ദുബായിൽ 700ഓളം പേർക്ക് കൈത്താങ്ങായി; ഇന്ന് ജീവിതം വഴിമുട്ടി 53കാരി

gulf-03
SHARE

മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി ഗൾഫ് നാടുകളിലെത്തിയവരാണ് പ്രവാസികളെല്ലാം. പക്ഷേ, ചിലരെങ്കിലും ആ യാത്രയിൽ ഇടറിയിട്ടുണ്ട്. താഴ്ചകളിൽ കൈത്താങ്ങാകുന്നവരും ഏറെയുണ്ട്. പ്രവാസികളടക്കമുള്ളവർ കാണേണ്ട അത്തരമൊരു വാർത്തയുമായി ഗൾഫ് ദിസ് വീക്കിൻറെ പുതിയ എപ്പിസോഡ് തുടങ്ങുകയാണ്.

ദുബായിൽ എഴുന്നൂറോളം പേർക്കു ജോലി നൽകിയ സ്ഥാപനം നടത്തിയിരുന്ന പ്രവാസി മലയാളിയായ വനിത. സഹായി പണവുമായി മുങ്ങിയതോടെ കടം കയറി. ഒടുവിൽ ഹൃദയശസ്ത്രക്രിയക്കു പണമില്ലാതെ ചികിൽസ വഴിമുട്ടിയ അവസ്ഥ. കനിവുള്ളവരുടെ കാരുണ്യം തേടുകയാണ് നാട്ടിലേക്കു മടങ്ങി ചികിൽസ നടത്താൻ.

ദുരിതങ്ങളുടെ മഴപ്പെയ്ത്തുകാലം ഏറ്റുവാങ്ങുകയാണ് പത്തനംതിട്ടക്കാരിയായ ഈ പ്രവാസിമലയാളിവനിത. മറ്റുള്ളവർക്കു മെച്ചപ്പെട്ട ജീവിതമൊരുക്കി നൽകിയ അൻപത്തിമൂന്നുകാരി ഇന്നു ജീവിതം വഴി മുട്ടിയ അവസ്ഥയിലാണ്. നല്ല സാഹചര്യങ്ങളോടെ ജീവിച്ചിരുന്നവർ ഖിസൈസിൽ സുഹൃത്തിൻറെ ഒറ്റമുറി വീട്ടിൽ അഭയം തേടിയിരിക്കുകയാണ്.

2004 ൽ ദുബായിൽ വച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ഭർത്താവ് നാട്ടിലേക്കു മടങ്ങി. ഭർത്താവിൻറെ അഭാവത്തിൽ സ്ഥാപനം ഏറ്റെടുത്തു മുന്നോട്ടു പോകവേ, സഹായിയായിരുന്ന കോട്ടയം സ്വദേശിയായ സനിൽ പതിമൂന്നു ലക്ഷം ദിർഹവുമായി മുങ്ങി. നിനച്ചിരിക്കാതെയുണ്ടായ വഞ്ചനയിൽ അകപ്പെട്ടതോടെ കടം കയറി. ഒന്നു പിടിച്ചു നിൽക്കാൻ പന്ത്രണ്ടു ബസുകളടക്കം സർവതും വിറ്റു.

എന്നിട്ടും തോറ്റുകൊടുക്കാതെ ഒരു മത്സ്യക്കമ്പനിയിൽ അക്കൌണ്ടൻറായി ജോലിക്കു കയറി. ജീവിതം സാധാരണനിലയിലേക്കു മാറുമെന്നു തോന്നിയ ഘട്ടത്തിൽ കൂടെയുണ്ടായിരുന്ന മകൻ മറ്റൊരാൾ ചെയ്ത കുറ്റത്തിനു കഴിഞ്ഞ മാർച്ചിൽ അറസ്റ്റിലായി. അഭിഭാഷകനെ വച്ചു വാദിക്കാൻ പോലും പണമില്ലാതായതോടെ മകൻറെ ജയിൽ വാസം നീളുകയാണ്.

ഈ ദുരിതങ്ങൾ തുടരവെയാണ് പതിമൂന്നു വർഷമായി വിടാതെ തുടരുന്ന ഹൃദ്രോഗം ജീവിതത്തിനു ഭീഷണിയായ അവസ്ഥയിലെത്തിയത്. ദുബായ് ആശുപത്രിയിലും റാഷിദ് ആശുപത്രിയിലുമായി ചികിൽസ നടത്തി. പക്ഷേ, എത്രയും പെട്ടെന്നു ശസ്ത്രക്രിയ അടക്കമുള്ള മികച്ച ചികിൽസ ലഭ്യമാക്കിയില്ലെങ്കിൽ ജീവനു ഭീഷണിയാകുമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. പണമില്ലാത്തതിനാൽ ചികിൽസ മുടങ്ങിയിരിക്കുകയാണ്

കനിവുള്ള ആരെങ്കിലും സഹായിച്ചാൽ നാട്ടിലേക്ക് മെച്ചപ്പെട്ട ചികിൽസ തേടാമെന്ന പ്രതീക്ഷയിലാണിവർ. യുഎഇ ലയൺസ് ക്ലബ് പ്രസിഡന്റുമായ ജെ.ജെ.ജലാൽ ഉൾപ്പെടെയുള്ളവർ മരുന്നെത്തിക്കുന്നതടക്കമുള്ള സഹായം ചെയ്യുന്നുണ്ട്. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് നാട്ടിലേക്കു പോകാൻ അനുമതി ലഭിക്കണമെങ്കിൽ കേസുകളിൽ ഇളവ് നേടണം. ഇതിനായി കോൺസുലേറ്റിനെ സമീപിച്ചിട്ടുണ്ട്. പക്ഷേ, കനിവുള്ളവരുടെ സഹായം കൂടിയേ തീരൂ. ഒറ്റപ്പെട്ട അവസ്ഥയിൽ നിന്നും മാറി മെച്ചപ്പട്ട ചികിൽസ തേടി നാട്ടിലേക്കു പോകാൻ കഴിയണമെന്നാണ് ഈ അൻപത്തിമൂന്നുകാരിയുടെ പ്രാർഥന.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...