ഫോട്ടോഗ്രാഫിയുടെ രാജ്യാന്തര മേളയായി ഷാർജ എക്സ്പോഷർ; 1112 ചിത്രങ്ങള്‍ പ്രദർശനത്തിൽ

gulf
SHARE

ഫോട്ടോഗ്രാഫിയുടെ രാജ്യാന്തര മേളയായി ഷാർജ എക്സ്പോഷർ 2019. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ഫോട്ടോഗ്രാഫർമാരുടെ നിശ്ചലചിത്രങ്ങളും ഫോട്ടോഗ്രഫിയുടെ സാധ്യതകളും പരിചയപ്പെടുത്തിയ പ്രദർശനത്തിൻറെ വിശേഷങ്ങളാണ് ഇനി കാണുന്നത്.

ഷാർജ ഗവൺമെൻറ് മീഡിയ ബ്യൂറോയുടെ നേതൃത്വത്തിൽ യുഎഇയുടെ സാംസ്കാരിക നഗരിയിലാണ് എക്സ്പോഷർ 2019 അവതരിപ്പിച്ചത്. ഇന്ത്യയിൽ നിന്നടക്കം 357 ഫോട്ടോഗ്രാഫർമാരുടെ 1112 ചിത്രങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിരുന്നത്.

സാഹസികത, ജീവിതം, വൈകാരികം, കല എന്നീ നാലു പ്രമേയങ്ങളിലായിരുന്നു പ്രദർശനം . മേഖലയിലെ ഏറ്റവും വലിയ ഫോട്ടോഗ്രഫി പ്രദർശനത്തിൻറെ നാലാം പതിപ്പിൽ അതിഥിഫോട്ടോഗ്രാഫറായി മലയാളിയായ സജിൻ ശശിധരനും ഇടം നേടി.

ബുർജ് ഖലീഫ, സിറ്റി വോക്, ബിസിനസ് ബേ പാലം ഉൾപ്പെടെ യുഎഇയുടെ പ്രധാന മുദ്രകളുടെ ബ്ളാക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് സജിൻ ശശിധരൻ ഒരുക്കിയത്.

ശിൽപശാലകൾ, സെമിനാറുകൾ, മൽസരങ്ങൾ എന്നിവയും പ്രദർശനത്തോടനുബന്ധിച്ചു സംഘടിപ്പിച്ചു. സിനിമയുടെ ചിത്രീകരണം പരിചയപ്പെടുത്താനും ക്യാമറ പരിശീലിപ്പിക്കാനുമായി മലയാളം നടൻ രവീന്ദ്രൻ പ്രദർശനത്തിനെത്തി. നിക്കോൺ കമ്പനിയുമായി ചേർന്നാണ് വിദ്യാർഥികൾക്കായി പ്രത്യേക ക്ളാസുകൾ സംഘടിപ്പിച്ചത്. 

അൽ മജാസ് വാട്ടർ ഫ്രണ്ട്, ദുബായ് മാൾ, മാൾ ഓഫ് ദി എമിറേറ്റ്സ്, ദെയ്റ സിറ്റി സെന്റർ, മിർദിഫ് സിറ്റി സെൻറർ എന്നിവിടങ്ങളിലായി ഔട്ഡോർ പ്രദർശനങ്ങളും ഒരുക്കിയിരുന്നു. അയിഡൻ സുള്ളിവൻ, അമി വിറ്റെയ്ൽ, റേയ് വെൽസ് എന്നീ പ്രമുഖ ഫൊട്ടോഗ്രഫർമാരായിരുന്നു പ്രധാന അതിഥികൾ. വന്യജീവി സംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണവുമായി പ്രത്യേക പ്രദർശനവും ഒരുക്കിയിരുന്നു.

വിവിധ ദേശങ്ങളിൽ നിന്നുള്ളവരുടെ പ്രത്യേക പോട്രേയ്റ്റുകളും അവതരിപ്പിച്ചു. 

മലയാളികളടക്കം ആയിരക്കണക്കിനു പേരാണ് ഷാർജ എക്സോ സെൻററിൽ ഒരുക്കിയ പ്രദർശനം കാണാനെത്തിയത്. ഫോട്ടോ പ്രദർശനത്തിനൊപ്പം ക്യാമറയും അനുബന്ധ ഉപകരണങ്ങളും പരിചയപ്പെടാനും വാങ്ങാനും പ്രദർശനത്തിൽ അവസരമൊരുക്കിയിരുന്നു. ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൌൺസിൽ അംഗവുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.

