കേരളത്തെ കൈപിടിച്ചുയർത്താൻ പ്രവാസികൾ; മാതൃകയായി ദിയക്കുട്ടിയും

diya
SHARE

പ്രകൃതിദുരന്തം കേരളത്തെ വീണ്ടും സങ്കടത്തിലാഴ്ത്തിയിരിക്കുന്നു. ആ ദുരന്തം മനസിൽ പേറുന്നവരാണ് പ്രവാസിമലയാളികൾ. മുൻവർഷത്തേതുപോലെ ഇത്തവണയും കേരളത്തെ കൈപിടിച്ചുയർത്താൻ പ്രവാസികൾ കൂടെയുണ്ടാകും. എല്ലാവരും ഒരുമിച്ചു കൈകോർക്കണമെന്ന ഓർമപ്പെടുത്തുന്നു.

മിഠായികളും കളിപ്പാട്ടങ്ങളും വാങ്ങാൻ ആറു വയസുകാരി ദിയ ഖദീജ സ്വരുക്കൂട്ടിയ നാണയത്തുട്ടുകളാണിത്. പ്രളയദുരന്തം നേരിട്ടനുഭവിച്ചിട്ടില്ല, പക്ഷേ, ടിവി വാർത്തകളിലൂടെയും ചിത്രങ്ങളിലൂടെയും കണ്ട ഭീകരദൃശ്യങ്ങളിൽ ഈ കുരുന്നിൻറെ മനസുടക്കി. ദുരന്തമേറ്റുവാങ്ങിയവരെ സഹായിക്കാൻ മാതാപിതാക്കൾ മുന്നിട്ടിറങ്ങിയതോടെ ദിയയും കൂട്ടുനിന്നു. കുടുക്കയിലുണ്ടായിരുന്ന സമ്പാദ്യം ഒന്നുപോലും മാറ്റിവയ്ക്കാതെ പൂർണമായും ദുരിതാശ്വാസപ്രവർത്തകർക്കു കൈമാറി. 

ഷാർജ മലയാളി കൂട്ടായ്മയുടെ സ്നേഹസ്പർശം ക്യാമ്പിൽ മാതാപിതാക്കളോടൊപ്പം എത്തിയാണ് നൂറു ദിർഹത്തിലധികം വരുന്ന സമ്പാദ്യം ദിയ കൈമാറിയത്. ഷാർജ ജെംസ് മില്ലിനിയം സ്കൂളിലെ കെജി 2 വിലെ വിദ്യാർഥിയാണ് ഈ കൊച്ചു മിടുക്കി. ദിയ ഒരു മാതൃകയും പ്രതീകവുമാണ്. സഹായഹസ്തം നീട്ടാനൊരുങ്ങുന്നവരെ അപവാദപ്രചരണങ്ങളിലൂടെ അകറ്റിനിർത്തുന്നവർ കാണേണ്ട മാതൃക. നാടിൻറെ ദുരന്തം മനസിൽ പേറിയ പ്രവാസികളുടെ പ്രതീകം. വലിയപെരുന്നാൾ അവധികൾ പ്രവാസികൾക്കു സാധാരണ ആഘോഷകാലമാണ്. പക്ഷേ, ഇത്തവണ നൊമ്പരത്തോടെ ആഘോഷപ്പൊലിമകളില്ലാതെയാണ് പ്രവാസികൾ പെരുന്നാൾ അവധിയുടെ ഭാഗമായത്. ഈദ് ഗാഹുകളിലും പള്ളികളിലും കേരളത്തിനായുള്ള പ്രത്യേക പ്രാർഥനകളും സഹായത്തിനായി ആഹ്വാനവും ഉയർന്നുകേട്ടു. പുണ്യനഗരമായ മക്കയിൽ വരെ.

സ്കൂൾ അവധിക്കിടെ വലിയപെരുന്നാൾ അവധി കൂടിയായതോടെ പ്രവാസിമലയാളികൾ പലരും നാട്ടിലാണ്. അവരാകട്ടെ ദുരിതാശ്വാസരംഗത്തു സജീവമായി രംഗത്തുണ്ട്. ദുരന്തത്തിൽ മരണമടഞ്ഞവരിലും വീടും സ്വത്തും നഷ്ടപ്പെട്ടവരിലും പ്രവാസികളുണ്ട്. പ്രളയത്തിനിടെ ഒഴുക്കില്‍പ്പെട്ട മകനെയും ഭാര്യാസഹോദരന്റെ പുത്രനെയും രക്ഷിക്കുന്നതിനിടെ മരിച്ച മലപ്പുറം കാരത്തൂർ സ്വദേശി അബ്ദുൽ റസാഖ് പ്രവാസികൾക്കു നോവുന്ന ഓർമയായി മാറി.

