കാരിക്കേച്ചറിലൂടെ കൈത്താങ്ങ്; കേരളത്തെ ഓർത്തു നിർത്താതെ വരച്ച് ജലാൽ

gulf
SHARE

പ്രകൃതിദുരന്തം തകർത്ത കേരളത്തെ ഓർത്തു നിർത്താതെ വരയ്ക്കുകയാണ് പ്രവാസി കലാകാരനായ ജലാൽ അബൂസമ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യുന്നവരുടെ കാരിക്കേച്ചർ വരച്ചു നൽകിയാണ് കോതമംഗലം സ്വദേശി ജലാൽ കേരളത്തെ കൈപിടിച്ചുയർത്താൻ പ്രയത്നിക്കുന്നത്. ജലാലിൻറെ വരവിശേഷങ്ങളാണ് ഇനി പരിചയപ്പെടുന്നത്.

കനത്ത മഴയിലും ഉരുൾപൊട്ടലിലും അകപ്പെട്ട കേരളം അതീജിവനത്തിൻറെ പാതയിലാണ്. ജാതിമതഭേദ വ്യത്യാസമില്ലാതെ എല്ലാവരും നാടിനെ സഹായിക്കാൻ കൂടെയുണ്ട്. അവർക്കൊപ്പം തന്നാലാകുന്ന സഹായം നൽകിയാണ് ദുബായിലെ പ്രവാസി മലയാളിയും കോതമംഗലം പല്ലാരിമംഗലം സ്വദേശിയുമായ ജലാൽ അബൂസമ ആ അതിജീവനത്തിന് കൈത്താങ്ങാകുന്നത്. പ്രളയം തകർത്ത സ്വന്തം നാട്ടിനെ മറുനാട്ടിലിരുന്നു വരകളിലൂടെ സഹായിക്കുകയാണ് ഈ പ്രവാസിമലയാളി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 500 രൂപയിൽ കുറയാത്ത തുക സംഭാവന ചെയ്ത ശേഷം റസീപ്റ്റ് കോപ്പിയും ഫോട്ടോഗ്രാഫും അയച്ചുകൊടുക്കുന്നവർക്കു സൌജന്യമായി കാരിക്കേച്ചർ വരച്ചു നൽകുകകയാണ് ജലാൽ. അറുപതോളം പേരുടെ, അതും വിവിധരാജ്യാക്കാരായവരുടെ കാരിക്കേച്ചറുകൾ വരച്ചു കൈമാറിക്കഴിഞ്ഞ. ഇനിയും വരച്ചു തീർക്കാനുമുണ്ട്. ഓരോ ദിവസവും കൂടുതൽ പേർ ഇതിനായി മുന്നോട്ടുവരുന്നതു കാണുന്നതുതന്നെ ജലാലിനു സന്തോഷവും സംതൃപ്തിയുമാണ്.

ഒരു ലക്ഷത്തിഅറുപത്തയ്യായിരം രൂപയോളം ജലാൽ വഴി ദുരിതാശ്വാസനിധിയിലേക്കെത്തി. മടിപിടിച്ചിരുന്നവരും ദുരിതാശ്വാസനിധിയെ കുറ്റംപറഞ്ഞവരും ജലാലിൻറെ വര കണ്ടു മനസുമാറ്റി. 

ദിവസേന ജോലി കഴിഞ്ഞുവന്ന് രണ്ടും മൂന്നും മണിക്കൂറാണ് വരയ്ക്കായി മാറ്റിവയ്ക്കുന്നത്. ഈ അധ്വാനത്തിൻറെ ഫലം നേരിട്ടനുഭവിക്കില്ലെങ്കിലും അവശ്യക്കാർക്ക് സഹായമാകുമെന്നതിൻറെ സംതൃപ്തിയിലാണ് ജലാൽ. 13 വർഷമായി യുഎഇയിലുള്ള ജലാൽ ലൈവ് കാരികേച്ചറിസ്റ്റാണ്. പ്രവാസികളടക്കം എല്ലാ മേഖലകളിൽ നിന്നുമുള്ളവർ സഹായഹസ്തം നീട്ടിയാൽ ഏതു ദുരന്തത്തേയും മറികടക്കാൻ കേരളത്തിനാകുമെന്നാണ് ജലാലിൻറെ പ്രതീക്ഷ.

കാരിക്കേച്ചർ പ്രദർശനങ്ങൾ നടത്താറുള്ള ജലാലാണ്, വൈക്കം മുഹമ്മദ് ബഷീറിന്‍റെ ബാല്യകാലസഖിയുടെ അറബിക് പതിപ്പിന്‍റെ മുഖചിത്രം വരച്ചത്. വരുംകാലങ്ങളിൽ ഒരുമിച്ചു കൈകോർത്തു പ്രകൃതിദുരന്തങ്ങളെ അതീജീവിക്കാൻ കേരളത്തിനാകട്ടെയെന്നു മാത്രമാണ് ഈ കലാകാരൻറെ പ്രതീക്ഷയും ആഗ്രഹവും.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...