അറേബ്യൻ സംസ്കാരത്തെ പരിചയെപ്പെടുത്തി അഡിഹെക്സ് പ്രദർശനം

abudhabi-exhibition
SHARE

അറേബ്യൻ സംസ്കാരത്തെ ലോകത്തിനു പരിചയപ്പെടുത്തി അബുദാബിയിൽ അഡിഹെക്സ് പ്രദർശനം. സാഹസികസംസ്കാര പൈതൃകത്തിൻറെ നേർക്കാഴ്ചകളൊരുക്കിയ പ്രദർശനത്തിലെ കാഴ്ചകളാണ് ഇനി കാണുന്നത്.

അറേബ്യൻ ജനതയ്ക്കുമാത്രം അവകാശപ്പെട്ട സാഹസിക സംസ്കാര പൈതൃകത്തിന്റെ വിസ്മയക്കാഴ്ചകളാണ് അബുദാബി ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ പ്രദർശനത്തിൽ ഒരുക്കിയത്. പഴയതും പുതിയതുമായ വേട്ട ഉപകരണങ്ങൾ, സഫാരി കാഴ്ചകൾ, ആയുധ പ്രദർശനം തുടങ്ങിയവ കൌതുകകാഴ്ചയാണ് പകർന്നത്. 

41 രാജ്യങ്ങളിൽ നിന്നുള്ള 650ൽ അധികം കമ്പനികൾ അവതരിപ്പിച്ച നൂതന വേട്ട ഉപകരണങ്ങൾ  കാണികളെ വിസ്മയിപ്പിച്ചു. 400ഓളം പ്രാദേശിക, രാജ്യാന്തര പ്രദർശകരും മേളയുടെ ഭാഗമായി.

യുഎഇ പൌരൻമാർക്കു വേട്ടയ്ക്കായി മൂന്നു ആയുധങ്ങൾ വരെ വാങ്ങാൻ അനുമതി നൽകിയതിനു പിന്നാലെ നടന്ന പ്രദർശനത്തിൽ സ്വദേശികളുടെ തിരക്ക് അഭൂതപൂർവമായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിവിധതരം തോക്കുകൾ, കത്തികൾ തുടങ്ങിയ വേട്ട ഉപകരണങ്ങളാണ് സ്വദേശികൾ വാങ്ങിയത്. യുവാക്കളെയും നായാട്ട് ഇഷ്ടപ്പെടുന്നവരെയും ആകർഷിക്കുന്ന തരത്തിൽ പ്രത്യേകം സജ്ജീകരിച്ച ഓഫ് റോഡ് വാഹനങ്ങളും ടെന്റുകളും മേളയുടെ മാറ്റുകൂട്ടി.

കുതിരസവാരി, ഫാൽക്കൺറി, ക്യാമ്പിങ്, മീൻപിടുത്തം,  മറൈൻ, വേട്ട ആയുധങ്ങൾ, കല, കരക കൗശലം, വേട്ടയാടൽ യാത്രകൾ, സഫാരി, വാഹനങ്ങൾ, ഔട്ട്ഡോർ വിനോദത്തിനുള്ള ഉപകരണങ്ങൾ, സാംസ്‌കാരിക പൈതൃകം, വെറ്റിനറി, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നീ വിഭാഗങ്ങളിലായിരുന്നു പ്രധാന പ്രദർശനങ്ങൾ. കുതിരകൾ, ഒട്ടകങ്ങൾ, നായ്ക്കൾ എന്നിവയ്ക്കായി ഒരുക്കിയിരുന്ന പ്രത്യേക പ്രദർശനം സന്ദർശകരെ ആകർഷിച്ചു.

നിരവധി  രാജ്യങ്ങളിൽ നിന്നുള്ള 200 ലധികം ഇനം വേട്ട നായ്ക്കളുടെ പ്രദർശനവും കുതിരാഭ്യാസ പ്രകടനങ്ങളും അൽഐൻ കാഴ്ച ബംഗ്ലാവിലെ പക്ഷി പ്രദർശനവും സന്ദർശകർക്ക് കൗതുകകരമായിരുന്നു. അൽ ദഫ്ര റീജിയൻ റൂളേഴ്‌സ് പ്രതിനിധി ഷെയ്ഖ്  ഹംദാൻ ബിൻ സായിദ് ആൽ നഹ്‌യാന്റെ രക്ഷ കർതൃത്വത്തിലാണ് അഞ്ചു ദിവസത്തെ പ്രദർശനം സംഘടിപ്പിച്ചത്. 1,15,000 സന്ദർശകർ പ്രദർശനത്തിൻറെ ഭാഗമായി.  . 700 ലക്ഷത്തിലധികം ദിർഹത്തിന്റെ വ്യാപാര ഇടപാടുകളാണ് അഞ്ചു ദിവസം നടന്നതെന്നും സംഘാടക സമിതി അറിയിച്ചു.

അമർ ബിൻ ഹുമൈദ് അൽ നുഐമി, യു.എ.ഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ്  നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. താനി അൽ സായൂദി, എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം ഷെയ്ഖ്  സുൽത്താൻ ബിൻ താഹ്നൂൺ അൽ നഹ്യാൻ തുടങ്ങിയവരും മലയാളികളടക്കമുള്ള പ്രവാസികളും പ്രദർശനത്തിൻറെ സന്ദർശകരായെത്തി.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...