മുൻവർഷത്തേതു പോലെ ഇത്തവണയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഘടനകൾ വഴിയും നേരിട്ടും പ്രവാസിമലയാളികളുടെ സഹായമെത്തുന്നുണ്ട്. ദുരിതാശ്വാസനിധിയെക്കുറിച്ചുള്ള തെറ്റായ പ്രചരണങ്ങളെ പ്രവാസികൾ തള്ളിക്കളയുന്നു. വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ അവശ്യവസ്തുക്കൾ സമാഹരിച്ച് നാട്ടിലേക്ക് കയറ്റിഅയച്ചുതുടങ്ങിക്കഴിഞ്ഞു പ്രവാസിക്കൂട്ടായമകൾ. ഷാർജ മലയാളി കൂട്ടായ്മയുടെനേതൃത്വത്തിൽ യു.എ.ഇയിലെ പതിനൊന്നു സ്ഥലങ്ങളിലായുള്ള കലക്ഷൻ പോയിൻറുകൾ വഴിയാണ് സാധനങ്ങൾ ശേഖരിക്കുന്നത്. കൂട്ടായ്മയിലെ അംഗങ്ങൾ തന്നെയാണ് ഇതു നാട്ടിലേക്കു കൊണ്ടുപോകുന്നതും അർഹതപ്പെട്ടവർക്കു ഉറപ്പാക്കുന്നതും.

സോപ്പ്, ബ്രഷ്, നാപ്കിൻ, വസ്ത്രങ്ങൾ, ചെരുപ്പുകൾ, ബെഡ്ഷീറ്റ്, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ സാധനങ്ങളെല്ലാം കൂട്ടായ്മയിലെ അംഗങ്ങൾ തന്നെ വാങ്ങിശേഖരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ കേട്ടറിഞ്ഞ മറ്റു പ്രവാസികളും സാധനങ്ങൾ വാങ്ങി നൽകി. ഇവയെല്ലാം കൃത്യമായി നാട്ടിലെത്തിക്കുകയും നാട്ടിലുള്ള പ്രവാസിമലയാളികൾ കൂടി ചേർന്നു അർഹതപ്പെട്ടവരിലേക്കെത്തിക്കുകയും ചെയ്യാനാണ് പദ്ധതി. 

കലാകാരൻമാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ഹ്യുമാനിറ്റിയുടെ നേതൃത്വത്തിൽ യു.എ.ഇയിലെ വിവിധ റസ്റ്ററൻറുകളിലാണ് സാധനങ്ങൾ ശേഖരിക്കുന്നത്. കരാമയിലെ ദേ പുട്ട്, അൽ ഖുസൈസിലെ ടാമറിൻഡ് ടെറസ്, മുഹൈസിനയിലെ വൈഡ് റേഞ്ച് റസ്റ്ററൻറ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പ്രവാസികൾ ഒട്ടേറെ സാധനങ്ങളാണ് എത്തിക്കുന്നത്. ഇവ ശേഖരിച്ചു നാട്ടിലേക്കു അയച്ചു തുടങ്ങിയിട്ടുണ്ട്.

അബുദാബി ഇസ്ലാമിക് സോഷ്യൽ സെൻററിലാണ് തലസ്ഥാനനഗരിയിലെ പ്രധാന കലക്ഷൻ പോയിൻറ്. നൂറുകണക്കിനു പ്രവാസികളുടെ സഹായത്തോടെ ശേഖരിക്കുന്ന സാധനങ്ങൾ ജില്ലാഭരണകൂടത്തിൻറെ ഇടപെടലിലൂടെ കൃത്യമായ സ്ഥലങ്ങളിൽ അർഹരായവരിലേക്കെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

