സൗദി എണ്ണകേന്ദ്രങ്ങളിലെ ആക്രമണം; ഗൾഫ് മേഖലയിൽ വീണ്ടും ആശങ്ക

saudi-drone-attack
SHARE

സൗദി അരാകോയുടെ എണ്ണകേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണം ഗൾഫ് മേഖലയിൽ വീണ്ടും ആശങ്കപടർത്തുകയാണ്. ദേശീയദിനം ആഘോഷിക്കുന്ന വേളയിൽ സൗദിയുടെ നിലപാടുകളും നയതന്ത്ര ബന്ധവുമെല്ലാം ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

സൌദി അരാംകോയുടെ രണ്ട് എണ്ണക്കേന്ദ്രങ്ങളാണ് കഴിഞ്ഞ പതിനാലിനു ആക്രമിക്കപ്പെട്ടത്. എണ്ണ ഉൽപ്പാദനത്തെ ബാധിച്ചതോടെ ആഗോളവിപണിയിൽ എണ്ണ വില ഉയർന്നു. മേഖലയിൽ വീണ്ടും സംഘർഷ സാധ്യത ഉടലെടുത്തു.

സെപ്റ്റംബർ 14, ശനി. സൌദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ രണ്ട് എണ്ണകേന്ദ്രങ്ങൾക്കു നേരെ ഡ്രോൺ ആക്രമണമെന്ന വാർത്തയോടെയാണ് അന്നു നേരം പുലർന്നത്. അബ്ഖൈഖ് എണ്ണപ്ളാൻറിനും ഖുറൈസ് എണ്ണപ്പാടത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ സ്റ്റെബിലൈസേഷൻ പ്ലാന്റാണു അബ്ഖൈഖിലേത്. വൻ തീപിടുത്തമുണ്ടായി. ആക്രമണത്തിനു പിന്നാലെ എണ്ണ ഉൽപ്പാദനം പകുതിയോളം കുറഞ്ഞു. ഉത്പാദനം തടസ്സപ്പെട്ടതോടെ ആഗോള വിപണിയിലേക്ക് 5.7 ദശലക്ഷം ബാരലിന്റെ കുറവ് സൌദിയില്‍ നിന്നുണ്ടായി. എന്നാൽ, കരുതൽ എണ്ണശേഖരമുപയോഗിച്ച് ഉടൻതന്നെ വിതരണം പൂർവസ്ഥിതിയിലെത്തിക്കാൻ സൌദിക്കായി. ഈ മാസം അവസാനത്തോടെ ഉൽപ്പാദനവും കരുതൽ ശേഖരവും പൂർവ്വ സ്ഥിതിയിലാകുമെന്നു സൌദി ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ വ്യക്തമാക്കി.

ആക്രമണത്തിനു പിന്നാലെ രാജ്യാന്തര വിപണിയിൽ എണ്ണ വില ഉയർന്നു. അസംസ്കൃത എണ്ണവില 20 ശതമാനം വർധിച്ച് ബാരലിന് 70 ഡോളർ വരെ ‌എത്തി. 28വർഷത്തിനിടെ ഒറ്റ ദിവസത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ വർധന. കുവൈത്ത് യുദ്ധകാലത്താണ് ഇതിനു മുൻപ് ഇത്തരത്തിൽ വിലവർധനയുണ്ടായത്. എണ്ണവിപണിയിലെ ആശങ്ക ഇന്ത്യയിലും പ്രതിഫലിച്ചു. ഇന്ത്യക്കുള്ള എണ്ണ വിതരണം തടസപ്പെടില്ലെന്നു സൌദി ഉറപ്പു നൽകിയെങ്കിലും രാജ്യാന്തര വിപണിയിലെ വില വർധനയും ഓഹരിവിപണികളിലെ ചാഞ്ചാട്ടവും ഇന്ത്യയുടെ സാമ്പത്തികമേഖലയെ ബാധിക്കുന്നതാണെന്നാണ് വിലയിരുത്തൽ.

എണ്ണവിപണിയിലെ ആശങ്കയ്ക്കുമപ്പുറമാണ് ഗൾഫ് മേഖലയിലെ രാഷ്ട്രീയ സാഹചര്യം. ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നു സൌദി സ്ഥിരീകരിക്കും മുൻപു തന്നെ അമേരിക്ക ഇറാനെ പ്രതിക്കൂട്ടിലാക്കി. ഹോർമൂസല് കടലിടുക്കിൽ നാലു കപ്പലുകൾ ആക്രമിക്കപ്പെട്ടതിനു പിന്നിൽ ഇറാനാണെന്നു ആരോപിച്ച അമേരിക്ക അരാംകോയിലെ ആക്രമണത്തിനു പിന്നിലും അതേ ശക്തികളാണെന്നു വ്യക്തമാക്കി. ഇറാനെതിരെ ഉപരോധം കർശനമാക്കുമെന്നു പ്രസിഡൻറ് ഡോൺൾഡ് ട്രംപ് പ്രഖ്യാപിച്ചു. യുദ്ധത്തിനു തയ്യാറാണെന്നു പ്രഖ്യാപിച്ചു ഇറാൻ മേഖലയെ ഞെട്ടിച്ചു. 

സൌദിയിലെ എണ്ണക്കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണം ഭീരുത്വപരമെന്നായിരുന്നു ഭരണാധികാരി സൽമാൻ രാജാവിൻറെ പ്രതികരണം. എണ്ണമേഖലയ്ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ രാജ്യങ്ങൾ ഒരുമിച്ചു നീങ്ങണമെന്നു സൌദി ഭരണാധികാരി ആഹ്വാനം ചെയ്തു. അതേസമയം, ബുധനാഴ്ച വൈകിട്ടു നടത്തിയ വാർത്താസമ്മേളനത്തിൽ ആക്രമണത്തിനു പിന്നിൽ ഇറാൻറെ പങ്കു വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ സൌദി പ്രതിരോധമന്ത്രാലയം പുറത്തുവിട്ടു. ഇറാൻ നിർമിത ആയുധങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചാണ് പ്രതിരോധമന്ത്രാലയം വക്താവ് കേണൽ തുർക്കി അൽ മാലിഖി ഇറാനെ പ്രതിക്കൂട്ടിലാക്കിയത്. 

ഇരുപത്തിയഞ്ചു ഡ്രോണുകളും എഴു ക്രൂസ് മിസൈലുകളും ഉപയോഗിച്ചുള്ള വലിയ ആക്രമണമായിരുന്നു അരാംകോയ്ക്കു നേരെയുണ്ടായതെന്നു കേണൽ തുർക്കി അൽ മാലിഖി പറഞ്ഞു. ഇറാൻറെ ആക്രമണം സൌദിക്കു നേരേയാണെങ്കിലും അത് രാജ്യാന്തരസമൂഹത്തെയും ബാധിക്കുന്നതാണെന്നും സൌദി ആവർത്തിച്ചു. 

ഇറാൻ പ്രതിക്കൂട്ടിലാകുന്നത് ആദ്യസംഭവമല്ലെങ്കിലും എണ്ണവിപണക്കുണ്ടായ തകരാർ കണക്കിലെടുത്ത് ഐക്യരാഷ്ട്രസഭയും അമേരിക്ക, ഫ്രാൻസ്, തുടങ്ങിയ രാജ്യങ്ങളും സൌദിക്കു പിന്തുണ പ്രഖ്യാപിച്ചു. ഈ പിന്തുണ സൌദിക്കു ഇറാനു മേലുള്ള ആരോപണങ്ങൾ ശക്തമാക്കുന്നതിനുള്ള ഊർജവുമായി.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...