്കുകയാണെന്നും നോർക്ക അധികൃതർ വ്യക്തമാക്കി.

                                    

ചെറുകിട, ഇടത്തരം പ്രവാസി വ്യവസായ സംരംഭകരെ ഉൾക്കൊള്ളിച്ചുള്ള നോൺ കേരളൈറ്റ്സ് എമിർജിങ് എൻട്രപ്രണേഴ്സ് മീറ്റ്(നീം) സംഘടിപ്പിച്ചു. കേരളം വ്യവസായസൌഹൃദ സംസ്ഥാനമായി മാറിയെന്നും നിക്ഷേപകരെ സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. വ്യവസായം തുടങ്ങുമ്പോൾ പ്രശ്നങ്ങളുണ്ടായാൽ പരിഹരിക്കുന്നതിന് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി രൂപീകരിക്കാനുദ്ദേശിക്കുന്നതായും 

സംസ്ഥാനത്ത് സ്വകാര്യപാർക്കുകൾ തുടങ്ങാൻ അനുമതി നൽകിയതായും വ്യവസായികൾക്കു ഏകജാലകസംവിധാനത്തിലൂടെ അതിനുള്ള അനുമതി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ നിക്ഷേപത്തിനു അനുകൂല സാഹചര്യമാണ് കേരളത്തിൽ നിലവിലുള്ളതെന്നു ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ.ആസാദ് മൂപ്പൻ വ്യക്തമാക്കി.

ശനിയാഴ്ച രാവിലെ ദുബായിൽ നടന്ന നിക്ഷേപകരുടെ പ്രത്യേകസമ്മേളനത്തിൽ കേരളത്തിലേക്കുള്ള നിക്ഷേപവാഗ്ദാനങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ദുബായ് ആസ്ഥാനമായ ഡിപി വേൾഡ്, ഷിപ്പിംഗ് ആന്‍റ് ലോജിസ്റ്റിക് മേഖലയിൽ മൂവായിരത്തി അഞ്ഞൂറു കോടി രൂപയുടെ നിക്ഷേപം നടത്താൻ തയ്യാറായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആഗോളനിക്ഷേപക സംഗമത്തിൽ കൊച്ചിയിൽ വച്ച് കരാർ ഒപ്പുവയ്ക്കുമെന്നു ഡിപി വേള്‍ഡ് വൈസ് പ്രസിഡന്‍റ് ഉമര്‍ അല്‍മൊഹൈരി  പറഞ്ഞു.

വിനോദസഞ്ചാരമേഖലയിലെ എട്ടു പദ്ധതികളെക്കുറിച്ചു പ്രവാസിവ്യവസായികളോട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശദീകരിച്ചു. നിക്ഷേപത്തിനു സന്നദ്ധത അറിയിച്ചവരുമായി തുടർ ചർച്ചകളുണ്ടാകുമെന്നു മന്ത്രി പറഞ്ഞു.

ചെറുകിട, ചില്ലറവിൽപ്പന മേഖലയിൽ ആയിരത്തിഅഞ്ഞൂറു കോടിയുടെ നിക്ഷേപത്തിനു തയ്യാറാണെന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി വ്യക്തമാക്കി. 800 കോടി ചെലവിൽ എറണാകുളത്ത് ഭക്ഷ്യസംസ്കരണ ഫാക്ടറിയുടെ നിർമാണം മൂന്നുമാസത്തിനകം തുടങ്ങും. 

കേരളത്തിലെ വിനോദസഞ്ചാര മേഖലയിൽ ആയിരം കോടിയുടെ നിക്ഷേപം നടത്തുമെന്നു ആർ.പി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള പറഞ്ഞു. നിക്ഷേപത്തിനു അനുയോജ്യമായ സാഹചര്യമാണ് കേരളത്തിലേത്.

തിരുവനന്തപുരത്ത് ആശുപത്രി നിർമാണത്തിനായി 550 കോടി നിക്ഷേപിക്കുന്നതായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപകചെയർമാൻ ആസാദ് മൂപ്പൻ പ്രഖ്യാപിച്ചു. അറുന്നൂറ് കിടക്കകളുള്ള ആശുപത്രിയുടെ നിർമാണം ആറുമാസത്തിനുള്ളിൽ ആരംഭിക്കും.

മറ്റ് ചെറു പദ്ധതി വാഗ്ദാനങ്ങൾക്കു പുറമെ പ്രവാസി നിക്ഷേപ കമ്പനി,  ഓവർ സീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡിൻറെ പത്തു ശതമാനം വീതം ഓഹരി വാങ്ങാനുള്ള സന്നദ്ധതയും പ്രവാസി വ്യവസായികൾ സമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിന്റെ തുടർച്ചയായി കൊച്ചിയിൽ ഡിസംബറിൽ ആഗോള നിക്ഷേപ സമ്മേളനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോ.ഷംഷീർ വയലിൽ, അദീബ് അഹമ്മദ്, ഡോ.വർഗീസ് കുര്യൻ, പി.എ ഇബ്രാഹിം ഹാജി, എം.എ അഷ്റഫലി, പി.വി അബൂബക്കർ, ദുബായ് ഹോൾഡിങ് എംഡി ഖാലിദ് അൽ മാലിക്, ഷൂറൂക് എക്സിക്യുട്ടീവ് വൈസ് ചെയർമാൻ മർവാൻ ബിൻ ജാസിം അൽ സർക്കൽ തുടങ്ങിയ വ്യവസായ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുത്തു. 

ദുബായിൽ കേരള അസോസിയേഷൻ രൂപീകരിക്കുന്നതിന് തത്വത്തിൽ അംഗീകാരം നേടാനായതും മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനത്തിനിടെയായിരുന്നു. ദുബായിലെ കമ്മ്യൂണിറ്റി ഡവലപ്മെൻറ് അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അബ്ദുൾ കരീം ജൽഫറുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം. കേരളസർക്കാർ രൂപീകരിച്ച സമിതി, സിഡി‌എയുമായി കൂടിയാലോചിച്ച് തുടർനടപടി സ്വീകരിക്കും. രൂപീകരിക്കുന്ന സംഘടനയിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തുല്യ പ്രാതിനിധ്യം ഉറപ്പാക്കണമെന്നു സിഡിഎ വ്യക്തമാക്കി. തുടർന്നു യുഎഇ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ക്വയ്‌വാൻ ഭരണാധികാരിയുമായ ഷെയ്ഖ് സഊദ് ബിൻ റാഷിദ് അൽ മുല്ലയുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തി. ഷെയ്ഖ് സൌദിനെ മുഖ്യമന്ത്രി കേരളത്തിലേക്കു സ്വാഗതം ചെയ്തു. സ്പീക്കർ ശ്രീരാമകൃഷ്ണൻ, വ്യവസായ മന്ത്രി ഇപി ജയരാജൻ, കോൺസുൽ ജനറൽ വിപുൽ, അബ്ദുൽ വഹാബ് എംപി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മൂന്നു ദിവസത്തെ സന്ദർശനത്തിനു ശേഷം ആറാം തീയതി രാത്രിയോടെ നാട്ടിലേക്കു മടങ്ങി.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...