ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത‌ിനെ പിന്തുണച്ച് ഗൾഫ് രാജ്യങ്ങൾ

ജമ്മുകശ്മീരിൻറെ പ്രത്യേക പദവി റദ്ദാക്കിയതിനെതിൻറെ പശ്ചാത്തലത്തിൽ മുൻപെങ്ങുമില്ലാത്തവിധം ഏറ്റവും മികച്ച പിന്തുണയായണ് ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കു ലഭിക്കുന്നത്. രാജ്യാന്തരസമൂഹത്തിൽ നിന്നുള്ള പിന്തുണ ഐക്യരാഷ്ട്രസഭയിലടക്കം നിലപാട് വ്യക്തമാക്കാൻ ഇന്ത്യക്കു സഹായകരമാകുന്നു. ഈ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങൾ ഇന്ത്യയ്ക്കു നൽകുന്ന പിന്തുണ പരിശോധിക്കുകയാണ്, വിലയിരുത്തുകയാണ് ഗൾഫ് ദിസ് വീക്കിൻറെ ഈ എപ്പിസോഡിലൂടെ. 

കശ്മീരിൻറെ പ്രത്യേകപദവി റദ്ദാക്കിയതിനു പിന്നാലെ അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന നിലപാട് പ്രഖ്യാപിച്ച ആദ്യ രാജ്യങ്ങളിലൊന്നായിരുന്നു യു.എ.ഇ. ഗൾഫ് രാജ്യങ്ങളൊന്നും ഇന്ത്യയുടെ തീരുമാനത്തെ എതിർത്തില്ല എന്നതു ശ്രദ്ധേയമാണ്. ഇന്ത്യക്കുള്ള പിന്തുയായി തന്നെ അതിനെ വിലയിരുത്താം.

കശ്മീരിൻറെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ, ലോകരാജ്യങ്ങൾ വിഷയം ചർച്ച ചെയ്യുന്നതിനും മുൻപ് ആദ്യം ഇന്ത്യയുടെ നീക്കത്തിനു പിന്തുണ പ്രഖ്യാപിച്ചത് ഒരു ഗൾഫ് രാജ്യമായിരുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സെന്ന യു.എ.ഇ. കശ്മീരിൻരെ പ്രത്യേകപദവി റദ്ദാക്കിയത് സവിശേഷ സംഭവമല്ലെന്നും ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണെന്നുമായിരുന്നു ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി ഡോ.അഹമ്മദ് അൽ ബന്നയുടെ നിലപാട്. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന കാര്യമാണിത്. ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനതയ്ക്ക് സാമൂഹിക നീതി ഉറപ്പാക്കുന്നതിനും സാമ്പത്തിക സാമൂഹിക നില മെച്ചപ്പെടുത്തുന്നതിനും ഇത് കാരണമായേക്കുമെന്നും അൽ ബന്ന വ്യക്തമാക്കി. ഇന്ത്യയുടെ തീരുമാനങ്ങൾക്കു, വിദേശനയത്തിനുള്ള അംഗീകാരമായിരുന്നു യു.എ.ഇയുടെ പ്രതികരണം. 

ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള വ്യാപാര നയതന്ത്രബന്ധം ഏറ്റവും മികച്ചനിലയിലെത്തിയ സാഹചര്യത്തിൽ മേഖലയിലെ ഇന്ത്യയുടെ ഏറ്റവും നല്ല സുഹൃത്തായി മാറിയിരിക്കുകയാണ് യു.എ.ഇ. ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയായ ഒ.ഐ.സിയുടെ അബുദാബി സമ്മേളനത്തിൽ പാക്കിസ്ഥാൻറെ എതിർപ്പു പരിഗണിക്കാതെ  ഇന്ത്യയെ വിശിഷ്ടാതിഥിയായി പരിഗണിച്ച യു.എ.ഇ നിലപാടും കൂട്ടിവായിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യക്കനുകൂലമായി യു.എ.ഇ സ്വീകരിക്കുന്ന ഏറ്റവും ശക്തവും വ്യക്തവുമായ നിലപാടായിരുന്നു കശ്മീർ വിഷയത്തിൽ സ്വീകരിച്ചത്. ആ നിലപാട് തുടരുമെന്നു തന്നെയാണ് പ്രതീക്ഷ. 

