സാങ്കേതിക വിദ്യയുടെ പുതിയ നേട്ടങ്ങളുമായി ജൈറ്റക്സ് 2019; പ്രദർശനത്തിൽ മലയാളി സാന്നിധ്യവും

SHARE
gitech

നവീനസാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തി ദുബായിൽ ജൈറ്റക്സ് 2019. കേരളത്തിലെ വിദ്യാർഥികളുടേതടക്കം ലോകപ്രശസ്ത കമ്പനികൾ വരെ അണിനിരക്കുന്ന പ്രദർശനത്തിൻറെ വിശേഷങ്ങൾ.

ഭക്ഷണം കൂടുതൽ കഴിക്കുന്നതിലല്ല, നല്ല ഭക്ഷണം കഴിക്കുന്നതിലാണ് കാര്യമെന്നു ഓർമപ്പെടുത്തുകയാണ് തൃശൂർ കൊടകര സഹൃദയ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ. എൻജിനീയറിങ് പഠനത്തിൻറെ ഭാഗമായുള്ള ഗവേഷണത്തിനായി രൂപപ്പെടുത്തിയ കമ്പനിയാണ് ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികപ്രദർശനങ്ങളിലൊന്നായ ദുബായ് ജൈറ്റക്സിൻറെ ഭാഗമായിരിക്കുന്നത്. കേന്ദ്രസർക്കാർ മത്സ്യഗവേഷണ കേന്ദ്രത്തിൻറെ സഹായത്തോടെ വികസിപ്പിച്ചെടുത്ത സൂപ്പർ ഫുഡ് സ്പൈറുലിനയുമായാണ് നജീബ് ബിൻ ഹനീഫും മൂന്നു കൂട്ടുകാരും ദുബായിലെത്തിയത്. 

സാധാരണക്കാർക്ക് ഏറ്റവും മികച്ച പോഷകഗുണമുള്ള ഭക്ഷണം ലഭിക്കണമെന്ന ആഗ്രഹമായിരുന്നു ഇതിനു പിന്നിൽ. കടലിനടിയിലെ ചെടികളെക്കുറിച്ചുൾപ്പെടെ പഠനം നടത്തിയാണ് ബിസ്കറ്റ് നിർമിച്ചത്. കേരള സ്റ്റാർട് അപ്പ് മിഷൻറെ നേതൃത്വത്തിൽ സൌജന്യമായാണ് സാറാ ബയോടെക് അടക്കം പതിനെട്ടു കമ്പനികൾക്കു പ്രദർശനത്തിനു, ജൈറ്റക്സിൻറെ ഭാഗമാകാൻ അവസരമൊരുക്കിയത്.

സിസിടിവ ക്യാമറകൾ അവശ്യഘട്ടങ്ങളിൽ കണ്ണടയ്ക്കുന്നതും, ഉപയോഗശൂന്യമാകുന്നതും അപകടങ്ങളും മോഷണവുമടക്കമുള്ള സംഭവങ്ങളിൽ അന്വേഷണത്തിനു വിലങ്ങുതടിയാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോൺസെപ്റ്റ് ബൈറ്റ്സ് സ്മാർട് സർവൈലൻസ് എന്ന ക്യാമറ സിസ്റ്റം അവതരിപ്പിക്കുന്നത്. ക്യാമറയുടെ സാങ്കേതിക പ്രവർത്തനത്തിനു ബുദ്ധിമുട്ടുണ്ടായാൽ ഉടനറി അറിയാനാകുമെന്നതാണ് പ്രധാനപ്രത്യേകത. ഒപ്പം ലോകത്തിൻറെ ഏതുഭാഗത്തിരുന്നും ദൃശ്യങ്ങൾ കാണാനും ക്യത്യമായ വിഡിയോ ബാക്ക് അപ്പ് ഒരുക്കാനും കോൺസെപ്റ്റ് ബൈറ്റ്സിൻറെ സ്മാർട് സർവൈലൻസിനു സാധിക്കും.

കേരള ഐടി പാർക്കിൻറെ നേതൃത്വത്തിൽ പതിനഞ്ചു കമ്പനികളും ജൈറ്റക്സ് പ്രദർശനത്തിൻറെ ഭാഗമായി. ഐഒടി, മൊബൈൽ ആപ്പ്, ഇആർപി, ബ്ലോക് ചെയിൻ, റൊബോട്ടിക്സ് തുടങ്ങിയ മേഖലകളിലെ കമ്പനികളാണ് ഉൽപ്പന്നങ്ങൾ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തുന്നതിനും പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിനുമായി ജൈറ്റക്സ് പ്രദർശന നഗരിയിലെത്തിയത്.

ഇത്തരത്തിൽ കേരളത്തിൽ നിന്നുൾപ്പെടെ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തിലധികം കമ്പനികളും സർക്കാർ സ്വകാര്യ സ്ഥാപനങ്ങളുമാണ് ദുബായ് വേൾഡ് ട്രേഡ് സെൻററിൽ നടന്ന ജൈറ്റക്സ് സാങ്കേതികവാരത്തിൻറെ ഭാഗമായത്.  സൂപ്പർ ഫാസ്റ്റ് അഞ്ചാം തലമുറ സെല്ലുലാർ നെറ്റ് വർക്ക് സാങ്കേതിക വിദ്യയായ 5–ജിയാണ് ഇത്തവണത്തെ പ്രദാനആകർഷണം. നവീന വിവര സാങ്കേതിക വിദ്യകളുടെ തത്സമയ അവതരണങ്ങൾ, പ്രഭാഷണങ്ങൾ, സെമിനാറുകൾ എന്നിവയും ജൈറ്റക്സിൽ ആയിരങ്ങളെ ആകർഷിച്ചു. യുഎഇയിലെ പൌരൻമാർക്കും താമസക്കാർക്കും സന്ദർശകർക്കുമായി ഡിജിറ്റൽ ഐഡൻറ്റിറ്റിയിലൂടെ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്ന യുഎഇ പാസ്സിൻറെ പുതിയ രൂപവും ജൈറ്റക്സിൽ അവതരിപ്പിച്ചു. 

യുഎഇയുടെ പൊതുഗതാഗത സംവിധാനത്തിൽ ഉപയോഗിക്കാവുന്ന നോൽ കാർഡുകളുടെ വെർച്വൽ നനോൽ കാർഡ് സംവിധാനവും ജൈറ്റക്സിലൂടെ അവതരിപ്പിച്ചു. പൊതുവാഹനങ്ങളുടെ യാത്രാനിരക്ക് സുഗമമായി അടയ്ക്കാനും പാർക്കിങ് ഫീസ്, ചില റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഷോപ്പിങ്, പെട്രോൾ നിറയ്ക്കൽ എന്നിവ പോലുള്ളവയ്ക്കും ഇതു ഉപയോഗിക്കാം. അടുത്തവർഷം അവസാനത്തോടെ വെർച്വൽ നോൽ കാർഡ് പുറത്തിറക്കാനാണ് ആർ.ടി.എ പദ്ധതിയിടുന്നത്.

ഇത്തരത്തിൽ  മനുഷ്യനെ കൂടുതൽ സഹായകരമാകുന്ന സാങ്കേതിക വിദ്യകളാണ് ജൈറ്റക്സിൽ അവതരിപ്പിച്ചത്. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയ ഭരണകർത്താക്കളുടെ മേൽനോട്ടത്തിലാണ് സാങ്കേതികവിദ്യകളുടെ പ്രദർശനം ഒരുക്കിയത്.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...