സമൂഹത്തിലെ അനാചാരങ്ങൾക്കും അസമത്വങ്ങൾക്കുമെതിരെയുള്ള സന്ദേശവുമായി അപ്പുണ്ണി ശശിയുടെ ഏകാംകനാടകം ചക്കരപ്പന്തൽ. വൈകാരികതയും സാമൂഹികതയും ഇഴചേർന്നു യുഎഇയിലെ വിവിധ വേദികളിൽ അവതരിപ്പിച്ച ചക്കരപ്പന്തലിൻറെ കാഴ്ചകളാണ് ഇനി കാണുന്നത്.

മാളുവമ്മയെന്ന എണപതുകാരിയായി അപ്പുണ്ണി ശശി കഥ പറഞ്ഞുതുടങ്ങുകയാണ്. നാൽപ്പതു പിന്നിട്ട അവിവാഹിതയായ മകളുടെ ജീവിതത്തേയും അവളുടെ സാമൂഹികപരിസരത്തേയും അടയാളപ്പെടുത്തുകയാണ് ചക്കരപ്പന്തൽ എന്ന ഏകാംഗനാടകം. അവശതകകൾക്കിടയിലും നാട്ടിൻപുറത്തിൻറെ വികാരങ്ങളുടെ ഇരുവശങ്ങളും നിറയുന്ന കഥാപാത്രമായി പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മാളുവമ്മ ജീവിതം പരിചയപ്പെടുത്തുകയാണ്.

നാട്ടിൻപുറങ്ങളിലെ സാധാരണക്കാർക്ക് താങ്ങാവുന്നതിലുമേറെയായ വിവാഹച്ചെലവുകൾ ആരോ തുടങ്ങിവച്ച അനാചാരമാണെന്നു ഓർമപ്പെടുത്തുകയാണ് ചക്കരയുടെ ആങ്ങള. 

ദാരിദ്യത്തോട് പടവെട്ടിയ ജീവിതത്തിനു കാവലാളില്ലാതായ ചക്കരയായി അപ്പുണ്ണി വേഷം പകർന്നാടുമ്പോൾ കാഴ്ചക്കാരൻറെ കണ്ണുനനയും. അടുത്തുള്ള എസ്ടിഡി ബൂത്തിൽ പോയി ചക്കരയെന്നൊരു പെൺകുട്ടിയുണ്ടെന്നു ചെറുപ്പാക്കാരുള്ള വീടുകളിലേക്കു ബ്രോക്കറിൻറെ ശബ്ദത്തിൽ വിളിച്ചു പറയേണ്ടിവന്ന സാമൂഹികാവസ്ഥ അപ്പുണ്ണിയുടെ ജീവിതാവസ്ഥയായിരുന്നു.

ഒടുവിൽ കാത്തിരുന്ന മാംഗല്യ സാഫല്യം നാൽപ്പതാം വയസിൽ ചക്കരയെ തേടിയെത്തി. പക്ഷേ, അതിനു അധികം ആയുസുണ്ടായില്ല.

സമൂഹികാവസ്ഥയ്ക്കു മുന്നിൽ തോറ്റുകൊടുക്കാതെ കൈത്തൊഴിൽ ചെയ്ത് ജീവിതം പോറ്റുന്ന ചക്കരയെ അഭിമാനത്തോടെ മാളുവമ്മ അവതരിപ്പിക്കുന്നിടത്താണ് പ്രേക്ഷകരോട് ചോദ്യങ്ങളും ചിന്തകളും ബാക്കിയാക്കി ഒരു മണിക്കൂർ നീളുന്ന കഥ അവസാനിക്കുന്നത്. 

ഒരു മനുഷ്യനറെ ജീവിതത്തിലെ വൈകാരികതകളെല്ലാം, വിവിധവേഷങ്ങളിലായി പകർന്നാടുകയായിരുന്നു അപ്പുണ്ണി ശശിയെന്ന കോഴിക്കോട്ടുകാരൻ. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ വിവിധ വേദികളിലായി അവതരിപ്പിച്ച ഏകാംഗനാടകം പ്രവാസിപ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ചു.

എൻ.എം.സി-യു.എ.ഇ എക്സ്ചേഞ്ച് കലാ സാംസ്കാരിക കൈമാറ്റപരിപാടിയുടെ ഭാഗമായാണ് അപ്പുണ്ണി ശശി, സംവിധായകൻ ശിവദാസ് പൊയിൽക്കാവ്, കോർഡിനേറ്റർ അൻവർ കുനിമേൽ എന്നിവരടങ്ങുന്ന ടീം യുഎഇയിലെത്തിയത്.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...