സാങ്കേതികവിദ്യയില്‍ മുന്നേറി യുഎഇ; ബഹിരാകാശത്തെ അഭിമാനക്കുതിപ്പ്

uaespace
SHARE

സഹിഷ്ണുതയിലും സാങ്കേതികവിദ്യയിലും ഒരു പോലെ മുന്നേറുകയാണ് യുഎഇ. യുഎഇയുടെ പ്രഥമബഹിരാകാശ യാത്രികൻറെ അഭിമാനക്കുതിപ്പിനു ലോകം സാക്ഷിയായിരിക്കുന്നു. ഒപ്പം സഹിഷ്ണുതയുടെ സന്ദേശവുമായി ഇതരആരാധനാലയങ്ങൾക്കു അബുദാബി ലൈസൻസ് നൽകി. അറബ് ലോകത്തെ കാഴ്ചകളും വിശേഷങ്ങളുമായി ഗൾഫ് ദിസ് വീക്കിൻറെ പുതിയ എപ്പിസോഡിലേക്കു കടക്കുകയാണ്.

ബഹിരാകാശ രംഗത്ത് യുഎഇയുടെ അഭിമാനക്കുതിപ്പിനു ലോകം സാക്ഷിയായ വാരമാണ് കടന്നുപോകുന്നത്. ആദ്യ യുഎഇ പൌരൻ ബഹിരാകാശ നിലയത്തിലെത്തി. രാജ്യത്തിനു അഭിമാനമായ പദ്ധതിയെക്കുറിച്ചുള്ള വിശേഷങ്ങളാണ് ആദ്യം. 

അറബ് ലോകത്തിനു അഭിമാനമായി ബഹിരാകാശത്തേക്ക് കുതിച്ചുയർന്നു യുഎഇ. രാജ്യാന്തരബഹിരാകാശനിലയത്തിലെത്തുന്ന യുഎഇയുടെ ആദ്യ സഞ്ചാരിയായി ഹസ്സ അൽ മൻസൂറി. 25 നു വൈകിട്ട് അഞ്ച് അൻപത്തിയേഴിനു കസാഖിസ്ഥാനിലെ ബൈക്കന്നൂർ കോസ്മോ ഡ്രോമിൽ നിന്നായിരുന്നു യാത്ര. സോയൂസ് 15 പേടകത്തിൽ റഷ്യൻ കമാൻഡർ ഒലെഗ് സ്ക്രിപോഷ്ക, യുഎസിലെ ജെസീക്ക മീർ എന്നിവരായിരുന്നു സഹയാത്രികർ.

ബഹിരാകാശ നിലയത്തിൽ സാന്നിധ്യമറിയിക്കുന്ന പത്തൊൻപതാമത്തെ രാജ്യമാണ് യുഎഇ.  വിശുദ്ധ ഖുർആനുമായിട്ടായിരുന്നു ഹസ്സ അൽ മൻസൂറിയുടെ യാത്ര. പട്ടുകൊണ്ടുള്ള യുഎഇ പതാക, രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ അപ്പോളോ 17 ടീമിനൊപ്പം നിൽക്കുന്ന ചിത്രം, സ്വദേശി ഭക്ഷണം, കുടുംബാംഗങ്ങളുടെ ചിത്രങ്ങളടക്കമുള്ള സ്വകാര്യ സാധനങ്ങൾ തുടങ്ങിയവയും ഹസ്സ അൽ മൻസൂരി കൈയിൽ കരുതിയിരുന്നു. 

യുഎഇയുടെ ബഹിരാകാശഗവേഷണ കേന്ദ്രമായ മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രം ആഹ്ളാദത്തോടെയാണ് യാത്രയുടെ വിജയത്തെ എതിരേറ്റത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും നേരിട്ടെത്തി അഭിമാനനേട്ടത്തിനു സാക്ഷിയായി. അൽ മൻസൂരിയുടെ നേട്ടം മേഖലയിലെ പുതിയ തലമുറയ്ക്കു പ്രചോദനമാകുമെന്നു എം.ബി.ആർ.എസ്.സി അസിസ്റ്റൻറ് ഡയറക്ടർ ജനറൽ സാലം അൽ മാരി പറഞ്ഞു.

യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയ യുഎഇ ഭരണാധികാരികൾ ഹസ്സ അൽ മൻസൂരിക്കു ആശംസയറിയിച്ചു. ബഹിരാകാശ യാത്ര വിജയകരമായതിലെ സന്തോഷവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

  

ഇന്ത്യ അടക്കമുള്ള സൌഹൃദ രാജ്യങ്ങളും വിവിധ ഗൾഫ് രാജ്യങ്ങളും യുഎഇക്കു അഭിനന്ദനം അറിയിച്ചു. ആറു മണിക്കൂർകൊണ്ടാണ് സംഘം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയത്. ഒക്ടോബർ നാലിനു സംഘം മടങ്ങിയെത്തും. ബഹിരാകാശ ഗവേഷണ രംഗത്തും ചൊവ്വാ ദൌത്യത്തിലേക്കുള്ള ചുവടുവയ്പ്പിനും ഊർജം പകരുന്നതാണ് ഹസ്സ അൽ മൻസൂരിയുടെ യാത്ര.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...