പ്രവാസലോകത്ത് സംഗീതത്തിന്റെയും നൃത്തത്തിന്റെയും നവരാത്രി ദിനങ്ങൾ

gulf-navarathri
SHARE

സംഗീതത്തിൻറേയും നൃത്തത്തിൻറേയും നവരാത്രി ദിനങ്ങൾ മലയാളികളുടെ മാത്രമല്ല എല്ലാ ഇന്ത്യക്കാരുടെയും പ്രിയപ്പെട്ട ഉത്സവമാണ്. പ്രവാസലോകത്തെ നവരാത്രി ഉത്സവക്കാഴ്ചകളാണ് ഇനി കാണുന്നത്.

പ്രവാസലോകത്തെ നവരാത്രികളെ സംഗീതസാന്ദ്രമാക്കുകയാണ് വിവിധ കൂട്ടായ്മകൾ. തിരുവനന്തപുരത്തെ നവരാത്രി മണ്ഡപത്തിൻറെ മാതൃകയിലാണ് തുടർച്ചയായ എട്ടാം വർഷം ഷാർജയിൽ ഏകത സംഗീതോൽസവം ഒരുക്കിയിരിക്കുന്നത്. ഗണപതിയുടേയും സരസ്വതിയുടേയും കീർത്തനങ്ങളാലും ദുർഗാദേവീ സ്തുതികളാലും നിറയുകയാണ് നവരാത്രിമണ്ഡപം. 

കർണാടക സംഗീതത്തിൻറെ മനോഹാരിതയിലലിയാൻ സംഗീതപ്രേമികൾക്കു സുവർണാവസരമാണ് ഈ നവരാത്രികൾ. ഒപ്പം പ്രവാസികളായ സംഗീതജ്ഞർക്കു സംഗീതം അവതരിപ്പിക്കാൻ അവസരവും. 

ഏകതാ നവരാത്രി മണ്ഡപം അവതരിപ്പിക്കുന്ന സംഗീതോൽസവത്തിൽ 135 സംഗീതഞ്ജരാണ് പങ്കെടുക്കുന്നത്. സംഗീതാർച്ചന, അരങ്ങേറ്റം, പ്രതിഭ, വിദ്വാൻ വിദുഷി എന്നീ നാലു വിഭാഗങ്ങളിലായാണ് അവതരണം. മുതിർന്ന സംഗീതജ്ഞർക്കൊപ്പം യുവപ്രതിഭകള്ക്കും അവസരം നല്കുകയാണ് ഏകത. പങ്കെടുക്കുന്ന എല്ലാവർക്കും ദുബായ് ഇന്ത്യൻ കോൺസുലേറ്റിൻറെ അംഗീകാരത്തോടെയുള്ള സർട്ടിഫിക്കേറ്റുകൾ കൈമാറുന്നുണ്ട്. 

എകതാ സംഗീതഭാരതി പുരസ്കാരവും നവരാത്രി ഉൽസവത്തോടനുബന്ധിച്ചു കൈമാറും. പ്രശസ്ത സംഗീതജ്ഞൻ ആയാംകുടി മണിക്കാണ് ഇത്തവണ പുരസ്കാരം സമ്മാനിക്കുന്നത്. 

തിരുവനന്തപുരത്തെ നവരാത്രി സംഗീതോല്സവത്തിന്റെ ചിട്ടവട്ടങ്ങൾ പൂർണമായി പാലിക്കുന്നുവെന്നതാണ് ഷാർജയിലെ ഏകത നവരാത്രി മണ്ഡപത്തെ വ്യത്യസ്തമാക്കുന്നത്. വയലിൻ വിദ്വാൻ നെല്ലൈ വിശ്വനാഥൻ, മൃദംഗം കലാകാരൻ തലവൂർ ബാബു, ഘടം കലാകാരൻ കോട്ടയം ഷിനു ഗോപിനാഥ് തുടങങിയവരാണ് ഗായകർക്കു പിന്തുണയേകുന്നത്. 

ഭാരതത്തിന്റെ സംഗീതപാരന്പര്യവും വരുംതലമുറയ്ക്കു കൂടി പകര്ന്നു നല്കുക എന്ന ലക്ഷ്യവും ഏകതാ സംഗീതോൽസവത്തിനുണ്ട്. ശുദ്ധസംഗീതത്തിൻറെ മനോഹാരിതയെ നവരാത്രി ദിവസങ്ങളിൽ അടുത്തറിയാനുള്ള അവസരമാണ് ഷാർജ റയാൻ ഹോട്ടലിൽ അവതരിപ്പിക്കുന്ന സംഗീതോൽസവം. 

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...