കശ്മീർ വിഷയത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ചർച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കണമെന്ന് യു.എ.ഇ വിദേശകാര്യസഹമന്ത്രി ഡോ.അൻവർ ബിൻ മുഹമ്മദ് ഗർഗാഷ് പറഞ്ഞു. മേഖലയിലെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഇരുരാജ്യങ്ങളും സംയമനം പാലിക്കണം. ഏറ്റുമുട്ടലുകൾക്കു പകരം സൃഷ്ടിപരമായ ചർച്ചകളിലൂടെ പ്രതിസന്ധി പരിഹരിക്കാൻ ഇരുരാജ്യങ്ങളിലെയും പക്വതയുള്ള നേതൃത്വത്തിന് കഴിയുമെന്ന് വിശ്വാസമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പാക്കിസ്ഥാനുമായി മികച്ച നയതന്ത്രബന്ധമുള്ള സൌദി അറേബ്യയും കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കെതിരെയല്ല നിലപാടെടുത്തത്. മേഖലയിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ ഇരുരാജ്യങ്ങളും ശ്രമിക്കണമെന്നായിരുന്നു സൌദി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. എന്നാൽ, കശ്മീരിനു പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തിനെതിരെയായിരുന്നില്ല സൌദിയുടെ നിലപാട്.

കശ്മീരിനു പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹുമായി ടെലിഫോണിൽ ബന്ധപ്പെട്ടു. ഉഭയകക്ഷി താത്പര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്തതായി കുവൈത്ത് വിദേശമന്ത്രാലയം അറിയിക്കുകയും ചെയ്തു. അതിനിടെ ജമ്മുകശ്മീരിൻറെ പ്രത്യേകപദവി  ഇന്ത്യൻ സർക്കാർ  റദാക്കിയതിനെതിരെ ബഹ്റൈനിൽ പ്രതിഷേധിച്ച പാക് പ്രവാസികൾക്കെതിരെ നടപടിയുണ്ടായതും വാർത്തയായി. മനാമയിൽ ഈദ് പ്രാർഥനകൾക്കു ശേഷം നിയമവിരുദ്ധമായി റാലി നടത്തിയവർക്കെതിരെ നിയമനടപടി ആരംഭിച്ചതായി ബഹ്റൈൻ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. മതപരമായ ചടങ്ങുകള്‍ നടത്തുന്ന സ്ഥലം രാഷ്ട്രീയ കാര്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന മുന്നറിയിപ്പോടെയായിരുന്നു ആഭ്യന്തരമന്ത്രാലയത്തിൻറെ നടപടി. കശ്മീര്‍ വിഷയത്തില്‍ നിലപാടറിയിക്കാൻ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ബഹ്റൈന്‍ ഷെയ്ഖ് ഹമദ് ബില്‍ ഈസ അല്‍ ഖലീഫയെ ഫോണിൽ വിളിച്ചതിനു പിന്നാലെയായിരുന്നു ആഭ്യന്തരമന്ത്രാലയത്തിൻറെ നടപടികൾ. 

ഒമാൻ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളും ഇന്ത്യയുടെ തീരുമാനത്തോട് എതിർപ്പ് പ്രകടിപ്പിച്ചില്ല. ചരിത്രത്തിൽ ആദ്യമായിട്ടാണ് പാക്കിസ്ഥാനെതിരെയുള്ള വിഷയത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കു ഇത്രയധികം പിന്തുണ ലഭിക്കുകയും ഒരു കോണിൽ നിന്നുപോലും എതിർസ്വരം കേൾക്കാതിരിക്കുകയും ചെയ്യുന്നതെന്നാണ് വിലയിരുത്തൽ.

ബഹ്റൈനിലെക്കേുള്ള ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ  ആദ്യ സന്ദർശനത്തിനു സാക്ഷിയാകുന്ന ദിനങ്ങളാണിവ. അതിനൊപ്പം യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിൻറെ പേരിലുള്ള യു.എ.ഇയുടെ പരമോന്നത സിവിലിയൻ പുരസ്കാരം, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു സമ്മാനിക്കുന്ന വിശേഷാവസരം. അങ്ങനെ മുൻപെങ്ങുമില്ലാത്തവിധം ഗൾഫ് രാജ്യങ്ങളുമായി ഏറ്റവും മികച്ച നയതന്ത്രബന്ധം ഇന്ത്യ പങ്കുവയ്ക്കുന്നതിൻറെ തെളിവായി മാറുകയാണ് ഇന്ത്യക്കുള്ള അംഗീകാരവും നിലപാടുകൾക്കുള്ള പിന്തുണയും.

