ഗൾഫ് യുദ്ധവും കുവൈത്ത് അധിനിവേശത്തിൻറെ ഓർമ്മകളും

gul-ware
SHARE

ലക്ഷക്കണക്കിനു പ്രവാസിമലയാളികളുടെ രണ്ടാം വീടാണ് കുവൈത്ത് എന്ന കൊച്ചുരാജ്യം. ഇറാഖിൻറെ പ്രസിഡൻറായിരുന്ന സദ്ദാം ഹുസൈൻറെ സൈന്യം കുവൈത്തിനെ ആക്രമിച്ചു കീഴ്പ്പെടുത്തിയിട്ട് ഇരുപത്തിയൊൻപതു വർഷം പിന്നിടുന്നു. കുവൈത്ത് അധിനിവേശം നമ്മൾ കേരളത്തിലുള്ളവരേയും ആശങ്കയിലാഴ്ത്തിയിരുന്നു. ആ ആശങ്കയെക്കുറിച്ചും യു.എ.ഇയിലെ പുതിയ ബോട്ട് സർവീസിനെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങളുമായി ഗൾഫ് ദിസ് വീക്കിൻറെ പുതിയ അദ്ധ്യായത്തില്‍.

ഇറാഖിൻറെ കുവൈത്ത് അധിനിവേശവും തുടർന്നുണ്ടായ ഒന്നാം ഗൾഫ് യുദ്ധവും നമ്മൾ മലയാളികൾ നെഞ്ചിടിപ്പോടെ, ആധിയോടെയാണ് ഓർക്കുന്നത്. 1990 ഓഗസ്റ്റ് രണ്ടിലെ യുദ്ധസമാനമായ പുലർകാലത്തിൻറെ ഓർമകളുമായി ഒട്ടേറെ പ്രവാസികൾ ഇവിടെ കുവൈത്തിലുണ്ട്. അവരുടെ ഓർമകളിലൂടെ, ഇരുപത്തിയൊൻപതുവർഷം പിന്നിടുന്ന കുവൈത്ത് അധിനിവേശത്തിൻറെ വാർത്തയാണ് ആദ്യം.

1990 ഓഗസ്റ്റ് രണ്ട്. ശനിയാഴ്ച പുലർകാലം. കുവൈത്തിലെ അമീരി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കു വാർഡിലേക്കു പതിവിലധികംപേർ എത്തിക്കൊണ്ടിരുന്നു. ചേതനയറ്റ ശ്വാസം നിലച്ച ശരീരങ്ങൾ, അംഗഭംഗം വന്ന മറ്റു ചിലർ അങ്ങനെ... അടങ്ങിപ്പിടിച്ച തേങ്ങലുകളും അതിനേക്കാളേറെ ആശങ്കകളും നിറഞ്ഞ അന്തരീക്ഷമായിരുന്നു ആശുപത്രി മുറികളിൽ. എന്താണു സംഭവിക്കുന്നതെന്നു തിരിച്ചറിയും മുൻപ് മുന്നിലെത്തിയ, അപകടനിലയിലുള്ളവരെ പരിചരിക്കുന്നതിൻറെ തിരക്കിലായിരുന്നു കോതമംഗലം സ്വദേശി നഴ്സ് ശാന്ത ചന്ദ്രശേഖരൻ അടക്കമുള്ള നഴ്സുമാരും ഡോക്ടർമാരും. ജീവിക്കുന്ന, മെച്ചപ്പെട്ട ജീവിതസാഹചര്യമൊരുക്കി നൽകുന്ന രാജ്യത്തിൻറെ പരമാധികാരത്തിൻ മേൽ മറ്റൊരു രാജ്യം നടത്തിയ അധിനിവേശമാണ് സംഭവിച്ചതെന്നു മനസിലാക്കാൻ പിന്നെയും മണിക്കൂറുകളെടുത്തു. 