വെള്ളം കയറിയതിനാൽ വീട്ടിൽ നിന്നിറങ്ങേണ്ടി വന്നവർക്ക് ക്ലീനിംഗ് ഉപകരണങ്ങളും നിത്യോപയോഗ സാധനങ്ങളും അത്യാവശ്യ വസ്ത്രങ്ങളുമൊക്കെ നൽകുന്ന പദ്ധതിക്കു ദുബായ് കെ.എം.സി.സി നാട്ടിൽ തുടക്കംകുറിച്ചു. വെള്ളമിറങ്ങുന്ന പ്രദേശങ്ങളിലും അവിടുത്തെ വീടുകളിലുമുള്ള ശുചീകരണ പ്രവർത്തനങ്ങൾക്കും കെ.എം.സി.സി പ്രവർത്തകർ രംഗത്തിറങ്ങിയിട്ടുണ്ട്. ദുബായ് ആസ്ഥാനമായ ചേയ്ഞ്ച് ലൈഫ് സൈവ് ലൈഫ് വാട്സ് ആപ്പ് കൂട്ടായ്മയും അവധിക്കു നാട്ടിലെത്തിയ പ്രവാസികൾ വഴി ദുരിതാശ്വാസപ്രവർത്തനങ്ങളും അവശ്യവസ്തുക്കളും എത്തിക്കുന്നുണ്ട്. 

ഗൾഫിലെ മലയാളികളായ പ്രവാസികൾ പൂർണമനസോടെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു സഹായം നൽകാൻ തയ്യാറാണ്. നാട്ടിലേക്കു സാധനങ്ങളയക്കുന്നവർ, സഹായം നൽകുന്നവർ ചില ആശങ്കകളും പങ്കുവയ്ക്കുന്നുണ്ട്. 

സൌദി, യു.എ.ഇ, കുവൈത്ത്, ഒമാൻ, ഖത്തർ തുടങ്ങി എല്ലാ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും സഹായഹസ്തവുമായി മുന്നിലുണ്ടെന്നത് കേരളത്തിനു മുതൽകൂട്ടാണ്. അത് കൃത്യമായി പ്രയോജനപ്പെടുത്തുവാൻ അധികൃതർക്കാവണമമെന്നു മാത്രമാണ് ഉയരുന്ന ആവശ്യം. അതേസമയം, ഗൾഫ് നാടുകളിൽ നിന്നും ദുരിതാശ്വാസത്തിനായി അവശ്യവസ്തുക്കളയക്കുന്ന പ്രവാസികൾ ചില ആശങ്കകളും പങ്കുവയ്ക്കുന്നുണ്ട്. പ്രവാസികളയച്ച സാധനങ്ങൾ കസ്റ്റംസ് നടപടികളുടെ തടസം കാരണം മാസങ്ങളോളം വിവിധ വിമാനത്താവളങ്ങളിൽ കഴിഞ്ഞവർഷം കെട്ടിക്കിടന്നിരുന്നു. അത് ഒഴിവാക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്നാണ് ആവശ്യം. 

പ്രവാസികളുടെ ഉന്നമനത്തിനായി രൂപീകരിച്ച ലോകകേരളസഭ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനകളുടെ കാര്യത്തിലും പ്രവാസികൾക്കൊപ്പമുണ്ടാകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. അപവാദപ്രചരണങ്ങളകറ്റി ദുരിതാശ്വാസപ്രവർത്തനങ്ങളിൽ കൂടുതൽ  സജീവമാകാനും അതുവഴി വേഗത്തിൽ സഹായമെത്തിക്കാനും അത്തരം ഇടപെടലുകൾ ഗുണകരമാണ്.

ഭൂമിയിലെ മാലാഖമാരെന്നാണ് നഴ്സുമാരുടെ വിളിപ്പേര്. ആ മാലാഖമാർക്കുള്ള അംഗീകാരമായിരുന്നു ജോയ് ആലുക്കാസ് എയ്ഞ്ചൽ പുരസ്കാരം. യു.എ.ഇയിൽ സേവനമനുഷ്ടിക്കുന്ന നഴ്സുമാർക്കു നൽകിയ എയ്ഞ്ചൽ പുരസ്കാരത്തിൻറെ വിശേഷങ്ങളിലേക്ക്...

സിസ്റ്റർ ലൂസി അലക്സ്. ജീവൻ അപകടത്തിലായ കുരുന്നിനെയും കുടുംബത്തേയും സ്വന്തം മക്കളെപ്പോലെ വീട്ടിൽ സ്വീകരിച്ചു പരിചരിച്ച ദുബായ് ലത്തീഫ ആശുപത്രിയിലെ നഴ്സ്, പാലാ സ്വദേശി ലൂസി അലക്സിനു മാലാഖമാരുടെ പേരിലുള്ള പുരസ്കാരം. 