ദശലക്ഷക്കണക്കിനു വർഷം മുൻപു ജീവിച്ചിരുന്ന ദിനോസറിനെ, അതിൻറെ ഫോസിലിനെ സ്വന്തമാക്കാൻ ആഗ്രഹമുള്ളവർക്കു സ്വാഗതം. ദുബായ് മോളിൽ സൂക്ഷിച്ചിരിക്കുന്ന, നൂറ്റിഅൻപത്തഞ്ചു ദശലക്ഷം വർഷം പഴക്കമുള്ള ദിനോസറിനെ സ്വന്തമാക്കാൻ അവസരമൊരുങ്ങുന്നു. ആ ഭീമൻ ദിനോസറിൻറെ ലേലവിശേഷങ്ങളാണ് ഇനി കാണുന്നത്. 

ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഭൂമി അടക്കിവാണ ദിനോസറുകളെ സിനിമകളിലും ചിത്രങ്ങളിലുമായി കണ്ടു അത്ഭുതം കൂറിയവരാണ് നമ്മളിലേറെപ്പേരും. പുരാവസ്തു ഗവേഷകർക്കും ചരിതകുതുകികൾക്കുമൊക്കെ വിസ്മയമാണ് ഇത്തരം ദിനോസറുകളും അവയുടെ ഫോസിലുകളും. അത്തരത്തിൽ ദുബായ് മോളിലെ ഈ ദിനോസർ, ദിനോസറിൻറെ അസ്ഥിപഞ്ജരം ഇവിടം സന്ദർശിക്കുന്നവരുടെ പ്രധാനആകർഷണമാണ്.

അത്തരമൊരു ഭീമാകാരനായ ദിനോസറിൻറെ ഫോസിൽ സ്വന്തമാക്കാനാഗ്രഹിക്കുന്നവർക്കു അവസരമൊരുങ്ങുകയാണ് ദുബായിൽ. മധ്യപൂർവദേശത്തെ ആദ്യത്തെ ദിനോസർ ലേലം. 155 ദശലക്ഷം വർഷം പഴക്കമുള്ള ഭീമൻ ദിനോസറിൻ്റെ അസ്ഥിപഞ്ജരം, ഫോസിലാണ് എമിറേറ്റ്സ് ഓക്ഷൻ ലേലത്തിനു വച്ചിരിക്കുന്നത്. 

24.4 മീറ്റർ നീളം 7 മീറ്റർ ഉയരം. ജീവിച്ചിരുന്നപ്പോൾ അഞ്ചു ആനയുടെ ഭാരമായിരുന്നു ഈ ദിനോസറിനുണ്ടായിരുന്നത്. ദുബായ് മാളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ജുറാസിക് കാലത്തെ ദിനോസറിൻറെ ഫോസിലാണ് വാങ്ങാൻ ലഭ്യമായിരിക്കുന്നത്. ഇരട്ടിയെന്നും ഒറ്റത്തടിയെന്നും അർഥം വരുന്ന ഗ്രീക്ക് വാക്കായ ഡിപ്ലോഡോകസ് ലോൻഗസ് എന്ന വംശത്തിൽപ്പെട്ട ദിനോസറാണിത്. 90% അസ്ഥിപഞ്ജരവും യഥാർഥത്തിലുള്ളതാണ്. 2008ൽ അമേരിക്കയിലെ വ്യോമിങ് സംസ്ഥാനത്തെ ഡാന ക്വാറിയിൽ നിന്നാണ് ഫോസിൽ കണ്ടെടുത്തത്. 

അമേരിക്കയിലെ ടെക്സാസ് ഹൂസ്റ്റൺ മ്യൂസിയം ഓഫ് നാച്വറൽ സയൻസില്‍ പ്രദര്‍ശിപ്പിച്ചിരുന്ന അസ്ഥികൂടം അബുദബിയിലെ എത്തിഹാദ് മോഡേൺ ആർട് ഗാലറിയുടെ സ്ഥാപകൻ ഖാലിദ് സിദ്ദിഖി 2014ലാണ് ദുബായിലെത്തിച്ചത്. 14 ദശലക്ഷം ദിർഹം, അതായത് ഇരുപത്തെട്ടു കോടിയോളം രൂപയാണ് അടിസ്ഥാന വില. ഓൺലൈൻ ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള ഫീസ് പതിനായിരം ദിർഹമാണ്. 

ഭാരതീയസംസ്കാരത്തോട് അടുത്തു നിൽക്കുന്ന ഗണപതി ഭഗവാനോടുള്ള ഇഷ്ടം നിമിത്തമായി വിഘ്നേശ്വരൻറെ വിഗ്രഹങ്ങൾ ശേഖരിക്കുന്ന ഒരു പ്രവാസിമലയാളിയായ വീട്ടമ്മയെയാണ് ഇനി പരിചയപ്പെടുത്തുന്നത്.