വാരാന്ത്യ അവധിയുടെ ആലസ്യത്തിൽ നിന്നും കുവൈത്ത് ജനത ഉണർന്നത് അധിനിവേശത്തിൻറെ, ആക്രമണത്തിൻറെ ഇരുണ്ട പുലരിയിലേക്കായിരുന്നു. പ്രസിഡൻറ് സദാം ഹുസൈൻറെ നിർദേശപ്രകാരം ഒരു ലക്ഷത്തോളം വരുന്ന ഇറാഖി പട്ടാളക്കാർ എഴുന്നൂറ് യുദ്ധ ടാങ്കുകളുടെ അകമ്പടിയോടെ കുവൈത്തെന്ന കൊച്ചുരാജ്യത്തിലേക്ക് ഇരച്ചുകയറി. ആകാശങ്ങളിൽ ഇറാഖിൻറെ വായൂസേന പട്ടാളവ്യൂഹത്തിനു സമാന്തരമായി നിലകൊണ്ടു. സമാധാനത്തോടെ കഴിഞ്ഞിരുന്ന ഒരു ജനതയ്ക്ക് നിദ്രാവിഹീനമായ രാവുകളായിരുന്നു പിന്നീടങ്ങോട്ട്. സാമ്പത്തികമായി മുന്നിലാണെങ്കിലും സൈനിക ശേഷിയിൽ പിന്നിലുള്ള കുവൈത്തിനെ കീഴടക്കാൻ സദാമിൻറെ പട്ടാളത്തിനു ഏറെ ക്ളേശിക്കേണ്ടി വന്നില്ല. 

അധിനിവേശത്തിനും പലായത്തിനും വിമോചനത്തിനും കുവൈത്തിൻറെ ഉയിർത്തെഴുന്നേൽപിനുമൊക്കെ സാക്ഷ്യം വഹിച്ചവർ ഏറെയുണ്ട്. അവരിൽ ഒട്ടേറെ മലയാളികളുമുണ്ട്. ആയിരത്തിതൊള്ളായിരത്തി എണപതുകളിൽ തന്നെ കുവൈത്തിലെ വിവിധ ആശുപത്രികളിൽ മലയാളി നഴ്സുമാർ സജീവമായിരുന്നു.  1990 ഓഗസ്റ്റ് രണ്ടിനെ ആ ഞെട്ടിക്കുന്ന പ്രഭാതം ഇവിടെയുണ്ടായിരുന്ന മലയാളി നഴ്സുമാർ ഇന്നും ഓർക്കുന്നു. ഓർമിക്കാനൊട്ടും ഇഷ്ടമല്ലാത്ത ഓർമകൾ. 

തലേദിവസം രാത്രി ഡ്യൂട്ടിയിലെത്തിയ നഴ്സുമാർക്ക് വിശ്രമത്തിനു പോലും സമയം കിട്ടിയില്ല. നാലു ദിവസത്തോളം തുടർച്ചയായി സേവനം. എല്ലാം മാറ്റിവച്ചു യുദ്ധത്തിൻറെ, അധിനിവേശത്തിൻറെ മുറിപ്പാടുകളെ വച്ചുകെട്ടുകയായിരുന്നു ഇവർ. പക്ഷേ, പിന്നീടുപ കുറേ നാളുകൾ ക്ഷാമത്തിൻറേതായിരുന്നു. മരുന്നുകളും ഭക്ഷണങ്ങളുമടക്കമുള്ളവയ്ക്കു ക്ഷാമം. 

ആകാശം പതിവിലേറെ കറുത്തിരുണ്ടിരുന്നു ആ രാവിൽ. തകർന്ന കെട്ടിടങ്ങൾ, അതിലേറെ തകർന്ന മനസുകൾ. ശാന്തയുടെ ഭർത്താവ് ഇരിഞ്ഞാലക്കുട സ്വദേശി ചന്ദ്രശേഖരനും അധിനിവേശത്തിൻറെ നേർസാക്ഷിയായിരുന്നു. എന്തൊക്കെയോ പ്രശ്നങ്ങൾ നടക്കുന്നതായി ഭാര്യ ശാന്ത ആശുപത്രിയിൽനിന്ന് വിളിച്ചുപറഞ്ഞത് ചെവിക്കൊള്ളാതെ ആഭ്യന്തമന്ത്രാലയത്തിലെ തൻറെ ജോലിസ്ഥലത്തേക്ക് പുറപ്പെട്ടതായിരുന്നു ചന്ദ്രശേഖരൻ. പിന്നീടാണ് അധിനിവേശം കുവൈത്തിനെ മുറുകിയിരിക്കുന്നുവെന്ന വാർത്തയറിഞ്ഞത്. 

