മരുഭൂമിയിലെ ഓണക്കാലം; ഓണനിറവിൽ പ്രവാസി മലയാളികൾ

gulf-this-week-onam
SHARE

തിരുവോണ ദിവസം ഗൾഫ് നാടുകളിലെ പ്രവാസിമലയാളികളിലധികവും ജോലിത്തിരക്കുകളിലായിരുന്നു. എങ്കിലും ഒരാഴ്ചയോളം നീളുന്ന വിവിധ ആഘോഷങ്ങളും പരിപാടികളുമായി ഗൾഫിലെ മലയാളി സംഘടനകളും കൂട്ടായ്മകളും സജീവമാണ്. പ്രകൃതിദുരന്തത്തിൽ നിന്നുള്ള അതിജീവനം കൂടി ഓർമയിൽ സൂക്ഷിച്ചാണ് പ്രവാസികൾ ഇത്തവണ ഓണം ആഘോഷിക്കുന്നത്.

മാവേലി നാട്ടിൽ നിന്നും മരുഭൂമിയിലേക്കു മാറിത്താമസിച്ചവർക്കു മറക്കാനാകാത്ത മധുരമാണ് ഓണം. നാട്ടിലെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഓണമാഘോഷിച്ചവരിൽ പലരും ചെറിയ തുരുത്തുകളായി ഇന്നു ഗൾഫ് നാടുകളിലുണ്ട്. എന്നാൽ, ആ ഓർമകളെ എല്ലാ പരിമിതികൾക്കുമുള്ളിൽ നിന്നുകൊണ്ട് ആഘോഷമാക്കി മാറ്റുകയാണ്, ഓണമാഘോഷിക്കുകയാണ് പ്രവാസിമലയാളികൾ.

നാട്ടിൻപുറങ്ങളിലെ ക്ളബുകളെ ഓർമിപ്പിക്കുന്ന ആഘോഷങ്ങളാണ്  മലയാളി സംഘടനകളുടേയും കൂട്ടായ്മകളുടേയും നേതൃത്വത്തിൽ ഗൾഫിൽ അരങ്ങേറുന്നത്. ഓണസദ്യയുണ്ട്, പാട്ടും തിരുവാതിരയും ഓണക്കളികളുമൊക്കെയായി മലയാളികളുടെ പ്രിയപ്പെട്ട ഉത്സവം ആഘോഷിക്കുകയാണ് പ്രവാസികൾ. 

നാട്ടിലെ ഓണച്ചന്ത അതേ തനിമയോടെ പ്രവാസലോകത്തു പുനസൃഷ്ടിച്ചാണ് അബുദാബി മലയാളി സമാജം ഓണമാഘോഷിക്കുന്നത്. കേരളത്തിൽനിന്നും ഒമാനിൽനിന്നും ഇറക്കുമതി ചെയ്ത തൂശനില മുതൽ സദ്യയ്ക്കുവേണ്ട പച്ചക്കറികളും പഴങ്ങളും വരെ ചന്തയിൽ ആവശ്യക്കാരുടെ മുന്നിലെത്തി.

ചെണ്ടമേളവും ഉറിയടിയും ആട്ടവും പാട്ടും തീറ്റ മത്സരവുമെല്ലാമായി നാട്ടിലെ ക്ളബുകളിലെ ഓണാഘോഷത്തിൻറെ പ്രതീതിയായിരുന്നു സമാജത്തിലെ ഓണാഘോഷത്തിന്.

അത്തം പിറന്നന്നു തുടങ്ങി പൂക്കളമൽസരത്തിനും പ്രവാസിമലയാളികളുടെ സജീവപങ്കാളിത്തമുണ്ടായിരുന്നു. കുട്ടികളും മുതിർന്നവരുമൊക്കെയായി കുടുംബത്തോടെയാണ് പ്രവാസികൾ ഓണാഘോഷങ്ങളുടെ ഭാഗമാകുന്നത്. 

തിരുവോണ ദിവസം ജോലിത്തിരക്കായതിനാൽ പ്രവിസികളിലേറിയ പങ്കും സദ്യക്കായി വിവിധ ഹോട്ടലുകളെയാണ് ആശ്രയിച്ചത്. അധികനിരക്ക് ഈടാക്കാതെ തന്നെ ഗൾഫിലെ വിവിധ ഹോട്ടലുകളിൽ വിഭവസമൃദ്ധമായ സദ്യ വീടുകളിലും ഓഫീസുകളിലും എത്തിച്ചു നൽകി.

ആഘോഷങ്ങളുടെ ഭാഗമായി മദീനസെയ്ദ് മാളിൽ ഒരുക്കിയ ലുലു ഫാഷൻ ഷോയും ശ്രദ്ധേയമായി. കേരളത്തനിമ നിറഞ്ഞ വേദിയിൽ സിനിമ നടി സംയുക്താ മേനോൻ മുഖ്യാതിഥിയായി.

ഷോപ്പിങ് മാളുകളിൽ അത്തപ്പൂക്കളങ്ങളും മാവേലി രൂപങ്ങളും ഒരുക്കിയാണ് സന്ദർശകരെ സ്വീകരിച്ചത്. കസവുമുണ്ടുകൾക്കും സെറ്റു സാരികൾക്കുമായി പ്രത്യേക വിഭാഗവും വിലക്കിഴിവും ഒരുക്കിയിരുന്നു. ഓഫീസുകളിലേയും ബാച്ചിലർ റൂമുകളിലേയുമൊക്കെ അത്തപ്പൂക്കളങ്ങളിടാൻ മറ്റു രാജ്യങ്ങളിലെ പ്രവാസികളും കൌതുകത്തോടെ കൂടെക്കൂടി. 

അബുദാബിയിലെ ഇന്ത്യ സോഷ്യൽ സെൻറർ, കേരള സോഷ്യൽ സെൻറർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ തുടങ്ങിയ സംഘടനകളും   ചാർട്ടേഡ് അകൗണ്ടൻറ് ഓഫ് ഇന്ത്യ അടക്കം വിവിധ കൂട്ടായ്മകളും കുവൈത്ത്, സൌദി, ഖത്തർ, ഒമാൻ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ മലയാളി സംഘടനകളിലും ഒരാഴ്ചയിലധികം നീളുന്ന ഓണാഘോഷങ്ങൾ സജീവമാണ്.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...