റാസൽഖൈമയിലെ നെഹ്റു ട്രോഫി വള്ളംകളി; ഓണം ആഘോഷമാക്കി പ്രവാസികൾ

gulf-onam
SHARE

പ്രവാസിമലയാളികളുടെ ഗൃഹാതുരസ്മരണയാണ് ഓണത്തോടനുബന്ധിച്ചുള്ള വള്ളം കളിമൽസരങ്ങൾ. പുന്നമടക്കായലിലിലെ നെഹ്റു ട്രോഫി വള്ളംകളികളുടെ തനിപ്പകർപ്പിനാണ് യുഎഇയിലെ റാസൽഖൈമ സാക്ഷിയായത്. കുട്ടനാടിൻറെ താളം റാസൽഖൈമയിൽ മുഴങ്ങിയതിൻറെ കാഴ്ചകളാണ് ആദ്യം കാണുന്നത്.

പുന്നമടക്കായലിൻറെ പൊന്നോളങ്ങളെ തഴുകുന്ന ചുണ്ടൻ വള്ളങ്ങളുടെ അറേബ്യൻ പതിപ്പ്. മലയാളികളുടെ ഓണക്കാഴ്ചയായ വള്ളംകളി ഇങ്ങകലെ യുഎഇയിലെ റാസൽഖൈമയിൽ ആവേശമായ കാഴ്ചയാണിത്. മലയാളി എവിടെയുണ്ടോ അവിടെ മലയാൺമയുണ്ടാകുമെന്നതിൻറെ നേർസാക്ഷ്യം. 

..

യുഎഇയുടേയും ഇന്ത്യയുടേയും സാംസ്കാരികചരിത്രത്തിലെ പുതിയ അധ്യായമായി റാസൽഖൈമയിലെ നെഹ്റു ട്രോഫി വള്ളംകളി. റാക് മറൈന്‍ ക്ലബ് ഡ്രാഗണ്‍ ഫൈബര്‍ വള്ളത്തില്‍ നടത്തിവരുന്ന ബോട്ട്റേസ് ഇക്കുറി കേരളത്തിനുള്ള ഓണസമ്മാനമായാണ് വള്ളംകളിയായി പുന:ക്രമീകരിച്ചത്. 

മലയാളി, വിദേശ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. മലയാളികളുടെ വിഭാഗത്തിൽ എട്ടു ടീമുകളും വിദേശ വിഭാഗത്തിൽ ഒൻപതു ടീമുകളും പങ്കെടുത്തു. അൽ ഖാസിമി കോര്‍ണിഷിലെ  ഫ്ലാഗ് പോസ്റ്റ് മുതല്‍ മറൈന്‍ ക്ലബ് മേഖല വരെയായിരുന്നു ട്രാക്ക്. ആദ്യാന്തം ആവേശം നിറഞ്ഞ ചുണ്ടൻ വള്ളങ്ങളുടെ മൽസരയോട്ടത്തിനു ആർപ്പുവിളികളുടെ അകമ്പടിയുണ്ടായിരുന്നു. ആവേശത്തിരയുയർത്തി റാക് ഇന്ത്യന്‍ അസോസിയേഷന്റെ ചമ്പക്കുളം ചുണ്ടൻ ജേതാവായി.

റാക് വൈഎംസിയുടെ കാരിച്ചാൽ ചുണ്ടൻ രണ്ടാം സ്ഥാനത്തും വലിയ ദിവാൻജി മൂന്നാമതുമെത്തി. റാക് കേരളസമാജത്തിന്റെ നടുഭാഗം, റാക് നന്മയുടെ പായിപ്പാട്, വേൾഡ് മലയാളി കൌൺസിലിന്റെ കരുവാറ്റ,  റാക് ചേതനയുടെ ചെറുതന, യുവകലാസാഹിതിയുടെ കാവാലം എന്നീ ചുണ്ടൻമാരും വാശിയേറിയ പ്രകടനം കാഴ്ചവച്ചു. 

വിദേശ വിഭാഗത്തിൽ ടൈറ്റാൻ വൺ ജേതാവായി. ഫാറൂസ്, പോണക് എന്നിവ രണ്ടാം സ്ഥാനവും ഡ്രാക് ഓൺസ്, ഫാൽക്കൻ ടു എന്നിവ മൂന്നാം സ്ഥാനവും 

യുഎഇയിലെ വിവിധ എമിറേറ്റ്സുകളിൽ നിന്നായി ആയിരക്കണക്കിനു മലയാളികളും മറ്റുരാജ്യക്കാരും വള്ളംകളി കാണാനെത്തി. മാവേലിയും ചെണ്ടമേളവും തിരുവാതിരയുമൊക്കെയായി വള്ളംകളി ആഘോഷമാക്കി മാറിയ കാഴ്ച തദ്ദേശീയരും വിദേശികളും ഒരുപോലെ ആസ്വദിച്ചു. 

റാക് ഇന്റർനാഷനൽ മറൈൻ ക്ലബ് ചെയർമാൻ അബ്ദുൽ നാസർ മുറാദ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ക്ലബ് എക്സിക്യൂട്ടീവ് മാനേജർ ആരിഫ്  ഇബ്രാഹിം അൽ ഹറാൻകി, റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് എസ്.എ.സലിം തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. 

കേരളത്തിനു പുറത്തു നടത്തിയ പ്രഥമ നെഹ്റു ട്രോഫി വള്ളംകളി കേരളസർക്കാരിൻറെ പിന്തുണയോടെയാണ് നടത്തപ്പെട്ടത്. പുന്നമടക്കായലിലെ വള്ളം കളിയുടെ അതേപേരിൽ റാസൽഖൈമയിൽ നടന്ന മൽസരം ആവേശം ജനിപ്പിക്കുന്നതായിരുന്നു. വരും വർഷങ്ങളിൽ കേരളത്തിൻറെ വിനോദസഞ്ചാരമേഖലയെ പരിചയപ്പെടുത്താനുതകുന്ന വേദികൂടിയായി ഈ വള്ളംകളി മൽസരത്തെ മാറ്റാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പ്രവാസിമലയാളികളുടെ ആവേശവും പിന്തുണയും അതിനു മുതൽകൂട്ടുമാകും.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...