ഇന്ത്യയും നേപ്പാളും അടക്കമുള്ള തെക്കൻ ഏഷ്യൻ രാജ്യങ്ങളിലെ വിശ്വാസികളുടെ പ്രാർഥനാമുറികളിലെ സജീവസാന്നിധ്യമാണ് ഗണപതി. വിഘ്നങ്ങൾ മാറ്റുമെന്ന വിശ്വാസത്തോടെ ഗണപതിയുടെ നാമം ചൊല്ലിയാണ് എല്ലാ കർമങ്ങളും തുടങ്ങുന്നത്. ഹരി ശ്രീഗണപതിയേ നമ: എന്ന ആദ്യാക്ഷരങ്ങളിൽ തുടങ്ങുന്നതാണ് ഗണേശഭഗവാനോടുള്ള അടുപ്പം. ഈ അടുപ്പമാണ് അബുദാബിയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി സുനിത ഗോവിന്ദൻകുട്ടിയുടെ  പൂജാമുറിയെ ധന്യമാക്കുന്നത്. 

ഗണപതിയുടെ മുന്നൂറോളം വിഗ്രഹങ്ങളാണ് സുനിതയുടെ പൂജാമുറിയിലിടം നേടിയിരിക്കുന്നത്. കടൽ കടന്നു പ്രവാസലോകത്തെത്തിയിട്ടും മറക്കാത്ത, ഇഷ്ടദൈവത്തോടുള്ള ആരാധനയാണ് വിഗ്രഹങ്ങൾ ശേഖരിക്കാൻ കാരണം.

ഒറ്റ കരിങ്കല്ലില്‍ നിര്‍മിച്ചത്, ചന്ദന തടിയില്‍ നിര്‍മ്മിച്ചത്, ശിവന്റെ നടരാജ വിഗ്രഹത്തിനു സമാനമായ ഗണപതി രൂപം അങ്ങനെ വിവിധ രൂപത്തിൽ, വിവിധ വസ്തുക്കൾ കൊണ്ടു നിർമിച്ച കൌതുകവും ഭക്തിയും ജനിപ്പിക്കുന്ന വിഗ്രഹങ്ങളുടെ ശേഖരം ഇവിടെയുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള ഗണപതി രൂപങ്ങളും പൂജാമുറിയിലുണ്ട്. 

ഇരുപത്തിയഞ്ചുവർഷമായി അബുദാബിയിലെത്തിയ സുനിത, പത്തുവർഷമായി ഗണപതിയുടെ വിഗ്രഹങ്ങൾ ശേഖരിച്ചു തുടങ്ങിയിട്ട്. ഗണപതിയോടുള്ള സുനിതയുടെ ഭക്തിയും വിഗ്രഹശേഖരണത്തോടുള്ള അഭിനിവേശവും അറിയാവുന്ന സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ ഗണപതിരൂപങ്ങളാണ് സമ്മാനമായി നൽകുന്നത്. ഭർത്താവ് ഗോവിന്ദൻകുട്ടിയും ഭക്തിയോടെ ഒപ്പം കൌതുകത്തോടെ വിഗ്രഹശേഖരണത്തിനു സഹായമായി കൂടെയുണ്ട്. 

മുംബൈയിൽ വളർന്ന സുനിതയെ, അവിടത്തെ ഗണേശോത്സവത്തിൻറെ ആഘോഷങ്ങൾ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ആ സ്വാധീനവും ഭക്തിയും ഒന്നു ചേർന്നതോടെയാണ് ഇഷ്ടദൈവത്തിൻറെ വിഗ്രഹങ്ങളാൽ പൂജാമുറി നിറഞ്ഞത്.

എഴുപതുകളിലും എൺപതുകളിലുമൊക്കെ ലോകത്തെ ത്രസിപ്പിച്ച സംഗീതസംഘമായിരുന്നു അബ്ബ. വേഷവിധാനങ്ങളിലും ആലാപനശൈലിയിലും മാസ്മരികത തീർത്ത അബ്ബയുടെ സംഗീതപൈതൃകം അബുദാബിയിൽ മാറ്റൊലികൊണ്ട കാഴ്ചയാണ് ഇനി കാണുന്നത്. 