വയനാട് സ്വദേശി ജെറിയുടെ നവജാത ശിശുവിനെ ജീവിതത്തിലേക്കു തിരികെക്കൊണ്ടുവരാൻ കാണിച്ച  ശുശ്രൂഷയുടെ മഹനീയ മാതൃകയായ് ലൂസി അലക്സ്. ആ നന്മയ്ക്കു, സഹാനുഭൂതിക്കാണ് ജോയ് ആലുക്കാസ് എയ്ഞ്ചൽ പുരസ്കാരം.

ജീവിതത്തെ അലോസരപ്പെടുത്തുന്ന കാൻസറിൻറെ വേദനകൾക്കിടയിലും മറ്റുള്ളവരുടെ വേദന കാണാനും അവർക്കൊപ്പം നിൽക്കാനും കാണിച്ച നന്മ മനസിനു, കരോൾ ഫൌനയ്ക് ആദരവിൻറെ പുരസ്കാരം. 

സങ്കടത്തിര ജീവിതത്തെ മൂടുമ്പോഴും മറ്റുള്ളവരുടെ രോഗാവസ്ഥയെ തിരിച്ചറിഞ്ഞു കൂടെനിന്നു ജുമൈറ മെഡിക്കൽ വില്ലേജിൽ സേവനം അനുഷ്ടിക്കുന്ന കരോൾ ഫൌന. ആദരവ് പ്രതീക്ഷിച്ചിരുന്നില്ലെന്നും എല്ലാ നഴ്സുമാർക്കുമായി പുരസ്കാരം സമർപ്പിക്കുന്നതായും കരോൾ ഫൌന.  

ഇരുപതിനായിരത്തിലധികം നാമനിർദേശങ്ങളിൽ നിന്നാണ് ഗ്രാൻഡ് ഫിനാലെയുടെ ഭാഗമായ പത്തുപേരെ തിരഞ്ഞെടുത്തത്. അവസാനറൌണ്ടിലെത്തിയവരെ നാമനിർദേശം ചെയ്തവർ വേദിയിലെത്തി അനുഭവം പങ്കുവച്ചു. ദുബായ് താജ് ഹോട്ടലിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ പത്തു നഴ്സുമാരുടേയും സേവനചരിത്രവും പ്രദർശിപ്പിച്ചു. 

ഭൂമിയിലെ മാലാഖമാരെന്നു വിളിപ്പേരുള്ള നഴ്സുമാരെ ആദരിക്കുന്ന ചടങ്ങുകൾ അപൂർവമായ ലോകത്താണ് ഇക്വിറ്റി പ്ളസ് അഡ്വർടൈസിങ് ഇത്തരമൊരു പുരസ്കാരം അവതരിപ്പിച്ചത്. 

മലയാള മനോരമ ദുബായ് ചീഫ് റിപ്പോർട്ടർ രാജു മാത്യു, ഖലീജ് ടൈംസ് എഡിറ്റോറിയൽ ഡയറക്ടർ ഐസക് പട്ടാണിപ്പറമ്പിൽ തുടങ്ങിയവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. ഒന്നാമതെത്തിയ ലൂസി അലക്സിനു ഒരു ലക്ഷം രൂപയും കരോൾ ഫൌനയ്ക്കു ഒരു ലക്ഷം പെസോസും വാൾ സ്ട്രീറ്റ് എക്സ്ചേഞ്ച് സമ്മാനമായി നൽകി. അവസാന റൌണ്ടിലെത്തിയ എല്ലാവർക്കും ജോയ് ആലുക്കാസിൻറെ സ്വർണാഭരണങ്ങൾ സമ്മാനിച്ചു. നിക്കായി ഇലക്ട്രോണിക്സ് ഉപകരണങ്ങളും സാപ്പിൾ പെർഫ്യൂംസിന്റെ ഉപഹാരങ്ങളും നൽകി.

ജോയ് ആലൂക്കാസ് ഡയറക്ടർ സോണിയ ആലുക്കാസ്, വാൾ സ്ട്രീറ്റ് എക്സ്ചേഞ്ച് മാർക്കറ്റിങ് ഹെഡ് അഞ്ജലി മേനോൻ, ഇക്വിറ്റി പ്ളസ് എം.ഡി ജുബി കുരുവിള തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. യുഎഇയിലെ വിവിധ ആശുപത്രികളിലെ നഴ്സുമാരും കുടുംബാംഗങ്ങളും വിവിധ സംഘടനാ പ്രതിനിധികളും ഗ്രാൻഡ് ഫിനാലെയുടെ ഭാഗമായി. 

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...