മുപ്പത്തിയഞ്ചുമിനിട്ടിൽ ഷാർജയിൽ നിന്നും ദുബായിലെത്താം; അതിവേഗ കടത്തുബോട്ട് സേവനം തുടങ്ങി

boatservice
SHARE

ഷാർജയിൽ താമസിച്ചു ദുബായിൽ ജോലി ചെയ്യുന്ന പ്രവാസിമലയാളികളടക്കമുള്ളവർക്ക് ഒരു സന്തോഷവാർത്തയുണ്ട്. മുപ്പത്തിയഞ്ചുമിനിട്ടു കൊണ്ടു ഷാർജയിൽ നിന്നും ദുബായിലെത്താം. ദുബായ് ഷാർജ ജലപാതയിലൂടെ ഇതാദ്യമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി കടത്തുബോട്ട് സേവനം തുടങ്ങിയിരിക്കുന്നു. 

ഷാർജ ദുബായ് റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി കടൽക്കാഴ്ചകണ്ടു യാത്ര ചെയ്യാൻ താൽപര്യമുള്ളവർക്കായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയുടെ സമ്മാനമാണ് ബോട്ട് സർവീസ്. ദുബായ് അൽ ഗുബൈ മറൈൻ സ്റ്റേഷനിൽ നിന്നം ഷാർജ അക്വേറിയം മറൈൻ സ്റ്റേഷനിലേയ്ക്കാണ് സർവീസ്. ഓരോ അര മണിക്കൂറും ഇടവിട്ട് പ്രതിദിനം 42 സർവീസുകളാണുള്ളത്. 35 മിനിറ്റ് ദൈർഘ്യമുള്ള യാത്രയ്ക്ക് 15 ദിർഹം നിരക്കിൽ സിൽവർ ക്ളാസിലും 25 ദിർഹം നിരക്കിൽ ഗോൾഡ് ക്ളാസിലും ടിക്കറ്റെടുക്കാം. നോൽ കാർഡുപയോഗിച്ചും യാത്ര ചെയ്യാൻ സൌകര്യമുണ്ട്. 

ദുബായിൽ നിന്നും രാവിലെ അഞ്ചു പതിനഞ്ചിനും ഷാർജയിൽ നിന്നും രാവിലെ അഞ്ചിനും സർവീസ് ആരംഭിക്കും. ദുബായിൽ നിന്നുള്ള അവസാന സർവീസ് രാത്രി എട്ടിനും ഷാർജയിൽ നിന്നും രാത്രി എഴരയ്ക്കും പുറപ്പെടും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കാത്തിരിപ്പു കേന്ദ്രങ്ങളും ശുചിമുറി, ടിക്കറ്റ് കൗണ്ടറുകൾ, ടിക്കറ്റ് വെൻഡ‍ിങ് മെഷീനുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളാണ് ബോട്ടുകളിൽ ഒരുക്കിയിരിക്കുന്നത്. പരിചയ സമ്പന്നരായ ജീവനക്കാർ, രക്ഷാ പ്രവർത്തകർ, അഗ്നിശമന ഉപകരണങ്ങൾ, ജലമലിനീകരണ നിർമാർജനം എന്നിവ ശ്രദ്ധേയമാണ്. ലൈഫ് ജാക്കറ്റുകൾ, മറൈൻ റഡാർ, കടലാഴം അളക്കാനുള്ള ഉപകരണം, ഇലക്ട്രോണിക് മാപ്പുകൾ, നിരീക്ഷണ ഉപകരണങ്ങൾ തുടങ്ങിയവയും ബോട്ടിനുള്ളിലുണ്ട്. 

ഗതാഗതതടസങ്ങളില്ലാതെ സമയനിഷ്ടതയോടെയാണ് സർവീസ്. ഉദ്ഘാടനം ചെയ്തു ഒരാഴ്ചയ്ക്കകം തന്നെ പ്രവാസിമലയാളികളടക്കമുള്ളവർക്ക് സർവീസ് പ്രിയങ്കരമായിത്തുടങ്ങി. നിശ്ചയദാർഡ്യ വിഭാഗക്കാർക്കും അഞ്ചു വയസിന് താഴെയുള്ള കുട്ടികൾക്കും സൗജന്യയാത്ര അനുവദിക്കുമെന്നു ആർ.ടി.എ അറിയിച്ചു. ഫെറി സർവീസ് ദുബായ് മെട്രോ, ബസ്, ടാക്സിയുമായി ബന്ധിപ്പിക്കും. ഷാർജ മറൈൻ സ്റ്റേഷനിൽ നിന്ന് മറ്റു ഭാഗങ്ങളിലേയ്ക്ക് കൂടുതൽ ബസ് സർവീസുകൾ തുടങ്ങും. അൽ മജാസിലൂടെ കോർണിഷ് വഴിയായിരിക്കും സർവീസ്. ഭാവിയിൽ കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് ഷട്ടിൽ ബസ് സർവീസുകൾ ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിക്കുന്നു. ഫെറി ഉപയോഗിക്കുന്നവരുടെ സൗകര്യത്തിനായി 300 സൗജന്യ പാർക്കിങ് സ്ലോട്ടുകളും ഒരുക്കിയിട്ടുണ്ട്. മികച്ച സുരക്ഷാക്രമീകരണങ്ങളും പരിചയസമ്പന്നരായ ജീവനക്കാരുമാണ് ബോട്ടിലുള്ളത്. 

ഷാർജയിൽ താമസിച്ച് ദുബായിൽ ജോലി ചെയ്യുന്ന സാധാരണക്കാർക്ക് ട്രാഫിക് തടസ്സങ്ങളിൽപ്പെടാതെ യാത്ര ചെയ്യാൻ ഫെറി സർവീസ് ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷ.  ആദ്യമായാണ് ദുബായിയെ മറ്റൊരു എമിറേറ്റുമായി ബന്ധിപ്പിച്ചുള്ള ജലയാത്രാ സംവിധാനം. പ്രതിവർഷം 13 ലക്ഷം പേർക്ക് ഇൗ ഫെറി സർവീസിലൂടെ യാത്ര ചെയ്യാൻ സാധിക്കും. യാത്രക്കാരുടെ എണ്ണം വർധിക്കുകയാണെങ്കിൽ സർവീസും അധികമാക്കുമെന്നു ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ ഉറപ്പുനൽകുന്നു.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...