പോപ് സംഗീത ചരിത്രത്തിലെ ഇതിഹാസസമാനമായ സംഗീതസംഘമാണ് അബ്ബ. ഡൈൻസിങ് ക്വീനും വാട്ടർ ലൂവും മമ്മാ മിയായുമൊക്കെയായി ലോകയുവതയെ ത്രസിപ്പിച്ച സംഗീത ബാൻഡ്. ഇരുന്നൂറു മില്യണിലധികം ആൽബങ്ങൾ വിറ്റഴിച്ച മാസ്മരികസംഗീതത്തിൻറെ സൃഷ്ടാക്കളായിരുന്നു നാലുപേരടങ്ങിയ അബ്ബ എന്ന സ്വീഡിഷ് ബാൻഡ്. എഴുപതുകളിലും എൺപതുകളിലുമൊക്കെ സംഗീതലോകത്തെ ആവേശമായിരുന്ന കാഴ്ചകളും സംഗീതവും സമ്മാനിച്ച അബ്ബയ്ക്കുള്ള ഗാനാഞ്ജലി ഒരുക്കുന്ന  സംഗീത ബാൻഡാണ് അബ്ബ ട്രിബ്യൂട്ട്. മുപ്പതും നാൽപ്പതും വർഷം മുൻപുള്ള ആ സംഗീതവും വേഷവിധാനവുമൊക്കെ പുതിയലോകത്തിനു പരിചയപ്പെടുത്തുകയാണ് അബ്ബ ട്രിബ്യൂട്ട്.

അബ്ബ ട്രിബ്യൂട്ടിൻറെ ലോകപര്യടനത്തിനിടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ഏകപരിപാടിക്കാണ് അബുദാബി ഡെൽമ മാൾ 

സാക്ഷ്യം വഹിച്ചത്. സമ്മർ ഫിയസ്റ്റയുടെ ഭാഗമായാണ് പരിപാടി സംഘടിച്ചത്.  മുടിയിലും മുഖത്തിലുമൊക്കെ നിറങ്ങൾ നിറച്ചു ആയിരങ്ങളാണ് അബ്ബ ട്രിബ്യൂട്ട് ആഘോഷമാക്കാനെത്തിയത്. 

നാലു പേരടങ്ങിയ ഡച്ച് ഗായകസംഘമാണ് അബ്ബ ടീമിൻറെ അതിമനോഹര ഗാനങ്ങളാലപിച്ചു പ്രേക്ഷകരെ ചരിത്രത്തിലേക്ക്, തിരികെവിളിച്ചത്. സോളോ പെർഫോമൻസിനപ്പുറം ബഹുസ്വരതയുടെ മനോഹാരിതയായിരുന്നു അബ്ബയെ വ്യത്യസ്തമാക്കിയതെങ്കിൽ അതേ ബഹുസ്വരതയാണ് അബുദാബിയിൽ ആവേശമായത്.

രണ്ടരമണിക്കൂറോളം നീണ്ട സംഗീതപരിപാടിയിൽ നൃത്തത്തിൻറെ അകമ്പടിയോടെ നിറങ്ങളിൽ നീരാടിയാണ് മലയാളികളടക്കമുള്ള പ്രേക്ഷകർ അബ്ബയുടെ സംഗീതകാലത്തേക്കു ചേക്കേറിയത്. അബ്ബയ്ക്കു ഗാനാഞ്ജലിയുമായി ലോകം ചുറ്റുന്ന അബ്ബ ട്രിബ്യൂട്ടിൻറെ ഗൾഫിലെ ഏക പരിപാടിയിൽ വിവിധ രാജ്യാക്കാരായ പ്രവാസികൾ പങ്കെടുക്കാനെത്തി.

ഇന്ത്യയും ഗൾഫ് രാജ്യങ്ങളുമായി തുടരുന്ന മികച്ച നയതന്ത്രബന്ധം പ്രവാസികൾക്കു മെച്ചപ്പെട്ട ജീവിതസാഹചര്യമൊരുക്കാൻ തുണയാകട്ടെയെന്ന ആശംസയോടെ ഇത്തവണത്ത ഗൾഫ് ദിസ് വീക്ക് അവസാനിപ്പിക്കുന്നു. അടുത്ത എപ്പിസോഡിൽ അവതരിപ്പിക്കണമെന്നു നിങ്ങളാഗ്രഹിക്കുന്ന കാഴ്ചകളും വിശേഷങ്ങളും പങ്കുവയ്ക്കാം. ഒപ്പം അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കേണ്ട വിലാസം.

ദ പ്രൊഡ്യൂസർ, ഗൾഫ് ദിസ് വീക്ക്, മനോരമ ന്യൂസ്

പി.ഒ.ബോക്സ് 502638, ദുബായ്, മീഡിയാ സിറ്റി

ഫോൺ... 056 48 00012