നാട്ടിലേക്കു പോകണമെന്ന ചിന്തയുമായി ഒന്നരമാസം കടന്നുപോയി. ഒടുവിൽ കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളുമായി സെപ്റ്റംബർ 29ന് കുവൈത്തിൽ നിന്ന് പുറപ്പെട്ട് ഇറാഖ് വഴി ജോർദാനിലെ അമ്മാനിലൂടെ മുംബൈയിലേക്ക് വിമാനം കയറി. അങ്ങനെയാണ് നാട്ടിലെത്തിയത്. ഒരു വർഷം കഴിഞ്ഞാണ് പിന്നീട് തിരികെ അമീരി ആശുപത്രിയിലെത്തിയത്. 

1977 മുതൽ കുവൈത്ത് അമീരി ആശുപത്രിയിൽ ജോലിയിലായിരുന്ന ശാന്ത കഴിഞ്ഞ ഏപ്രിലിൽ സർവീസിൽനിന്ന് വിരമിച്ചു. ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗത്തിൽനിന്ന് 2011ൽ ചന്ദ്രശേഖരനും വിരമിച്ചു. കുവൈത്തിൻറെ സ്വാതന്ത്ര്യ്തിനുമേൽ ഇറാഖിൻറെ അധിനിവേശ ശ്രമത്തിന് ഇരുപത്തിയൊൻപതാണ്ടുകൾ പിന്നിടുമ്പോൾ കുവൈത്തിൻറെ മുന്നേറ്റവും അധിനിവേശത്തിൻറെ അരാജകത്വവും വിമോചനവുമെല്ലാം കണ്ടതിൻറെ ഓർമകളുമായാണ് നാട്ടിലേക്കു മടങ്ങാനൊരുങ്ങുകയാണ് ഇരുവരും. 

രണ്ടു ദിവസം കൊണ്ടു കുവൈത്തിനെ പൂർണമായും കീഴടക്കിയ ഇറാഖ്, ഐക്യരാഷ്ട്രസഭയുടേതടക്കമുള്ള എല്ലാ സമാധാനനിർദേശങ്ങളും അവഗണിച്ചു. ഇറാഖുമായി നല്ല ബന്ധമുണ്ടായിരുന്ന ഇന്ത്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും കുവൈത്തിൽ നിന്നും ഇറാഖ് പിൻമാറണമെന്നാവശ്യപ്പെട്ടു. സോവിയറ്റ് യൂണിയൻറേയും അമേരിക്കയുടേതുമടക്കമുള്ള എല്ലാ നിർദേശങ്ങളും സദ്ദാം തള്ളി. തുടർന്ന് 1991 ജനുവരിയിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന സൈനികനടപടി തുടങ്ങി. മൂന്നു മാസത്തോളം നീണ്ട സൈനികനടപടിക്കൊടുവിൽ, പുറത്താക്കപ്പെട്ട കുവൈത്ത് ഭരണാധികാരി മാർച്ച് പതിനഞ്ചിനു സ്വന്തം രാജ്യത്തു തിരികെയെത്തി. സൈനിക നടപടികളിൽ പതറിയ സദ്ദാമിൻറെ സൈന്യം കുവൈത്തിനു സ്വാതന്ത്ര്യമനുവദിച്ചു പിൻവാങ്ങേണ്ടി വന്നു. പക്ഷേ, ഓഗസ്റ്റ് രണ്ടിലെ പുലർകാലത്തു  കുവൈത്തിനെ കൈപ്പിടിയിലൊതുക്കാൻ നടത്തിയ ശ്രമത്തിനു സദ്ദാം എന്ന വിപ്ളവകാരിയായ ഭരണാധികാരിക്കു വലിയ വില കൊടുക്കേണ്ടി വന്നു. രണ്ടായിരത്തി ആറ് ഡിസംബർ മുപ്പതിനു കഴുമരത്തിലവസാനിച്ച ജീവൻറെ വില. 

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...